ADVERTISEMENT

പയ്യന്നൂർ∙ കാലവർഷം കനിഞ്ഞപ്പോൾ നെൽവയലിൽ കർഷകരും സജീവമായി. കുറെ വർഷങ്ങളായി ജൂൺ മാസം ആവശ്യത്തിന് മഴ കിട്ടാത്തത് നെൽക്കർഷകരെ ദുരിതത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ വർഷം മഴ കിട്ടാത്തതിനാൽ ഒന്നാം വിള കൃഷിയിറക്കിയത് വയലിൽ വെള്ളം പമ്പ് ചെയ്തും മറ്റുമായിരുന്നു. എന്നാൽ ഇത്തവണ ജൂൺ ആദ്യം തന്നെ വയലുകളിൽ ആവശ്യത്തിന് മഴ ലഭിച്ചപ്പോൾ കർഷകർ വലിയ തോതിൽ  ഒന്നാം വിള കൃഷിയിറക്കി.

സാധാരണ നെൽവിത്ത് വിതയ്ക്കുകയാണ് പതിവെങ്കിൽ ഇത്തവണ ഞാറ് തയാറാക്കി നട്ടാണ് കർഷകർ ഭൂരിഭാഗവും കൃഷിയിറക്കിയത്. ആഴ്ചകളായി കർഷകർ നാട്ടി നടുന്ന തിരക്കിലാണ്. പരമ്പരാഗത രീതിയിൽ നാട്ടി നടുന്ന കർഷകരും കുറവല്ല. രാവിലെ തലച്ചുമടായി കുട്ടയിൽ വളവുമായി വന്ന് വയലിൽ വളമിട്ട് ഞാറ് നടുന്ന പഴയ രീതി പല സ്ഥലങ്ങളിലും തുടർന്ന് വരുന്നുണ്ട്.  അതേ സമയം മെഷീൻ ഉപയോഗിച്ച് ഞാറ് നടുന്ന രീതിയും കുറവല്ല. ഇതാണ് കൂടുതൽ കർഷകരും ഇപ്പോൾ ചെയ്യുന്നത്.

ഞാറ് തയാറാക്കി നിശ്ചിത അളവിൽ ഞാറ്റടി കട്ട് ചെയ്ത് കൊടുത്താൽ മെഷീൻ കൃത്യതയോടെ അവ നടും. അതുകൊണ്ട് ഞാറ് നടാൻ തൊഴിലാളികളെ തേടി നടക്കേണ്ടതില്ല. ഒട്ടേറെ കർഷകർ  ഞാറ് നടാൻ അതിഥിത്തൊഴിലാളികളെ ജോലിക്ക് എടുക്കുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെ 35 അംഗ സംഘം കൊൽക്കത്തയിൽ നിന്നാണ് ഇവിടെയെത്തിയത്. 

 20 വർഷമായി പാലക്കാട് കേന്ദ്രീകരിച്ച്  ജോലി ചെയ്യുന്ന ഇവർ 12 വർഷമായി നമ്മുടെ നാട്ടിലെ വയലുകളിൽ ഞാറ് നടന്നു. നേരത്തെ രണ്ടാം വിള കൃഷിക്കാണ് ഇവരെ കൂടുതലായി ഉപയോഗിച്ചതെങ്കിൽ ഇപ്പോൾ ഒന്നാം വിള കൃഷിക്കും ഇവരെ ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പയ്യന്നൂർ മേഖലയിൽ ഇവർ ഞാറ് നടുന്നു. 

ഏക്കറിന്  സംഖ്യ നിശ്ചയിച്ച് കരാർ നൽകിയാണ് അതിഥിത്തൊഴിലാളികളെ ഈ തൊഴിൽ ഏൽപിക്കുന്നത്. കൊടക്കാട് ബാങ്ക് ഈ രംഗത്ത് നമ്മുടെ സ്ത്രീകളെ കൊണ്ടു വരുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആ പദ്ധതിയിൽ ആനിക്കാടി പാടശേഖര സമിതി 40 ഏക്കർ  വയലിൽ കൃഷി നടത്തുന്നുണ്ട്.

ഞാറ് നടാൻ നാട്ടിലെ സ്ത്രീകൾക്ക് കരാർ കൊടുത്തു. ഏക്കറിന് സംഖ്യ നിശ്ചയിച്ചാണ് കരാർ നൽകിയത്. വലിയൊരു സംഘം സ്ത്രീകൾ അവിടെ ഞാറ് നടുന്നു. ഈ പരീക്ഷണം വിജയിച്ചാൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് പകരം നമ്മുടെ നാട്ടിലെ സ്ത്രീകളെ കരാർ അടിസ്ഥാനത്തിൽ ഈ ജോലി ഏൽപിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com