നടാൽ പുഴ കരകവിയുന്നു; തടസ്സങ്ങൾ നീക്കണമെന്ന് തീരവാസികൾ

Mail This Article
എടക്കാട്∙മഴ കനക്കുമ്പോൾ നടാൽ പുഴ കരകവിഞ്ഞൊഴുകുന്നത് പരിഹരിക്കാൻ പുഴയിലെ തടസ്സങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് തീരവാസികൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകാനൊരുങ്ങുന്നു. ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് കിഴുന്ന ഭാഗത്തേക്ക് പുതിയ നാറാണത്ത് പാലം നിർമിക്കുന്നതിനു വേണ്ടി പുഴയ്ക്ക് കുറുകെ മണ്ണിട്ട് താൽക്കാലിക റോഡ് നിർമിക്കേണ്ടി വന്നിരുന്നു. പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ ഈ റോഡിനടിയിൽ വലിയ കുഴലുകളും സ്ഥാപിച്ചിരുന്നു.
എന്നിട്ടും ഇത്തവണ മഴ കനത്തപ്പോൾ പുഴ കരകവിഞ്ഞൊഴുകിയത് കാരണം ഈ താൽക്കാലിക റോഡ് മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ഇത് കാരണം നടാലിൽ നിന്ന് കിഴുന്ന ഭാഗത്തേക്കും മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തേക്കും ഉള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.നടാൽ പുഴയിൽ നാരാണത്ത് ഭാഗത്തെ ഒഴുക്ക് തടസ്സപ്പെടാനും കരകവിഞ്ഞൊഴുകാനുമുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് പുഴയിൽ വ്യാപകമായി മരത്തടികൾ തള്ളുന്നത് കൊണ്ടാണെന്നാണ് പരാതി. ഈരുന്നതിന് മുൻപ് മാസങ്ങളോളം പുഴയിൽ ഇടുന്ന മരങ്ങൾ പുഴയിലെ നടാൽ മേഖലയിൽ വ്യാപക കാഴ്ചയാണ്. പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താത്ത വിധത്തിൽ മരത്തടികൾ ഇടണമെന്നാണ് ആവശ്യം.