ആർടിഒയും പൊലീസും സ്വരം കടുപ്പിച്ചു; ബസുകൾ വഴങ്ങി

Mail This Article
എടക്കാട്∙ ആർടിഒയും പൊലീസും കർശന നിർദേശം നൽകി. കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ സർവീസ് റോഡിലൂടെ തന്നെ ഓടി തുടങ്ങി. എടക്കാട് മുതൽ മുഴപ്പിലങ്ങാട് വരെ ദേശീയപാത നിർമാണത്തോടനുബന്ധിച്ചുള്ള സർവീസ് റോഡിന്റെ പ്രവർത്തി നടക്കുമ്പോൾ എടക്കാട് ടൗണിലൂടെയുള്ള പഴയ ദേശീയപാത റോഡ് അടച്ച് താൽക്കാലികമായി ദേശീയപാതയുടെ പ്രധാന റോഡിലൂടെ ബസുകളെ കടത്തിവിട്ടിരുന്നു.
തുടർന്ന് എടക്കാട് ടൗൺ ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്ക് ടൗണിൽ നിന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് വരെ നടന്ന് അവിടെ നിന്ന് ഉയരത്തിലുള്ള പുതിയ ദേശീയപാതയിൽ കയറി വേണമായിരുന്നു ബസുകളിൽ കയറാൻ. മാത്രമല്ല ആറുവരി ദേശീയപാതയുടെ മധ്യത്തിലായിരുന്നു യാത്രക്കാർക്ക് ബസ് കാത്തു നിൽക്കേണ്ടി വന്നിരുന്നത്. യാത്രാക്ലേശം രൂക്ഷമായപ്പോൾ യാത്രക്കാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ അടച്ച എടക്കാട് ടൗൺ റോഡ് തുറന്ന് കൊടുത്തിട്ടും ബസുകൾ പുതിയ ദേശീയപാതയിലൂടെ തന്നെ ഓടി. നിരന്തരം പരാതിപ്പെട്ടിട്ടും ഫലമില്ലാതായപ്പോൾ എടക്കാട് ടൗൺ ട്രാഫിക് ജാഗ്രതാ സമിതി ആർടിഒ, പൊലീസ് എന്നിവർക്ക് പരാതി നൽകി.
തുടർന്ന് പൊലീസും ആർടിഒയും സ്ഥലം സന്ദർശിച്ച് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം മനസ്സിലാക്കി. തുടർന്നാണ് റൂട്ടിലോടുന്ന ബസുകളോട് എടക്കാട് ടൗൺ റോഡിലൂടെ തന്നെ തലശ്ശേരി ഭാഗത്തേക്ക് ഓടാൻ കർശന നിർദേശം നൽകിയത്. തുടർന്നും പാലിക്കുന്നില്ലെങ്കിൽ കർശന നടപടികളെടുക്കുമെന്ന് ആർടിഒ പറഞ്ഞതായി യാത്രക്കാർ പറഞ്ഞു.