ആറളത്ത് വനത്തിൽനിന്ന് ആനകൾ തിരിച്ചെത്തി; 21 ആനകളെ വീണ്ടും കാടുകയറ്റി

Mail This Article
ഇരിട്ടി ∙ ആറളം വന്യജീവി സങ്കേതത്തിൽനിന്നു വീണ്ടും ഫാം പുനരധിവാസ മേഖലയിൽ തിരിച്ചെത്തിയ കാട്ടാനക്കൂട്ടത്തെ വനപാലകർ കാടുകയറ്റി. കൊമ്പനും കുട്ടികളും ഉൾപ്പെടെ 3 കൂട്ടങ്ങളായി ഉണ്ടായിരുന്ന 21 ആനകളെയാണ് ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെ നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതത്തിലേക്കുതന്നെ തുരത്തിയത്. 6 മണിക്കൂർ നീണ്ട തുരത്തൽ യജ്ഞത്തിനിടെ പലതവണ ആനക്കൂട്ടം വനപാലകർക്ക് നേരെ തിരിഞ്ഞു. യന്ത്ര അറക്കവാൾ പ്രവർത്തിപ്പിച്ചും പടക്കം പൊട്ടിച്ചും ഇവയെ ഏറെ ശ്രമകരമായാണു കാട് കയറ്റിയത്.
ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യത്തിൽ 5–ാം ഘട്ടങ്ങളിലായി 4 മാസത്തിനിടെ 73 ആനകളെ വന്യജീവി സങ്കേതത്തിലേക്കു തുരത്തിയിരുന്നു. ഇവ തിരികെ ഫാമിൽ കടക്കാതിരിക്കാൻ താൽക്കാലിക വൈദ്യുതി വേലിയും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വേലിയിൽ മരങ്ങൾ വീണും മറ്റും തകരാർ സംഭവിച്ചു. ആർആർടി കേടുപാട് പരിഹരിച്ചിരുന്നു എങ്കിലും ഇതിനിടെ ആനകൾ ഫാമിലേക്കു തിരികെ കയറിയെന്നാണു നിഗമനം. കോട്ടപ്പാറ മേഖലയിൽ ആനകൾ തമ്പടിച്ചിട്ടുള്ളതായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണു ഇന്നലെ ആന തുരത്തൽ നടത്തിയത്. വൈദ്യുതി വേലി പൊളിച്ച് ആനകളെ കാടുകയറ്റിയശേഷം വീണ്ടും പുനർനിർമിച്ചു ചാർജ് ചെയ്തു. മേഖലയിൽ നിരീക്ഷണം തുടരുമെന്ന് ആർആർടി അറിയിച്ചു.