നടുവിൽ മണൽത്തിട്ടകൾ; കക്കുവ പുഴ ഗതിമാറി ഒഴുകുന്നു: ഭീഷണിയിൽ വീട്

Mail This Article
ഇരിട്ടി ∙ കക്കുവ പുഴ ഗതി മാറി ഒഴുകിയതിനെത്തുടർന്ന് ആറളം ഫാം പുനരധിവാസ മേഖലയിൽ ആദിവാസി കുടുംബത്തിന്റെ പുരയിടം ഇടിഞ്ഞു. വീട് ഭീഷണിയിലായി.ബ്ലോക്ക് 11 ലെ അമ്മിണിയുടെ വീടും പുരയിടവുമാണ് മണ്ണിടിച്ചിൽ ഭീഷണിയിലായത്. ഭൂരഹിത ആദിവാസി കുടുംബങ്ങൾക്കുള്ള പുനരധിവാസ പദ്ധതി പ്രകാരം ഒരേക്കർ സ്ഥലമാണ് അമ്മിണിക്ക് ഇവിടെ ലഭിച്ചത്. ഇതിൽ 15 സെന്റും പുഴയെടുത്തു. പറമ്പിലെ തെങ്ങ് പുഴയിലേക്ക് ഇടിഞ്ഞുവീണു.
കക്കുവ പാലം കഴിഞ്ഞു താഴോട്ടുള്ളഭാഗത്ത് പുഴയുടെ നടുഭാഗം മണൽ വന്നടിഞ്ഞു തിട്ടകൾ രൂപപ്പെട്ടിരുന്നു. ഇതാണു ഫാം കൃഷിയിടം അതിരിലൂടെ പുഴ ഗതിമാറി ഒഴുകാൻ കാരണം. അമ്മിണിയുടെ പുരയിടം ഉള്ള ഭാഗത്താണു കുത്തൊഴുക്ക് വന്നടിക്കുന്നത്. മഴ ശക്തമായാൽ വീട് ഉൾപ്പെടെ മുഴുവൻ സ്ഥലവും ഇടിയുമെന്ന ഭീഷണിയിലാണ് കുടുംബം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണും മണലും നീക്കി ഒഴുക്കുമാറ്റി വിട്ടാൽ പ്രതിസന്ധി പരിഹരിക്കാനാകും.ആറളം വില്ലേജ് ഓഫിസർ എ.എം.ജോൺ, സ്പെഷൽ വില്ലേജ് ഓഫിസർ പി.ബി.പ്രകാശൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ആശങ്കാജനകമാണ് സ്ഥിതിയെന്ന നിലയിൽ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതായാണ് സൂചന.