മാലിന്യ സംസ്കരണത്തിൽ പിഴവ്: സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
Mail This Article
കണ്ണൂർ∙ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ തദ്ദേശ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനു പറവൂരിലെ എംഎം ന്യൂഫാം ഉടമയ്ക്ക് 10000 രൂപയും ജൈവ അജൈവ മാലിന്യം കൂട്ടിക്കലർത്തി കല്ലുവെട്ട് കുഴിയിൽ മണ്ണിട്ടു മൂടിയതിനും മലിന ജലം ഒഴുക്കിവിട്ടതിനും നിരപ്പേൽ ഫാം ഉടമ എം.എം.അനിൽകുമാറിന് ഇരുപതിനായിരം രൂപയും പിഴ ചുമത്തി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടൽ മാലിന്യം ശേഖരിച്ചു കൊണ്ടാണ് പന്നികൾക്കുള്ള തീറ്റ ശേഖരിക്കുന്നത്. എന്നാൽ ജൈവ മാലിന്യം ശേഖരിക്കുന്നതിന് പകരം തരം തിരിക്കാത്ത മാലിന്യം ഫാമിലേക്ക് കൊണ്ടുവരികയും പന്നികൾ ഭക്ഷിക്കാത്ത പ്ലാസ്റ്റിക് കൂട്ടിയിട്ട് എം.എം ന്യൂ ഫാമിൽ കത്തിക്കുകയും ചെയ്യുന്നതായി സ്ക്വാഡ് കണ്ടെത്തി.
നിരപ്പേൽ ഫാം ഉടമ ചെങ്കൽ ക്വാറിയിൽ നിക്ഷേപിച്ച ശേഷം മണ്ണിട്ട് മൂടിയ അജൈവ മാലിന്യങ്ങൾ വീണ്ടെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കാനും എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. ഹരിത കർമസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം നൽകാതെ ഹോട്ടലുകളിൽ നിന്നും ഭക്ഷണ മാലിന്യവുമായി കൂട്ടിക്കലർത്തി പന്നി ഫാമുകളിലേക്ക് നൽകുന്ന കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പന്നി ഫാമുകളിൽ പരിശോധന നടത്തിയത്. പന്നി ഫാമിലേക്ക് ഭക്ഷണ മാലിന്യം നൽകുന്ന ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഹരിതകർമസേനയ്ക് പ്ലാസ്റ്റിക് കൈമാറാത്തതിനു സഫയർ ഹോട്ടലിന് 10,000 രൂപ പിഴ ചുമത്തിയിരുന്നു. തുടർനടപടികൾ സ്വീകരിക്കാൻ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന് ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി.