കുടുംബശ്രീ സർഗോത്സവം: താളം മുറിയാതെ കണ്ണൂർ; രണ്ടാം സ്ഥാനം
Mail This Article
കണ്ണൂർ∙ ഒരു മാസമായി നാടൻപാട്ടു പാടിയും നാടോടിനൃത്തം ചെയ്തും വീട്ടമ്മമാർ പരിശീലനം തുടങ്ങിയിട്ട്. അതിനുള്ള ഫലവും ഉണ്ടായി. കാസർകോട് കാലിക്കടവിൽ നടന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ കണ്ണൂരിലെ കലാകാരികൾ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞവർഷം മൂന്നാം സ്ഥാനത്തായിരുന്ന കണ്ണൂർ ഒരു പടികൂടി കടന്ന സന്തോഷത്തിലാണ്.
നാടൻപാട്ട്, തിരുവാതിര, മാപ്പിളപ്പാട്ട്, കൊളാഷ് , കവിത രചന മലയാളം, ചിത്രരചന ജലചായം (അയൽക്കൂട്ടം), കേരളനടനം, സംഘനൃത്തം, സംഘഗാനം, കഥാപ്രസംഗം, മോണോ ആക്ട്, ട്രിപ്പിൾ ജാസ്, ലളിതഗാനം, തബല, മാർഗംകളി, കവിതപാരായണം, കന്നഡ, അറബിക് കഥാരചന, കവിതാ പാരായണം മലയാളം (ഓക്‌സിലറി) എന്നിവയിൽ ലഭിച്ച ഒന്നാം സ്ഥാനമാണ് കണ്ണൂരിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. നാടൻപാട്ടിൽ പെരളശ്ശേരി സിഡിഎസും തിരുവാതിരക്കളിയിൽ ചെങ്ങളായി സിഡിഎസും സംഘനൃത്തത്തിൽ തലശ്ശേരി സിഡിഎസും ആണ് ജില്ലയ്ക്കായി ജയം നേടിയത്. 300 കലാകാരികളാണ് ജില്ലയ്ക്കായി അണിനിരന്നത്.
കാസർകോട് ജേതാക്കൾ
കാലിക്കടവ് ∙ കുടുംബശ്രീ സംസ്ഥാന സർഗോത്സവമായ ‘അരങ്ങി’ൽ കാസർകോട് (209 പോയിന്റ്) ജേതാക്കളായി. കാസർകോടിന്റെ തുടർച്ചയായ അഞ്ചാം കിരീടനേട്ടമാണിത്. കണ്ണൂരും (185) തൃശൂരുമാണ് (96) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സമാപനസമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു.