ADVERTISEMENT

ആലക്കോട് ∙ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഉദയഗിരി പഞ്ചായത്തിന്റെ അതിർത്തിയിൽ ഉയർത്തുന്ന ഭീഷണിയെ അതിജീവിക്കാൻ സോളർ തൂക്കുവേലി സ്ഥാപിക്കുന്നു. വനാതിർത്തിയായ 13.5 കിലോമീറ്റർ ദൂരം മുഴുവൻ തൂക്കുവേലി നിർമിക്കാനാണ് ലക്ഷ്യം. പത്തു വർഷം മുൻപ് ഈ ഭാഗങ്ങളിൽ സോളർവേലി നിർമിച്ചിരുന്നുവെങ്കിലും ഫലപ്രദമായിരുന്നില്ല.

ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലി പ്രവർത്തനരഹിതമായ നിലയിൽ.
ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലി പ്രവർത്തനരഹിതമായ നിലയിൽ.

പണി തുടങ്ങി
ആദ്യഘട്ടത്തിൽ നിർമിക്കുന്ന 9 കിലോമീറ്റർ ഭാഗത്ത് പ്രാരംഭ പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്ത് വക 10 ലക്ഷം, പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം എന്നിങ്ങനെ തുക ചേർത്ത് 75 ലക്ഷം രൂപ ചെലവിട്ടാണ് ആദ്യഘട്ടം നിർമിക്കുന്നത്. ശേഷിക്കുന്ന നാലര കിലോമീറ്റർ തൂക്കുവേലിക്ക് വേണ്ടിവരുന്ന 36 ലക്ഷം രൂപ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എംഎൽഎ ഫണ്ടുകൾ എന്നിവയിൽ നിന്നു കണ്ടെത്തും.

വേലി നിർമിക്കുന്ന ഭാഗങ്ങളിലെ കാടുവെട്ടിത്തെളിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമിയിൽ ഏറെയും. കാടുതെളിക്കൽ കരാറിൽ ഇല്ലാത്തതിനാൽ നാട്ടുകാരാണ് ചെയ്യുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള ഭാഗത്തെ ഓടകളും മുളകളും മറ്റു മൃദുല മരങ്ങളും അവരുടെ മേൽനോട്ടത്തിലും മുറിച്ചുമാറ്റാൻ തുടങ്ങിയിട്ടുണ്ട്. 

വനംവകുപ്പ് കരാർ നൽകിയാണ് ഇവ മുറിച്ചുമാറ്റുന്നത്. കാടുതെളിക്കൽ പൂർത്തിയാവുന്നതോടെ തൂക്കുവേലി നിർമാണം ആരംഭിക്കും.

പ്രതീക്ഷയോടെ നാട്ടുകാർ
സോളർ തൂക്കുവേലി നിർമാണത്തിൽ ദീർഘകാല പരിചയമുള്ള നാച്വറൽ ഫെൻസ് കമ്പനിയാണ് ഇവിടെ വേലി നിർമിക്കുന്നത്. ഒരു വർഷമാണ് പ്രവൃത്തി പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയം. കാട്ടാനകൾക്കു പുറമേ സമീപനാളുകളിൽ കടുവയും പുലിയും ഇറങ്ങിയതിനാൽ വനാതിർത്തി മേഖലകൾ ആശങ്കയിലായിരുന്നു. വന്യജീവികൾക്ക് തകർക്കാൻ കഴിയില്ല എന്നതിനാൽ, തൂക്കുവേലി പൂർത്തിയാകുന്നതോടെ ഈ ആശങ്കകൾ മാറുമെന്നാണു പ്രതീക്ഷ.

ഉദയഗിരി പഞ്ചായത്തിന്റെ അതിർത്തികളായ മഞ്ഞപ്പല്ല് മുതൽ ജോസ്ഗിരി വരെയാണ് തൂക്കുവേലി നിർമിക്കുന്നത്. മലമ്പ്രദേശങ്ങളായ അപ്പർ ചീക്കാട്, ലോവർ ചീക്കാട്, നമ്പ്യാർമല, മാമ്പോയിൽ, ജയഗിരി, ജോസ്ഗിരി, മധുവനം എന്നിവിടങ്ങളിലൂടെയാണ് വേലി കടന്നു പോകുന്നത്. ഈ പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ ശല്യം കൂടുതലും. 

തൂക്കുവേലിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കർഷകർ
കാട്ടാനശല്യം ഏറ്റവും കൂടുതലുള്ള മലയോര പഞ്ചായത്തുകളിലൊന്നാണ് ഉദയഗിരി. പത്തുവർഷം മുൻപ് നിർമിച്ച സോളർ വേലിയുടെ അനുഭവം തന്നെയായിരിക്കുമോ തൂക്കുവേലിക്കും എന്ന ചോദ്യം കർഷകർ ചോദിക്കുന്നുണ്ട്. 

2014ലായിരുന്നു സോളർ വേലി നിർമിച്ചത്. എന്നാൽ ഇതിനുശേഷം വേലി സംരക്ഷിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. സോളർ വേലി കാടുകയറുമ്പോൾ വൃത്തിയാക്കാത്തതും കേടുവരുന്ന ബാറ്ററി പുനഃസ്ഥാപിക്കാത്തതുമാണ് വേലി പ്രവർത്തനരഹിതമാകാൻ കാരണം. ഇതേ അവസ്ഥ തൂക്കുവേലിക്ക് ഉണ്ടാകരുതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കൃഷിയെ ആശ്രയിച്ച് കഴിയുന്ന നാട്
51.84 ചതുര കിലോമീറ്റർ വിസ്തൃതിയുള്ള ഉദയഗിരി പഞ്ചായത്തിൽ നാലായിരത്തോളം കർഷകരുണ്ട്. ഇവരിൽ പകുതി പേരും വന്യമൃഗ ശല്യം നേരിടുന്നവരാണ്. മുന്നു പതിറ്റാണ്ടിനിടയിൽ നൂറു കണക്കിന് തെങ്ങും ആയിരക്കണക്കിന് കമുകും പതിനായിരക്കണക്കിനു വാഴയും കാട്ടാനകൾ നശിപ്പിച്ചു. 25 കുടുംബങ്ങൾ താമസം മാറി. കൃഷിയിടങ്ങളോടു ചേർന്ന വനത്തിൽ ദിവസങ്ങളോളം തമ്പടിച്ചാണ് രാത്രികാലങ്ങളിൽ കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വിതയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com