കുഴിയും വെള്ളക്കെട്ടും; ദുരിതമായി ധർമശാല ജംക്‌ഷൻ

Mail This Article
ധർമശാല∙ വൻ കുഴികളും ചെളി നിറഞ്ഞ സർവീസ് റോഡുമായി ധർമശാല ജംക്‌ഷൻ ജനങ്ങൾക്ക് ദുരിതമാകുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്കും വിസ്മയ പാർക്ക്, ഗവ എൻജിനീയറിങ് കോളജ്, വിവിധ വ്യവസായ സ്ഥാപനങ്ങൾ എന്നിവയിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകേണ്ട ദേശീയ പാതയോരത്തെ പറശ്ശിനിക്കടവ് റോഡ് ജംക്‌ഷനിലെ വലിയ കുഴി വാഹനങ്ങൾക്ക് അപകട ഭീഷണിക്കൊപ്പം ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്.
കാറുകൾക്കും ഓട്ടോറിക്ഷകൾക്കും കടന്നുപോകാൻ സാധിക്കാത്ത നിലയിലാണ് കുഴിയുള്ളത്. ഇതോടൊപ്പം കെഎപി ക്യാംപിന്റെ ഗേറ്റിന് മുൻപിലുള്ള തളിപ്പറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡ് ചെളി നിറഞ്ഞ നിലയിലാണ്. മഴ പെയ്താൽ ഇവിടെ നിർമാണം നടക്കുന്ന മേൽപാലത്തിൽ നിന്നുള്ള ചെളി ഉൾപ്പെടെ ഇവിടെ സർവീസ് റോഡിലേക്കാണ് ഒഴുകിയെത്തുന്നത്.വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ ബസ് കാത്തുനിൽക്കുന്ന സ്ഥലമാണിത്. ചെളി വെള്ളത്തിലൂടെയാണ് വിദ്യാർഥികൾ ബസുകളിൽ കയറിപ്പറ്റേണ്ടത്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് ഒഴുകി പോകാൻ വഴിയില്ലാത്തതാണ് ദുരിതത്തിന് ഇടയാക്കുന്നത്.