റെയിൽപാളത്തിലൂടെയുള്ള അനധികൃത നടത്തം തടയാൻ റെയിൽവേ നടപടി

Mail This Article
തലശ്ശേരി∙പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റ് പരിസരത്ത് റെയിൽപാളത്തിലൂടെയുള്ള അനധികൃത നടത്തം തടയാൻ റെയിൽവേ നടപടി. പച്ചക്കറി മാർക്കറ്റിന് പിറകിൽ ഷീറ്റുകൾ സ്ഥാപിച്ച് പാളത്തിൽ പ്രവേശിക്കുന്നത് തടഞ്ഞു. എസ്ഐ കെ.വി. മനോജ്കുമാറിന്റെ നേതൃത്വത്തിൽ ആർപിഎഫും റെയിൽവേ പെർമനന്റ് വേ ജീവനക്കാരും ചേർന്നാണ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഷീറ്റ് മറച്ചു സുരക്ഷിതമാക്കിയത്.
മാർക്കറ്റിൽ നിന്ന് പാളം കുറുകെകടന്നു മറുഭാഗത്തേക്ക് യാത്ര ചെയ്യുന്നത് വലിയ ദുരന്തത്തിന് കാരണമാവുന്നുവെന്നു കണ്ടാണ് നടപടി. ദിവസവും വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഇതുവഴി പാളം കുറുകെകടക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ഇവിടെ രണ്ട് പേർ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചു. നേരത്തെ മണിക്കൂറിൽ 60 കി.മീറ്റർ വേഗത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ നിലവിൽ 120 കിലോമീറ്റർ വേഗത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.