ADVERTISEMENT

ഇരിട്ടി∙ ആറളത്തെ ‘ഓപ്പറേഷൻ എലിഫന്റ്’ അഞ്ചാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി 29 ആനകളെ കൂടി കാട് കയറ്റി. ഇതോടെ 4 മാസത്തിനിടെ 5 ഘട്ടങ്ങളിലായി, ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച 73 ആനകളെയാണ് തുരത്തിയത്. അഞ്ചാം ഘട്ടത്തിന്റെ 3–ാം ദിനമായ ഇന്നലെ പുനരധിവാസ മേഖലയായ ബ്ലോക്ക് 12 ൽ 9 ആനകളെ കൂടി തുരത്തി. ഒന്നാം ദിനത്തിൽ ഒരു കൊമ്പനെയും രണ്ടാം ദിനത്തിൽ കുട്ടികൾ ഉൾപ്പെടെ 19 ആനകളെയും ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി ഓടിക്കാനായി.കഴിഞ്ഞ 3 ദിവസത്തിനിടെ 3 തവണയാണ് കാട്ടാനക്കൂട്ടം ദൗത്യ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചത്.ദൗത്യ സംഘം സഞ്ചരിച്ച ട്രാക്ടർ കുത്തിമറിച്ചിടാൻ ശ്രമിച്ചെങ്കിലും പിന്നോട്ടെടുത്തു മാറിയതിനാൽ രക്ഷപ്പെട്ടു.

യന്ത്ര അറക്കവാൾ പ്രവർത്തിപ്പിച്ചും പടക്കം പൊട്ടിച്ചും ഏറെ ശ്രമകരമായാണ് കാട്ടാനകളെ അകറ്റിയത്. ബ്ലോക്ക് 3, 4, 6 എന്നിവിടങ്ങളിലായി കണ്ടെത്തിയ കാട്ടാനകളെ നിരന്നപാറ, ഓടക്കാട്, വട്ടക്കാട്, താളിപ്പാറ വഴി റോഡ് മുറിച്ചു കടത്തി കോട്ടപ്പാറ, പുളിംതട്ട് വഴിയാണു ആറളം വന്യജീവി സങ്കേതത്തിലേക്കു കയറ്റി വിട്ടത്. തിരിച്ചു വരാതിരിക്കാൻ വൈദ്യുതി വേലി ചാർജും ചെയ്തു.

പുനരധിവാസ മേഖലയിലെ ബ്ലോക്ക് 12 ൽ 3 ആനകളും ഫാം കൃഷിയിടത്തിൽ 5 കൊമ്പൻമാരും കൂടി ഇനിയും അവശേഷിച്ചിട്ടുള്ളതായാണു ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. 8 വരെ നീളുന്ന 5–ാം ഘട്ടം പൂ‍ർത്തിയാകുമ്പോൾ ഇവയെ കൂടി ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ചു ഫാം കൃഷിയിടവും പുനരധിവാസ മേഖലയും സംരക്ഷിക്കുകയാണ് ലക്ഷ്യം. കാട്ടാന ശല്യം രൂക്ഷമായതോടെ സബ് കലക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ – ജനകീയ കമ്മിറ്റി യോഗം തീരുമാനം അനുസരിച്ചാണ് ആന തുരത്തൽ ഘട്ടം ഘട്ടമായി നടപ്പാക്കാൻ തീരുമാനിച്ചത്.

5–ാം ഘട്ടം ആനതുരത്തലിനു ആറളം ഫാം അഡ്മിനിസ്ട്രേറ്റർ ഡോ. കെ.പി.നിധീഷ് കുമാർ, ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, ഫോറസ്റ്റർമാരായ സി.കെ.മഹേഷ്, പ്രകാശൻ, ഫാം സെക്യൂരിറ്റി ഓഫിസർ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ഫാം തൊഴിലാളികളും സെക്യൂരിറ്റി ജീവനക്കാരും ചെത്ത് തൊഴിലാളികളും ഉൾപ്പെടുന്ന 45 അംഗമാണ് രംഗത്തുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com