ഇരിട്ടി പഴയപാലത്തിന്റെ തൂണിൽ തോലമ്പ്ര സ്വദേശി; അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

Mail This Article
ഇരിട്ടി∙ ഇരിട്ടി പഴയ പാലത്തിന്റെ കരിങ്കൽ തൂണിൽ രാത്രി ഇറങ്ങി നിന്നു പരിഭ്രാന്തി സൃഷ്ടിച്ച തോലമ്പ്ര സ്വദേശിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പാലത്തിന്റെ ഇരുമ്പ് ബീമുകൾക്കിടയിലൂടെ താഴെ തട്ടിൽ ഉള്ള കരിങ്കൽ തൂണിൽ അപകടകരമായി ഇറങ്ങി നിന്ന ബിജി ജോണി (52) നെയാണു ഇരിട്ടി അഗ്നിരക്ഷാ നിലയം അധികൃതർ എത്തി രക്ഷിച്ചത്. ഇന്നലെ രാത്രി 8 നാണ് സംഭവം.ഇരുട്ടിൽ തൂണിൽ ഇറങ്ങി നിൽക്കുന്നയാളെ പാലത്തിലൂടെ കടന്നു പോയ യാത്രക്കാർ ശ്രദ്ധിച്ചതാണു രക്ഷയായത്.
ഇവർ വിവരം അറിയിച്ചതനുസരിച്ചാണു അഗ്നിരക്ഷാ സേന എത്തിയത്. കാലപ്പഴക്കവും മഴയും മൂലം തെന്നുന്ന നിലയിലാണ് തൂണിന്റെ ഉപരിതലം ഉള്ളത്. കാൽ തെന്നിയാൽ വലിയ താഴ്ചയിൽ കനത്ത മഴയിൽ കുത്തിയൊലിക്കുന്ന ഇരിട്ടി പുഴയിലാണു പതിക്കുക. അഗ്നിരക്ഷാ സേനയുടെ സമയോചിതവും സാഹസികവും ആയ രക്ഷാപ്രവർത്തനം മൂലം ആണു വൻ ദുരന്തം ഒഴിവായത്. ലീഡിങ് ഫയർമാൻ കെ.വി.തോമസ്, നൗഷാദ്, രോഷിത്ത്, അരുൺ, ഷാലോ സത്യൻ എന്നിവരടങ്ങുന്ന സംഘം തൂണിൽ ഇറങ്ങി വടത്തിൽ ബന്ധിച്ചു ബിജി ജോണിനെ പുറത്തെത്തിക്കുകയായിരുന്നു.