ADVERTISEMENT

ഇരിട്ടി ∙ ഷഹർബാനയും സൂര്യയും മടങ്ങിവരുമെന്ന നാടിന്റെ പ്രർഥനയോടെയുള്ള കാത്തിരിപ്പ് രണ്ട് പകലും രണ്ട് രാത്രിയും പിന്നിടുന്നു. പൂവംപുഴയുടെ ആഴങ്ങളിലേക്ക് ഇരുവരും ഇറങ്ങി പോയതു മുതൽ ബന്ധുക്കളും സഹപാഠികളും നാട്ടുകാരും കാത്തിരിക്കുകയാണ് ഇവരുടെ മടങ്ങി വരവ് കാത്ത്. ചെവ്വാഴ്ച വൈകിട്ട് 4 മണിക്കു പൂവംപുഴയുടെ ആഴങ്ങളേലക്ക് കൈവിട്ടു പോയ ഇരുവരെയും തിരഞ്ഞ് അഗ്നി രക്ഷ സേനയുടെ സ്കൂബ സംഘവും മേഖലയിലെ മുങ്ങൽ വിദഗ്ധരും വിശ്രമമില്ലാതെ കോരിച്ചൊരിയുന്ന മഴയും കുത്തൊഴുക്കും വകവയ്ക്കാതെ ആഴങ്ങളിലിറങ്ങി തിരയുകയാണ്. പുഴക്കരയിൽ തടിച്ചു കൂടുന്ന അമ്മമാരും കുട്ടികളും കൂട്ടുകാരും  പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ഇന്നു രാവിലെ വീണ്ടും ഇരുവർക്കുമായി തിരച്ചിൽ ആരംഭിക്കും. 

അഗ്നി രക്ഷാ സേന വിഭാഗങ്ങളിൽ നിന്നുള്ള സ്‌കൂബാ സംഘവും മേഖലയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും തുടർച്ചയായ 2ാം ദിവസവും നടത്തിയ തിരച്ചിൽ വിഫലമായി. പൂവം കടവ് മുതൽ 3 കിലോമീറ്ററോളം ചുറ്റളവിലാണ് തിരച്ചിൽ നടത്തിയത്. ഇരിക്കൂർ സ്വകാര്യ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിനികളായ എടയന്നൂരിലെ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാന(28), ചക്കരക്കൽ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ സൂര്യ(23) എന്നിവരാണ് ഒഴുക്കിൽപെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

ഇരിട്ടി അഗ്നി രക്ഷാസേന ചൊവ്വാഴ്ച്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുതൽ അഗ്നി രക്ഷാ സേന സ്‌കൂബാ സംഘം  പഴശ്ശി അണക്കെട്ട് വരെ തിരച്ചിൽ നടത്തി. പുഴയിൽ അടി ഒഴുക്ക് ശക്തമാണ്. വിദ്യാർഥിനികൾ മുങ്ങിപ്പോയി എന്ന് ദൃക്‌സാക്ഷികൾ പറയുന്ന സ്ഥലത്ത് പുഴയ്ക്കു പത്ത് മീറ്ററിലധികം ആഴമുണ്ട്. തണുപ്പും ശക്തമായ മഴയും കലക്കവെള്ളത്തിന്റെ ഒഴുക്കും മൂലം മുങ്ങൽ വിദഗ്ധർക്കു അടിത്തട്ട് വരെ മുങ്ങിയെത്താൻ വിഷമമാണ്. 

ഒഴുക്കിന്റെ ശക്തിയിൽ പദ്ധതിയുടെ ഷട്ടർ വഴി വളപട്ടണം പുഴയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത മുൻ നിർത്തി, പുഴയുടെ ഭാഗമായ നായിക്കാലി ഭാഗത്തും പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇപ്പോൾ നടത്തുന്ന തിരച്ചിലിൽ കൂടുതലൊന്നും മറ്റ് സംവിധാനങ്ങൾ എത്തിച്ചാലും സാധ്യമാകില്ലെന്ന നിഗമനത്തിലാണു രക്ഷ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നവർ. ആവശ്യമെങ്കിൽ എൻഡിആർഎഫിന്റെയും നാവികസേനയുടെയും സഹായം തേടുന്ന കാര്യം പരിശോധിക്കുമെന്നു എഡിഎം നവീൻ ബാബു പറഞ്ഞു.

∙അപകടം നടന്ന പൂവംപുഴക്കരിയിലേക്കു രാഷ്ട്രീയ പാർട്ടി നേതാക്കളും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും എത്തിയതോടെ അപകടം നടന്ന പൂവംപുഴക്കരയും സമീപത്തെ റോഡും വാഹനങ്ങളും ജനങ്ങളെയും കൊണ്ട് നിറഞ്ഞു. രാവിലെ മുതൽ വൈകിട്ടു തിരച്ചിൽ അവസാനിപ്പിക്കുന്നതുവരെ പ്രതീക്ഷയോടെ ജനങ്ങൾ പുഴക്കരിയിലേക്കു എത്തിക്കൊണ്ടിരുന്നു. ജനപ്രതിനിധികളുടെ വലിയ നിരയും രക്ഷാപ്രവർത്തനത്തിനു എത്തിയിരുന്നു.

കെ.സുധാകരൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, സിപിഎം ജില്ല സെക്രട്ടറി എം.വി.ജയരാജൻ, ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദീൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ്പ്രസിഡന്റ് എം.വിനോദ്കുമാർ, അജയൻ പായം, പി.സിനോജ്, കെ.പി.ബാബു തുടങ്ങി രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എഡിഎം നവീൻ ബാബു, തഹസിൽദാർ വി.എസ.് ലാലി മോൾ, ഡപ്യൂട്ടി തഹസിൽദാർ സിജോയി.കെ.പോൾ, എൻ.കെ മനോജ്, പടിയൂർ, പായം , വില്ലേജ് ഓഫിസർമാർ, വിവിധ അഗ്നിരക്ഷാ നിലയം ഓഫിസർമാർ, ഇരിക്കൂർ, ഇരിട്ടി പൊലീസ് സ്‌റ്റേഷൻ ഓഫിസർമാർ എന്നിവരും രക്ഷാപ്രവർത്തനത്തിനു എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com