ആശങ്കയുടെ പാതയായി തലശ്ശേരി–മാഹി ബൈപാസ്; അധികൃതർ ഇടപെട്ടില്ലെങ്കിൽ ഇനിയും രക്തമൊഴുകും

Mail This Article
മാഹി ∙ അപകടമരണങ്ങൾ തുടർക്കഥയായതോടെ തലശ്ശേരി–മാഹി ബൈപാസ് ആശങ്കയുടെ പാതയായി മാറുന്നു. ട്രാഫിക് നിയമം ലംഘനത്തിന്റെയും നിയമം അറിയാത്തതിന്റെയും ഫലമാണ് അപകടങ്ങളെല്ലാം. മുഴപ്പിലങ്ങാട് നിന്നും ആരംഭിച്ച് കോഴിക്കോട് അഴിയൂരിൽ അവസാനിക്കുന്ന ബൈപാസ് പാതയോരത്ത് വാഹനങ്ങൾ നിർത്തുന്നത് നിയമ ലംഘനമാണ്. കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കിയത് എരഞ്ഞോളി ചോനാടത്ത് ബൈപാസ് റോഡ് അരികിൽ നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ മിനി ലോറി ഇടിച്ചുണ്ടായ അപകടമാണ്.
റെയിൽവേ മേൽപാലത്തിനു സമീപം സർവീസ് റോഡ് ബൈപാസിൽ പ്രവേശിക്കുന്ന സ്ഥലം, പള്ളൂരിൽ മേൽപാലത്തിനു പടിഞ്ഞാറു ഭാഗം എരഞ്ഞോളി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും വലിയ ലോറികളും കല്ല് കയറ്റി പോകുന്ന ലോറികളും, കണ്ടെയ്നറുകളും നിർത്തിയിടുന്നത്. സർവീസ് റോഡ് ബന്ധപ്പെടുന്ന ബൈപാസ് റോഡ് അരികിൽ ഫാസ്റ്റ് ട്രാക്ക് താൽക്കാലിക ബൂത്തുകളും ഡ്രൈവർമാരുടെ കണ്ണൊന്ന് തെറ്റിയാൽ അപകടം വരുത്തുന്നതാണ്.
മൊബൈൽ പൊലീസ് സംവിധാനം നിലവിൽ വന്നാൽ മാത്രമേ അത്തരത്തിലുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കാനാവുകയുള്ളൂ. അധികൃതർ എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കിൽ ബൈപാസിൽ ഇനിയും രക്തമൊഴുകും.