ADVERTISEMENT

ഇരിട്ടി ∙ പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ കോളജ് വിദ്യാർഥികളായ ഷഹർബാനയുടെയും സൂര്യയുടെയും മൃതദേഹങ്ങൾ  കണ്ടെത്തി. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്നു 150 മീറ്ററോളം മാറി ഷഹർബാനയുടെ മൃതദേഹം രാവിലെ ഒൻപതോടെ കണ്ടെത്തി. ഉച്ചയോടെ സൂര്യയുടെ മൃതദേഹവും കണ്ടെത്തി.ഇരിക്കൂർ സിക്ബാ കോളജിലെ അവസാന വർഷ സൈക്കോളജി വിദ്യാർഥിനികളാണ് എടയന്നൂരിലെ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാന (28), ചക്കരക്കൽ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ സൂര്യ (23) എന്നിവരാണു ചൊവ്വാഴ്ച ഒഴുക്കിൽപെട്ടത്. 

പടിയൂരിലെ സഹപാഠിയുടെ വീട്ടിലെത്തിയ ഇവർ പുഴക്കടവിൽ എത്തിയപ്പോഴാണ് അപകടം. ചൊവ്വാഴ്ച വൈകിട്ടു മുതൽ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ സംഘങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ  30 അംഗ ദേശീയ ദുരന്ത നിവാരണ സേനയും തിരച്ചിലിനെത്തി. ദുരന്ത നിവാരണ സേന പുഴയുടെ അടിത്തട്ടിൽ എത്തുംവിധം ഓളങ്ങൾ ഉണ്ടാക്കി ഒരു മണിക്കൂറിനകം ഷഹർബാനയുടെ മൃതദേഹം പൊങ്ങിവന്നു. ഷഹർബാനയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തുനിന്നു 50മീറ്ററോളം മാറി പാറക്കെട്ടുകൾക്കിടയിൽനിന്ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ അഗ്നിരക്ഷാ സേനയാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. 

സൂര്യ, ഷഹർബാന.
സൂര്യ, ഷഹർബാന.

എടയന്നൂരിലെ വീട്ടിലെത്തിച്ച ഷഹർബാനയുടെ മൃതദേഹം എടയന്നൂർ ജുമാമസ്ജിദിൽ കബറടക്കി. സൂര്യയുടെ മൃതദേഹം ചക്കരക്കൽ നാലാംപീടികയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം അഞ്ചരക്കണ്ടി പഞ്ചായത്തു ശ്മശാനത്തിൽ സംസ്കരിച്ചു. എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും ഹഫ്‌സത്തിന്റെയും മകളാണ് ഷഹർബാന. ഭർത്താവ് ഷഫീഖ(ചെന്നൈ). സഹോദരങ്ങൾ: ആയിഷ, ഷുഹൈബ്. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ പ്രദീഷിന്റെയും സൗമ്യയുടേയും മകളാണ് സൂര്യ.  സഹോദരി ശ്രീബാല (പ്ലസ് വൺ വിദ്യാർഥിനി).

കാത്തിരിപ്പിനൊടുവിൽ 
ഒറ്റപ്പെടലിന്റെ തീരത്തായി ഷഫീക്
മട്ടന്നൂർ ∙ ഷഹർബാനയുടെ ഭർത്താവ് ഷഫീക് 2 ദിവസമായി പടിയൂർ പൂവം പുഴക്കരയിൽ തന്നെയായിരുന്നു. സഹോദരൻ ഷുഹൈബും കൂടെയുണ്ടായിരുന്നു. ഷഹർബാന ജീവനോടെ തിരിച്ചു വരും എന്നു തന്നെയായിരുന്നു ആദ്യ മണിക്കൂറികുകളിലെ പ്രതീക്ഷ. ഒന്നാം ദിവസം തിരച്ചിൽ ആവസാനിപ്പിച്ചതോടെ പ്രതീക്ഷ മങ്ങി. ഒരു നോക്കു കാണാൻ കഴിയണേ എന്ന പ്രാർഥനയിലായിരുന്നു കുടുംബം മുഴുവൻ. പക്ഷേ, പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി ഷഹർബാന യാത്രയായി. 

പടിയൂർ പൂവം പുഴയിൽ മുങ്ങി മരിച്ച എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹം 
വീട്ടിലെത്തിച്ചപ്പോൾ.
പടിയൂർ പൂവം പുഴയിൽ മുങ്ങി മരിച്ച എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹം 
വീട്ടിലെത്തിച്ചപ്പോൾ.

മൃതദേഹം പുഴയിൽ നിന്നു കിട്ടിയതു മുതൽ ആശുപത്രിയിൽ നിന്നു വീട്ടിലെത്തിക്കും വരെ ഭർത്താവും സഹോദരനും ഷഹർബാനയെ അനുഗമിച്ചു. പിതാവ് മുഹമ്മദ്‌ കുഞ്ഞി മരിച്ച് അധികനാൾ കഴിയുന്നതിനു മുൻപേയാണു മകളുടെ വിയോഗം. വേദന താങ്ങാനാകാതെ തളർന്ന മാതാവ് ഹഫ്‌സതിനെയും സഹോദരി ആയിഷയെയും ആശ്വസിപ്പിക്കേണ്ടതെങ്ങനെയെന്നറിയാതെ കൂടെ നിന്നവർ കുഴങ്ങി. 

‘ഞങ്ങൾക്കിടയിലെ താരം അവളായിരുന്നു’ കൂട്ടുകാരികളിലൊരാൾ പറഞ്ഞു.  ‘കോളജിലെ മൂന്നാം വർഷ പെൺകുട്ടികൾക്കിടയിലെ താരമായിരുന്നു അവൾ. എല്ലാവരെയും കൂട്ടിയോജിപ്പിച്ചിരുന്നവൾ, സൗഹൃദങ്ങളെ ചേർത്തു പിടിച്ചവൾ.  ഇനി ഞങ്ങൾക്കിടയിൽ അവൾ ഇല്ലെന്ന് വിശ്വസിക്കാൻ ആകുന്നില്ല. ’.ഷഹർബാനയുടെ സംസ്കാരം ഇന്നലെ നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് 2.30നാണു മൃതദേഹം എടയന്നൂരിലെ ഹഫ്സത്ത് മൻസിലിൽ എത്തിച്ചത്. മണിക്കൂറുകൾക്കു മുൻപേ തന്നെ പ്രിയ കൂട്ടുകാരിയെ കാണാൻ സഹപാഠികളും പ്രിയപ്പെട്ട ശിഷ്യയെ കാണാൻ അധ്യാപകരും എത്തിയിരുന്നു. 

വീട്ടിനുള്ളിൽ രണ്ടു മിനിറ്റ് വച്ച ശേഷം മൃതദേഹം എടയന്നൂർ ജുമാ മസ്ജിലേക്ക് കൊണ്ടുപോയി. തുടർന്നു മയ്യത്ത് നിസ്കാരത്തിനു ശേഷം ഖബറടക്കി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ.ചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.രതീഷ്, മട്ടന്നൂർ നഗരസഭ വൈസ് ചെയർപഴ്സൻ ഒ.പ്രീത, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, വൈസ് പ്രസിഡന്റ് കെ.അനിൽ കുമാർ, അൻസാരി തില്ലങ്കേരി, ഇ.പി.ഷംസുദ്ദീൻ, രാജീവ് എളയാവൂർ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ 
വീട്ടിലെത്തിയിരുന്നു.

