റെയിൽവേ ഓവർബ്രിജ് യാത്രക്കാർക്ക് ദുരിതം

Mail This Article
തലശ്ശേരി∙ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും ടിസിമുക്ക്, ചിറക്കര ഭാഗങ്ങളിലേക്കും കാൽനടക്കാർക്ക് സഞ്ചരിക്കാൻ നിർമിച്ച റെയിൽവേ ഫൂട് ഓവർബ്രിജ് യാത്രക്കാർക്ക് ദുരിതമാവുന്നു. തുറന്നതു മുതൽ ഇതിന് മുകളിൽ വെളിച്ചമില്ല. ഇപ്പോൾ മുകളിലെ സിമന്റ് പൊട്ടിപ്പൊളിഞ്ഞു കുഴികളായി കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്നു. ഇതുവഴി കടന്നു പോകാൻ ഏറെ പ്രയാസപ്പെടുകയാണ് യാത്രക്കാർ.

പുതിയ ബസ് സ്റ്റാൻഡിലേക്ക് പടി ഇറങ്ങി വരുമ്പോൾ ഏറ്റവും താഴത്തെ പടികളിൽ സിമന്റ് അടർന്നു പോയി ഇഷ്ടികകൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്. ഇവിടെ നിന്ന് കാൽ തെന്നി യാത്രക്കാർക്ക് പരുക്കേൽക്കുന്നത് പതിവായി. ദിവസവും വിദ്യാർഥികളും ട്രെയിൻ യാത്രക്കാരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ കടന്നു പോവുന്ന പ്രധാന വഴിയാണിത്. റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ളാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർ കാൽനടയായി പുതിയ ബസ് സ്റ്റാൻഡിലേക്ക് എത്താൻ ആശ്രയിക്കുന്നത് ഈ ഫൂട് ഓവർ ബ്രിജിനെയാണ്. പാരലൽ കോളജിലെ നൂറുകണക്കിന് കുട്ടികളും ഇതുവഴി തന്നെയാണ് സഞ്ചരിക്കുന്നത്. മഴ കനത്തതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി.