ADVERTISEMENT

തളിപ്പറമ്പ്∙ താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പ് നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന് പദ്ധതികൾ ഒരുക്കുന്നു. നഗരത്തിന്റെ സൗന്ദര്യ വൽക്കരണ പദ്ധതികൾ ചർച്ച ചെയ്യാൻ എം.വി.ഗോവിന്ദൻ എംഎൽഎ 10ന് 4ന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ വിവിധ മേഖലകളിൽ ഉള്ളവരുടെ യോഗം വിളിച്ച് ചേർത്തു. ഇപ്പോൾ നിർമാണത്തിലുള്ള ദേശീയപാത ബൈപാസ് തുറക്കുന്നതോടെ തളിപ്പറമ്പ് നഗരത്തിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കാനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പദ്ധതികൾ ആവിഷ്കരിക്കുക. ഇതോടൊപ്പം ദേശീയപാതയോരത്ത് കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി 50 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കും. നഗരത്തിന്റെ ശുചിത്വവും സൗകര്യങ്ങളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൗൺ സൗന്ദര്യവൽക്കരണം എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. നഗരത്തിലെ മാലിന്യ നിർമാർജനം, വാഹനങ്ങളുടെ പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തുക എന്നീ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തും. 

  തളിപ്പറമ്പ് നഗരം ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വാഹനങ്ങളുടെ പാർക്കിങ് തന്നെയാണ്. നഗരത്തിൽ ജനങ്ങൾക്ക് നടന്ന് പോകാൻ പോലും സാധിക്കാത്ത രീതിയിലാണ് തലങ്ങും വിലങ്ങുമായി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിടുന്നത്. കടകൾക്ക് മുൻപിൽ മതിൽ നിർമിച്ചത് പോലെ ഇരു ചക്ര വാഹനങ്ങൾ പകൽ മുഴുവൻ നിർത്തിയിടുന്നത് വ്യാപാരികൾക്കും വലിയ ദുരിതമായിരിക്കുകയാണ്.ഇതിനെ കുറിച്ച് മെട്രോ മനോരമയും മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വാഹനങ്ങളുടെ പാർക്കിങ്ങിന് വേറെ സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. നഗരത്തിന് സമീപത്തുള്ള പുറമ്പോക്ക് സ്ഥലങ്ങൾ ഇതിനായി ആലോചിക്കുന്നുണ്ട്. നഗരത്തിൽ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ട്രാഫിക് പൊലീസ് യൂണിറ്റ് സംവിധാനം ആരംഭിക്കണമെന്നും നിർദേശമുണ്ട്.ഇതോടൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്ന് തളിപ്പറമ്പിൽ എത്തുന്നവർക്ക് സ്വസ്ഥമായി വൈകുന്നേരങ്ങൾ ചെലവഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള മനോഹരമായ ഇടങ്ങൾ സൃഷ്ടിക്കുകയും പദ്ധതിയിൽ ഉണ്ട്.

ആർക്കും എവിടെയും 5 മിനിറ്റ് പോലും ഇരിക്കാൻ ഇപ്പോൾ നഗരത്തിൽ ഇടമില്ലാത്ത അവസ്ഥയാണ്.ദേശീയപാത വഴിമാറുമ്പോൾ നഗരം പഴയത് പോലെ തന്നെ നിലനിർത്തുക എന്നതാണ് പ്രധാന ഉദ്ദേശം. ഇതിനായി ജനപ്രതിനിധികൾ, വ്യാപാരികൾ, വിവിധ സംഘടനാ പ്രതിനിധികൾ, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗമാണ് വിളിച്ച് ചേർക്കുന്നത്. പദ്ധതിയുടെ തുടർച്ചയായി മറ്റു ഫണ്ടുകൾ ഉപയോഗിച്ചും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com