തനിച്ചു താമസിക്കുന്ന വയോധികന് രാത്രി കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്

Mail This Article
ചെറുപുഴ ∙ വനത്തിനു സമീപം പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച വീട്ടിൽ തനിച്ചുതാമസിക്കുന്ന വയോധികനെ രാത്രി കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ മറിഞ്ഞുവീണ കട്ടിലിനടിയിൽ ബോധംകെട്ടുകിടന്ന ഇയാളെ രാവിലെ ബന്ധുക്കളും അയൽക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചെറുപുഴ പഞ്ചായത്ത് 5-ാം വാർഡിൽപെട്ട ആറാട്ടുകടവിലെ കാണിക്കാരൻ കുഞ്ഞിരാമന് (89) ആണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ നാലോടെ എത്തിയ കാട്ടാന കുഞ്ഞിരാമൻ താമസിക്കുന്ന വീട് തകർത്തു. വീട്ടിലുണ്ടായിരുന്ന അരിയും സാധനങ്ങളും കാട്ടാന നശിപ്പിച്ച ആന സമീപത്തെ വാഴകളും മറ്റും നശിപ്പിച്ച ശേഷമാണു മടങ്ങിയത്. കട്ടിലിൽനിന്നു വീണാണ് കുഞ്ഞിരാമനു പരുക്കേറ്റത്. രാവിലെ ബന്ധുക്കളും സമീപവാസികളും വന്നു നോക്കിയപ്പോഴാണു കുഞ്ഞിരാമൻ താഴെ വീണു കിടക്കുന്നതു കണ്ടത്. അവരാണ് ആശുപത്രിയിൽ എത്തിച്ചത്.
ആറാട്ടുകടവിന്റെ ഒരുഭാഗം കർണാടക വനവും മറുഭാഗം കുലംകുത്തിയൊഴുകുന്ന തേജസ്വിനിപ്പുഴയുമാണ്. കർണാടക വനത്തോട് ചേർന്നു കിടക്കുന്ന റോഡിൽ മഴക്കാലത്ത് കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണ്. ഇതുമൂലം പുരുഷൻമാർ പുഴ നീന്തിക്കടന്നു ഇക്കരെ എത്തി വേണം വീട്ടുസാധനങ്ങൾ വാങ്ങാൻ. മുൻപ് ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്ന ഇവിടെ 4 കുടുംബങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്.