ലേശം ഓഹരിയെടുക്കട്ടെ; വേണ്ട, വേണ്ടാത്തോണ്ടാ!

Mail This Article
കണ്ണൂർ ∙ വ്യാജ ഓൺലൈൻ ഓഹരിക്കച്ചവടത്തിൽപെട്ട് ജില്ലയിൽനിന്നുള്ളവർക്കു നഷ്ടപ്പെട്ടത് കോടികൾ. ജില്ലയിൽ നിന്നുള്ളവർ ഇരകളാകുന്ന ഓൺലൈൻ തട്ടിപ്പുകളിലേറെയും ഓഹരിക്കച്ചവടത്തിന്റെ പേരിലുള്ളതാണെന്നും പ്രായം ചെന്നവർ ഓൺലൈൻ തട്ടിപ്പിന് ഇരകളാകുന്നതു വർധിക്കുന്നതായും സൈബർ പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇക്കൊല്ലം ഇതുവരെ സൈബർ പൊലീസ് റജിസ്റ്റർ ചെയ്തത് 5.08 കോടി രൂപയുടെ 17 കേസുകളാണ്.
ഇതിൽ, ഓൺലൈൻ വ്യാജ ഓഹരി വ്യാപാരത്തട്ടിപ്പിൽ 6 പേർക്കു നഷ്ടപ്പെട്ടത് 3.68 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തുക നഷ്ടപ്പെട്ടത് തലശ്ശേരി നെട്ടൂർ സ്വദേശികളായ ദമ്പതികൾക്കാണ്: 1.57 കോടി. പ്രവാസിയുടെ ഭാര്യയായ അറുപത്തിനാലുകാരിയുടെ പരാതിയിലാണു കേസെടുത്തിരിക്കുന്നത്. ഭാര്യയുടെ അക്കൗണ്ടിലെ പണം ഭർത്താവാണു കൈകാര്യം ചെയ്തത്. ഭർത്താവിനെ, വാട്സാപ് ഗ്രൂപ്പിൽ ചേർത്ത്, ഓഹരി വ്യാപാരത്തിന്റെ പേരിൽ പറ്റിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 13നും ഈമാസം ഏഴിനുമിടയിൽ പ്രതികളുടെ മുപ്പതോളം അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചത്. ലാഭമടക്കം 2.75 കോടി രൂപയായെന്നു പ്രതികൾ സന്ദേശം അയച്ചിരുന്നു. തുടർന്നു പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണു പരാതി നൽകിയത്. സ്വർണത്തിന്റെ ഓൺലൈൻ വ്യാപാരമെന്ന പേരിൽ ചിറയ്ക്കൽ സ്വദേശിക്കു 2 തവണയായി നഷ്ടപ്പെട്ടത് 58 ലക്ഷത്തോളം രൂപയാണ്.
മുണ്ടയാട് സ്വദേശിക്ക് 26.65 ലക്ഷം രൂപയും ന്യൂമാഹി സ്വദേശിക്ക് 32.50 ലക്ഷം രൂപയും മേലെചൊവ്വ സ്വദേശിക്ക് 89.54 ലക്ഷം രൂപയും മാങ്ങാട്ടിടം സ്വദേശിനിക്ക് 32.30 ലക്ഷം രൂപയും പള്ളിക്കുളം സ്വദേശിക്ക് 29..25 ലക്ഷം രൂപയും ഏതാണ്ടു സമാനമായ രീതിയിൽ നഷ്ടപ്പെട്ടു. ടെലിഗ്രാം ആപ്, വാട്സാപ് എന്നിവ വഴിയാണ് ഇരകളെ വലയിലാക്കുന്നത്. വൻ വരുമാനമാണു വാഗ്ദാനം ചെയ്യുക. തുടർന്ന്, തട്ടിപ്പുകാരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാനും ആവശ്യപ്പെടും.
പണിയല്ല, കെണിയാണ്
പാർട്‌ടൈം ജോലി വാഗ്ദാനം, പ്രമുഖ കമ്പനികളുടെ ഡീലർഷിപ്, നിക്ഷേപത്തിനു ചുരുങ്ങിയ കാലത്തേക്കു വൻ പലിശ എന്നിവയ്ക്കു പുറമേ, ഓൺലൈൻ പ്രണയക്കെണിയിൽപെടുത്തിയും തട്ടിപ്പു നടത്തിയിട്ടുണ്ട്. അസർബൈജാനിലെ അഭിഭാഷകനെന്നു ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി, പ്രണയം നടിച്ചാണ് പാലയാട് സ്വദേശിനിയിൽ നിന്ന് 10.59 ലക്ഷം രൂപ തട്ടിയെടുത്തത്. കംബോഡിയയിൽ നിന്നുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായത് 6 പേർ
ജില്ലയിൽ പണം നഷ്ടപ്പെട്ട 17 പരാതിക്കാരിൽ 10 പേർ പുരുഷന്മാരും 7 പേർ വനിതകളുമാണ്. മലയാളികളുൾപ്പെടെ 6 പേർ ഇത്രയും കേസുകളിൽ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.