ബസിൽ കയറുന്നതിനിടെ വിദ്യാർഥിനി വീണ സംഭവം: പാനൂർ ബസ് സ്റ്റാൻഡിൽ ഇനി പൊലീസ് കരുതൽ

Mail This Article
പാനൂർ∙ കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് സ്കൂൾ വിദ്യാർഥിനി വീണുപരുക്കേറ്റ സംഭവത്തെ തുടർന്ന് സ്കൂൾ സമയങ്ങളിൽ പാനൂർ ബസ് സ്റ്റാൻഡിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കി. ഇന്നലെ ബസിലേക്ക് വിദ്യാർഥികൾ കയറിയത് പൊലീസ് സാന്നിധ്യത്തിലായിരുന്നു.
ബസിൽ കയറുന്നതിനിടെ ബെല്ലടിച്ചപ്പോൾ മുന്നോട്ടു നീങ്ങിയ സ്വകാര്യബസ്സിൽ നിന്ന് വീണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിക്കു പരുക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് പിടിഎയുടെ നേതൃത്വത്തിൽ വിദ്യാർഥികളെത്തി പരാതി നൽകിയതാണ്. പരാതി നൽകാൻ സ്റ്റേഷനിലേക്കു വിദ്യാർഥികളെയും അധ്യാപകരെയും അനുഗമിച്ച പിടിഎ പ്രസിഡന്റിനെ ഭീഷണപ്പെടുത്തിയ സംഭവത്തിലും പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. വിദ്യാർഥി വീണു പരുക്കേറ്റ സംഭവത്തിൽ കേസെടുത്തു.
വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ നിലപാടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് രാവിലെയും വൈകിട്ടും ബസ് സ്റ്റാൻഡിൽ പൊലീസിനെ നിയോഗിച്ചത്.