ജനസമ്മതിയുടെ വിജയപത്രിക ഏറ്റുവാങ്ങി സുധാകരൻ

Mail This Article
കണ്ണൂർ∙ ‘‘ഇത്രയും സമാധാനപരമായൊരു തിരഞ്ഞെടുപ്പു സമയത്ത് എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?’’ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന കലക്ടർ അരുൺ കെ.വിജയനോട് നിയുക്ത എംപി കെ.സുധാകരൻ ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. ‘‘കണ്ണൂരിലെ തിരഞ്ഞെടുപ്പ് എന്നാൽ അക്രമവും ബോംബേറുമൊക്കെയാണെന്നാണു മറ്റുള്ളവരുടെ ധാരണ. ഇത്രയും ശാന്തമായും ഭംഗിയായും ഒരു തിരഞ്ഞെടുപ്പ് ഇവിടെയുണ്ടായിട്ടുണ്ടാകില്ല’’. സുധാകരൻ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ കലക്ടറും എഡിഎം കെ.നവീൻബാബുവും യുഡിഎഫ് നേതാക്കളും ശരിവച്ചു.
കണ്ണൂർ മണ്ഡലത്തിലെ വിജയപത്രിക കലക്ടറിൽ നിന്നു കൈപ്പറ്റാൻ എത്തിയതായിരുന്നു കെ.സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ വിജയപത്രിക കൈമാറാറുണ്ടെങ്കിലും ഫലംപ്രഖ്യാപിക്കാൻ വൈകിയതിനാൽ അടുത്തദിവസത്തേക്കു മാറ്റുകയായിരുന്നു. യുഡിഎഫ് നേതാക്കളായ മാർട്ടിൻ ജോർജ്, ടി.ഒ.മോഹനൻ, സുരേഷ്ബാബു എളയാവൂർ, കോർപറേഷൻ മേയർ മുസ്‍ലിഹ് മഠത്തിൽ, ഡപ്യൂട്ടി മേയർ പി.ഇന്ദിര എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേശീയപാതയിൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കാൻ ഉടൻ ഇടപെടലുണ്ടാകണമെന്നായിരുന്നു കലക്ടർക്ക് നിയുക്ത എംപിയോടു പറയാനുണ്ടായിരുന്നത്.
ദേശീയപാതയിലെ പ്രശ്നവും കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന സർവീസിനുള്ള അനുമതിക്കുമാണ് ആദ്യം ശ്രമിക്കുകയെന്ന് സുധാകരൻ ഉറപ്പു നൽകി.
വിജയപത്രിക കൈപ്പറ്റിയ ശേഷം കലക്ടറേറ്റ് വളപ്പിൽ പ്ലാവിൻതൈ നട്ടാണു സുധാകരൻ മടങ്ങിയത്. കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു തൈ നടൽ. കലക്ടറേറ്റിൽ നിന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും മറ്റു നേതാക്കളുമായുള്ള ചർച്ച. തുടർന്നു വീട്ടിലേക്ക്. ഇന്നലെ പൊതുപരിപാടികളൊന്നുമില്ലാത്ത വിശ്രമദിവസമായിരുന്നു സുധാകരന്. ഇന്നു മുതൽ വീണ്ടും തിരക്കുകളുടെ നാളുകളാണ്. വൈകിട്ട് ഡൽഹിയിലേക്കു പോകും. 8,9 തീയതികളിൽ ഡൽഹിയിലും തിരുവനന്തപുരത്തും പാർട്ടി യോഗങ്ങളാണ്. 10 മുതൽ 15 വരെ നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം.
യുഡിഎഫ് യോഗം 8ന്
കണ്ണൂർ∙ യുഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങൾ, നിയമസഭാ മണ്ഡലം ചെയർമാൻ, കൺവീനർമാർ എന്നിവരുടെ യോഗം 8ന് 10.30ന് ഡിസിസി ഓഫിസിൽ ചേരുമെന്ന് ചെയർമാൻ പി.ടി.മാത്യു, കൺവീനർ അബ്ദുൽ കരീം ചേലേരി എന്നിവർ അറിയിച്ചു.
നന്ദി പറഞ്ഞു തുടങ്ങുന്നത് പിണറായിയുടെ മണ്ഡലത്തിൽ നിന്ന്
ലോക്സഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നൽകിയ ജനങ്ങളെ കാണാൻ സുധാകരൻ പര്യടനം തുടങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തുനിന്നാണ് തുടക്കം. 10ന് ധർമടം, 11ന് മട്ടന്നൂർ, 12ന് തളിപ്പറമ്പ്, 13ന് പേരാവൂർ, 14ന് ഇരിക്കൂർ, 15ന് കണ്ണൂർ, അഴീക്കോട് എന്നിങ്ങനെയാണു പര്യടനം.