മട്ടന്നൂർ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം; 60 ലക്ഷം ചെലവിൽ പുതിയ ഓവുചാൽ

Mail This Article
മട്ടന്നൂർ ∙ നഗരത്തിൽ കണ്ണൂർ റോഡിൽ മഴ വെള്ളം റോഡിലൂടെ ഒഴുകി ഉണ്ടാകുന്ന വെള്ളക്കെട്ട് ദുരിതത്തിനു പരിഹാരമാകുന്നു. കണ്ണൂർ റോഡിൽ ഇരിക്കൂർ റോഡിലേക്കു തിരിയുന്നിടത്ത് പുതിയ കലുങ്കിന്റെ നിർമാണം തുടങ്ങി. പ്രവൃത്തിയുടെ ഭാഗമായി 18 വരെ റോഡ് അടച്ചിട്ടു. വാഹന ഗതാഗതത്തിനു ബൈപാസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
50 വർഷം മുൻപ് നിർമിച്ച കലുങ്കിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനെ തുടർന്ന് മഴവെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയായിരുന്നു. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായ സാഹചര്യത്തിലാണ് നഗരസഭ മുൻകയ്യെടുത്ത് പൊതുമരാമത്ത്, കെആർഎഫ്ബി അധികൃതരുമായി ചർച്ചനടത്തി പുതിയ കലുങ്ക് നിർമിക്കാൻ തീരുമാനിച്ചത്. ഗതാഗതതടസ്സം ഒഴിവാക്കാൻ നഗരസഭയും പൊലീസും ചേർന്ന് നേരത്തെ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഇരിക്കൂർ ഭാഗത്തേക്കുള്ള ബസുകൾ മട്ടന്നൂർ ജംക്‌ഷനിൽ നിന്നു വലതു വശത്തെ മൈതാനം വഴി ഇരിക്കൂർ റോഡിൽ പ്രവേശിക്കുന്ന വിധത്തിലും മറ്റു ചെറിയ വാഹനങ്ങളെല്ലാം ഇരിട്ടി റോഡിൽ നിന്നുള്ള ബൈപ്പാസ് വഴിയും കടന്നു പോകുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയത്. ഇരിക്കൂർ ഭാഗത്തേക്കുള്ള വലിയ ചരക്ക് ലോറികളും ഭാരവാഹനങ്ങളും ചാലോട് വഴിയോ കളറോഡ്-കല്ലൂർ-മരുതായി റോഡ് വഴിയോ ഇരിക്കൂറിലേക്ക് പോകാനുള്ള സൗകര്യവും ഉണ്ട്.
ഇരിക്കൂർ, മരുതായി ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങൾ കല്ലൂർ വഴിയും ആയിരംചാൽ-ഗാന്ധി റോഡ് വഴിയുമാണ് ടൗണിലെത്താൻ സംവിധാനം ഒരുക്കിയത്. ഇരിക്കൂർ ഭാഗത്തു നിന്നുള്ള ബസുകൾ ബൈപാസ് റോഡിൽ നിന്നു ഗ്രൗണ്ട് വഴിയാണ് ടൗണിലെത്തുന്നത്. വാഹനങ്ങൾ കടത്തി വിടാൻ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
ഓവുചാലും കലുങ്കും പുതുക്കി പണിയുന്നതിന് സമീപത്തെ ചില സ്വകാര്യ കെട്ടിട ഉടമകൾ അതിരുതർക്കം ഉന്നയിച്ച് കോടതിയെ സമീപിച്ചതിനാലാണ് നിർമാണം നടത്താനാകാതെ വന്നത്. ഇരിക്കൂർ റോഡ് ജംക്‌ഷൻ മുതൽ വായാന്തോട് വരെ മികച്ച രീതിയിൽ ഓവുചാൽ നിർമിക്കാൻ 60 ലക്ഷം രൂപയുടെ പദ്ധതി നഗരസഭ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ പണി ആരംഭിക്കാനാകും.