കണ്ണീർക്കയത്തിൽ... പടിയൂർ പൂവംകടവിൽ മുങ്ങിമരിച്ച ചക്കരക്കൽ നാലാംപീടികയിലെ സൂര്യയുടെ മൃതദേഹം അമ്മ സൗമ്യയെ കാണിച്ചപ്പോൾ.
കണ്ണീർക്കയത്തിൽ... പടിയൂർ പൂവംകടവിൽ മുങ്ങിമരിച്ച ചക്കരക്കൽ നാലാംപീടികയിലെ സൂര്യയുടെ മൃതദേഹം അമ്മ സൗമ്യയെ കാണിച്ചപ്പോൾ.

സൂര്യയ്ക്ക് യാത്രാമൊഴിയേകാൻ നാടൊരു കണ്ണീർപ്പുഴയായി
പടിയൂർ പൂവം കടവിൽ മുങ്ങി മരിച്ച ഇരിക്കൂർ സിബ്ഗ കോളജ് വിദ്യാർഥി ചക്കരക്കൽ നാലാം പീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയ്ക്ക് (19) വികാരനിർഭരമായ യാത്രാമൊഴി. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹം 5.30നു വീട്ടിൽ എത്തിച്ചപ്പോൾ അതുവരെ പെയ്യാൻ മടിച്ചിരുന്ന മഴയ്ക്കു പോലും നിയന്ത്രണം 
വിട്ടു. തിമിർത്തു പെയ്ത മഴയ്ക്കൊപ്പം സൂര്യയ്ക്ക് യാത്രാമൊഴി ചൊല്ലാൻ മണിക്കൂറുകൾക്കു മുൻപേ എത്തിയ നൂറുകണക്കിന് ആളുകളുടെ കണ്ണീർ മഴ കൂടി പെയ്തിറങ്ങിയതോടെ നാലാംപീടികയും ശ്രീലക്ഷ്മി ഹൗസും പരിസരവും അക്ഷരാർഥത്തിൽ കണ്ണീർ പുഴയായി മാറി. 

പടിയൂർ പൂവംകടവിൽ മുങ്ങിമരിച്ച ചക്കരക്കൽ നാലാംപീടികയിലെ സൂര്യയുടെ മൃതദേഹം വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ചപ്പോൾ.
പടിയൂർ പൂവംകടവിൽ മുങ്ങിമരിച്ച ചക്കരക്കൽ നാലാംപീടികയിലെ സൂര്യയുടെ മൃതദേഹം വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ചപ്പോൾ.

അരമണിക്കൂർ സമയത്തെ പൊതുദർശനത്തിനു ശേഷം മൃതദേഹം ഉറ്റവരുടെ മുന്നിലേക്ക്. വീണ്ടും വീട്ടുമുറ്റത്ത് പൊതുദർശനം. 6.05നു അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിലേക്ക്. 6.15നു സൂര്യയുടെ ചിതയ്ക്ക് ബന്ധുക്കളായ രണ്ടു കുട്ടികൾ ചേർന്നു തീ കൊളുത്തി. ചൊവ്വാഴ്ച വൈകിട്ടു നാലിനാണു സൂര്യയും കൂട്ടുകാരി ഷർബാനയും പൂവം പുഴയിൽ ഒഴുക്കിൽപെട്ടത്. ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതു മുതൽ സൂര്യയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ നാലാംപീടികയിലേക്കു ജനം എത്തിത്തുടങ്ങിയിരുന്നു.

മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കുമ്പോഴേക്കും പ്രദേശം മുഴുവൻ ആളുകളെക്കൊണ്ടു നിറഞ്ഞു. അച്ഛൻ പ്രതീഷും അമ്മ സൗമ്യയും സഹോദരി ശ്രീബാലയും കോളജിൽ നിന്നെത്തിയ സഹപാഠികളും സൂര്യയ്ക്കു യാത്രാമൊഴി നൽകുന്ന കാഴ്ച ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. പനയത്താംപറമ്പ് നല്ലാണിയിൽ നിന്ന് 4 വർഷം മുൻപാണ് പ്രതീഷും കുടുംബവും നാലാംപീടികയിൽ പുതിയ വീടെടുത്തു താമസം തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com