വൈദ്യുതക്കമ്പിയിലേക്ക് ചെരിഞ്ഞ് മരം; ഭീതി

Mail This Article
ചാല∙ കനത്തമഴയിൽ കൂറ്റൻ അക്കേഷ്യ മരം ചെരിഞ്ഞ് വൈദ്യുതക്കമ്പികളിൽ തട്ടി നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. ബൈപാസിൽ നിന്ന് ചാല അമ്പലത്തിന്റെ പടിഞ്ഞാറേ നട വഴി അമ്മൂപ്പറമ്പിലേക്കും തോട്ടട ദേശീയപാതയിലേക്കും പോകുന്ന റോഡിലെ ഓവുപാലം കഴിഞ്ഞുള്ള സ്ഥലത്താണ് ഏത് സമയവും മരം വീണ് വൈദ്യുതക്കമ്പികൾ പൊട്ടുമെന്ന അവസ്ഥയിലുള്ളത്.മരത്തിനും വൈദ്യുതി കമ്പികൾക്കും താഴെയുള്ള റോഡിലൂടെയാണ് ചാല 12 കണ്ടി ഭാഗത്തെ ഉയർന്ന സ്ഥലങ്ങളിൽ നിന്നുള്ള മഴ വെള്ളം ചാല തോട് ഭാഗത്തേക്ക് ഓഴുകുന്നത്.
മഴക്കാലം കഴിയുന്നത് വരെ ഈ റോഡിൽ മുഴുവൻ സമയവും വെള്ളമൊഴുക്ക് പതിവാണ്. മഴ കനത്ത സാഹചര്യത്തിൽ കൂറ്റൻ അക്കേഷ്യ മരം ഇനിയും ചെരിഞ്ഞാൽ കമ്പികൾ പൊട്ടി താഴെ റോഡിലുള്ള വെള്ളത്തിലേക്കാണ് വീഴുക. പകലും രാത്രിയും ഒരു പോലെ നൂറു കണക്കിന് വാഹനങ്ങളും ഏറെ കാൽനടക്കാരും ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളും പോകുന്ന ഈ റോഡിനു മുകളിൽ വൈദ്യുതി കമ്പികളിൽ തട്ടി നിൽക്കുന്ന മരം എത്രയും പെട്ടെന്ന് മുറിച്ച് മാറ്റിയില്ലെങ്കിൽ വൻ അപകടമാകും സംഭവിക്കുക. കഴിഞ്ഞ ദിവസം സമീപത്തുള്ള മറ്റൊരു അക്കേഷ്യ മരം കടപുഴകി വീണതിനെ തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടിരുന്നു.നാട്ടുകാരാണ് മുറിച്ച് മാറ്റിയത്. റെയിൽവേയുടെ സ്ഥലത്തെ മരമാണ് ഇത്. കോർപറേഷൻ അധികൃതരുടെയും കെഎസ്ഇബിയുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമില്ലെന്ന് നാട്ടുകാർ പറയുന്നു.