ADVERTISEMENT

കണ്ണൂർ ∙ ജില്ലയിൽ വ്യാപകമായി എൽഡിഎഫ് വോട്ടുകൾ ചോർന്നതിനു പിന്നിൽ സംസ്ഥാന ഭരണവിരുദ്ധ വികാരം ഉൾപ്പെടെ കാരണമായെന്നു വിലയിരുത്തൽ. സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തോന്നലുളവാക്കുന്നതായിരുന്നു പ്രചാരണം.ഇത് പരമ്പരാഗത വോട്ടർമാരിൽ അപ്രീതിയുണ്ടാക്കി. സാമൂഹിക ക്ഷേമപെൻഷനുകൾ കുടിശികയായതും സംസ്ഥാന സർക്കാർ വകുപ്പുകളിൽ പലതും കാര്യക്ഷമമല്ലാത്തും വീഴ്ചയ്ക്ക് ആക്കം കൂട്ടിയതായി നേതൃത്വം അനൗപചാരികമായി വിലയിരുത്തുന്നു. പുറത്തു പറയുന്ന കാരണങ്ങൾ മറ്റു ചിലതാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലിനു ശേഷം ജില്ലാ കമ്മിറ്റികളിലും അതിനു താഴെയുള്ള കമ്മിറ്റികളിലും വിശദ പരിശോധന നടക്കും.എന്തു വിലകൊടുത്തും കാസർകോട്, കണ്ണൂർ, വടകര മണ്ഡലങ്ങൾ പിടിച്ചെടുക്കണമെന്ന ലക്ഷ്യമായിരുന്നു സിപിഎമ്മിന്. എംഎൽഎയും മുൻ മന്ത്രിയുമായ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയെയും കാസർകോട്, കണ്ണൂർ ജില്ലാ സെക്രട്ടറിമാരായ എം.വി.ബാലകൃഷ്ണൻ, എം.വി.ജയരാജൻ എന്നിവരെയും രംഗത്തിറക്കിയതിന്റെ കാരണം ഇതായിരുന്നു. 

പാർട്ടി വോട്ടുകൾ സുരക്ഷിതമാണെന്നു വിലയിരുത്തിയ നേതൃത്വം പാർട്ടിക്കു പുറത്തുള്ള വോട്ടുകൾ സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനായിരുന്നു ശ്രമം. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ നിരവധി തവണ ഗൃഹസന്ദർശന പരിപാടി നടത്തിയിട്ടും ജനങ്ങളുടെ മനസ്സിലിരിപ്പ് അറിയുന്നതിൽ പാർട്ടി ഘടകങ്ങൾ ദയനീയമായി പരാജയപ്പെട്ടു. ഇത്തരം സംഘടനാപരമായ ദൗർബല്യങ്ങൾ പരാജയത്തിനു കാരണമായോയെന്നു പരിശോധിക്കും.എപി സുന്നികളിൽ ഒരു വിഭാഗത്തിന്റെ വോട്ട് എൽഡിഎഫിനു കിട്ടിക്കൊണ്ടിരുന്നതാണ്. ഇകെ വിഭാഗത്തിന്റെ വോട്ടുകൂടി നേടാൻ നടത്തിയ ശ്രമങ്ങൾ എപി സുന്നികൾക്കിടയിൽ അതൃപ്തിയുണ്ടാക്കി. സിപിഎമ്മിന്റെ ഇത്തരം ഇടപെടലുകൾ ന്യൂനപക്ഷ പ്രീണനമായി വിലയിരുത്തപ്പെട്ടു. ഇതോടെ ചിലയിടങ്ങളിൽ പരമ്പരാഗത വോട്ടുകൾ ചോർന്നു. എപി വിഭാഗത്തിൽ നിന്നോ ഇകെ വിഭാഗത്തിൽ നിന്നോ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചതുമില്ല. ദേശീയ രാഷ്ട്രീയ സാഹചര്യം കൂടി വിലയിരുത്തപ്പെട്ടതോടെ ന്യൂനപക്ഷങ്ങളുടെയാകെ പിന്തുണ യുഡിഎഫിനു ലഭിച്ചു.
പുറമേ സമ്മതിക്കുന്നില്ലെങ്കിലും സംസ്ഥാന ഭരണവിരുദ്ധ വികാരമുണ്ടായതായി നേതാക്കൾ വിലയിരുത്തുന്നു. വൻകിട പദ്ധതികൾക്ക് വാരിക്കോരി ചെലവഴിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ മുടങ്ങുകയും ചെയ്തതു തിരിച്ചടിയായി. ദരിദ്ര ഇടത്തരം വിഭാഗങ്ങളെ സർക്കാർ ഗൗനിക്കുന്നില്ലെന്നു വന്നത് ഇത്തരം ആളുകളെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇത്തരക്കാരുടെ വോട്ടുകളാണ് ബിജെപിക്കും യുഡിഎഫിനും ലഭിച്ചത്. പാർട്ടിക്ക് ഷോക്ക് ട്രീറ്റ്മെന്റ് നൽകുകയെന്ന ചിന്തയാവാം ഇവരെ നയിച്ചതെന്നു നേതാക്കൾ സംശയിക്കുന്നു.

രാജ്യത്ത് ബിജെപിവിരുദ്ധ ചേരിക്ക് ഉണർവുണ്ടായത് ശുഭസൂചനയായി കാണുമ്പോഴും രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന വികാരം അണികൾക്കുണ്ട്. സാമ്പത്തിക ഞെരുക്കം കേന്ദ്ര സൃഷ്ടിയാണെന്ന് അണികളോടു പറയുമ്പോഴും സംസ്ഥാന ഭരണതലത്തിലെ ആഡംബരങ്ങൾക്കു കുറവു വരുത്താതിരുന്നതു തിരിച്ചടിയായി. അധികാരത്തിലേറ്റിയവരെ സർക്കാർ മറന്നുവെന്ന തോന്നലുണ്ടാക്കാൻ ഇതുകാരണമായി.സമൂഹമാധ്യമങ്ങളിൽ പാർട്ടി അനുഭാവികളെന്ന് അവകാശപ്പെടുന്നവർ നടത്തുന്ന ഇടപെടലുകൾ ദോഷകരമായോയെന്നും പ്രാദേശിക വിഭാഗീയത പോലുള്ള സംഘടനാ വിഷയങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com