ദുരൂഹതകളുടെ ഒളിയിടമായി പൂവംപുഴ; പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തോമാച്ചേട്ടനെ കിട്ടിയില്ല

Mail This Article
ഇരിട്ടി∙ കഴിഞ്ഞ ദിവസം 2 കോളജ് വിദ്യാർഥിനികളെ ഒഴുക്കിൽപെട്ടു കാണാതായ പൂവംപുഴ ദുരൂഹതകളുടെ ഒളിയിടമായി തുടരുന്നു. ‘പോതി നിരങ്ങിയ കുണ്ടെ’ന്ന പേടിപ്പെടുത്തുന്ന പേരിൽ അറിയപ്പെട്ടിരുന്ന പൂവംപുഴ പഴമക്കാരുടെ ഓർമയിൽ ഒറ്റയ്ക്ക് പോകാൻ ഭയപ്പെട്ടിരുന്ന പ്രദേശമായിരുന്നു. പുവം പുഴയോടു ചേർന്നു റബർ ഗവേഷണ കേന്ദ്രവും സമീപ പ്രദേശങ്ങളിൽ ആൾത്താമസവും ഇപ്പോൾ ഇക്കോ ടൂറിസം പദ്ധതിയും വന്നതോടെയാണ് ജനങ്ങൾ ഭയമില്ലാതെ ഈ പ്രദേശത്ത് എത്തിത്തുടങ്ങിയത്.

മാങ്കുഴി സ്വദേശി തോമാച്ചേട്ടൻ എന്ന വയോധികനെ പൂവംപുഴയിൽ കാണാതായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കണ്ടു കിട്ടിയില്ല. അദ്ദേഹത്തിന്റെ വസ്ത്രവും ചെരിപ്പും മാത്രമാണ് ആകെ ലഭിച്ചത്. കുപ്രസിദ്ധമായ പൂളക്കുറ്റി ബാങ്ക് കവർച്ചക്കേസിലെ പ്രതികൾ മോഷ്ടിച്ച ബാങ്കിന്റെ ഷെൽഫ് കിലോമീറ്ററുകൾ അകലെ സുരക്ഷിതമായി പുഴയിൽ താഴ്ത്തുന്നതിനു പ്രതികൾ കണ്ടെത്തിയ സ്ഥലവും പൂവം പുഴയായിരുന്നു. പിന്നീട് ഷെൽഫ് പൊലീസ് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
പടിയൂർ സ്വദേശി ബാബുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതും ഇതേ സ്ഥലത്തായിരുന്നു. വർഷങ്ങളുടെ ഇടവേളയിൽ ഉളിക്കൽ സ്വദേശിയായ യുവാവും കർണാടക സ്വദേശിയും കുറ്റ്യാടി സ്വദേശിയും ഇവിടെ മുങ്ങി മരിച്ചിരുന്നു. രണ്ടാഴ്ച മുൻപ് പാനൂർ സ്വദേശി ഐടി കമ്പനി ജീവനക്കാരൻ മുങ്ങി മരിച്ചതും പൂവംപുഴയിൽ നിന്നും അധികം ദൂരെയല്ലാത്ത എടക്കാനം വ്യൂ പോയിന്റിലായിരുന്നു. ഇദ്ദേഹത്തെ മൂന്നാം ദിവസമാണ് കണ്ടെത്തിയത്.
പുഴയെ നന്നായി അറിയുന്നവരും ഒട്ടും അറിയാതെ ദൂരെ ദിക്കുകളിൽ നിന്നെത്തുന്നവരും ഒരു പോലെ ഇവിടെ അപകടത്തിൽപെടുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥിനികൾ കരയോട് ചേർന്ന ഭാഗത്ത് പുഴയിൽ ഇറങ്ങി നിൽക്കുന്നിതിനിടെ പൊടുന്നനെയാണു ആഴങ്ങളിലേക്കു ഒഴുകിപ്പോയത്. പുഴയിലേക്ക് ഇറങ്ങുന്ന വഴിയിൽ അപകട മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലപ്പഴക്കം മൂലം ബോർഡ് വായിച്ചെടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.