വീണ്ടും ഓൺലൈൻ തട്ടിപ്പ്; നഷ്ടമായത് 1.9 കോടി രൂപ
Mail This Article
കണ്ണൂർ∙ ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ കണ്ണൂരിലെ ഡോക്ടർക്കു നഷ്ടമായത് 1.9 കോടി രൂപ. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭമുണ്ടാകുമെന്ന് സമൂഹമാധ്യമം വഴി ലഭിച്ച സന്ദേശത്തെ തുടർന്നാണ് ഇദ്ദേഹം ഓൺലൈൻ ഷെയർ ട്രേഡിങ് തുടങ്ങിയത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് 71 വയസ്സുകാരനായ ഡോക്ടർ 1.9 കോടി രൂപ നിക്ഷേപിച്ചത്. പറഞ്ഞ ലാഭമൊന്നും കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്.
കണ്ണൂർ സിറ്റി സൈബർ ക്രൈം ഓഫിസിൽ നൽകിയ പരാതിയിൽ കേസെടുത്തു.ഈ വർഷം ജനുവരി മുതൽ ഇതുവരെ ജില്ലയിൽ മാത്രം ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ നടന്നത് 16.5 കോടിയുടെ തട്ടിപ്പുകളാണ്. കണ്ണൂർ സിറ്റി, റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾക്കു കീഴിൽ ലഭിച്ചത് എണ്ണൂറിലേറെ പരാതികൾ. ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതിൽ കണ്ണൂർ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്.
പരാതി നൽകാം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ അറിയിക്കണം. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി റജിസ്റ്റർ ചെയ്യാം. പരാതി ലഭിച്ചാൽ ഇവർ പണം കൈമാറിയ അക്കൗണ്ടുകൾ ബാങ്കുകൾ മരവിപ്പിക്കും.