117 ലീറ്റർ മാഹിമദ്യവുമായി യുവാവ് പിടിയിൽ

Mail This Article
തലശ്ശേരി∙ മാഹിയിൽനിന്നുള്ള 117 ലീറ്റർ മദ്യവുമായി മാഹി ബൈപാസ് ടോൾ ബൂത്തിനു സമീപം പെരിങ്ങോം വയക്കര കുപ്പോൾ സ്വദേശി പി.നവീൻ (26) എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഇയാളെ അറസ്റ്റു ചെയ്തു.13 പെട്ടികളിലായി സൂക്ഷിച്ച 500 മില്ലി ലീറ്ററിന്റെ 234 കുപ്പി മദ്യം ഇയാളിൽനിന്നു കണ്ടെടുത്തു. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.മാടപ്പീടിക എക്സൈസ് ഓഫിസിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം
ദേശീയ പാതയിലെ തിരുവങ്ങാട് ടോൾപ്ലാസ രണ്ടാം ലെയ്നിനു സമീപം പരിശോധന നടത്തുമ്പോഴാണു നവീൻ പിടിയിലായത്. മൂന്നാം തവണയാണു മദ്യം കടത്തുന്നതെന്നു നവീൻ എക്സൈസ് സംഘത്തിനു മൊഴി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എം.കെ.മോഹൻദാസ്, പ്രിവന്റീവ് ഓഫിസർമാരായ കെ.ബൈജേഷ്, എം.കെ.സുമേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ എം.കെ.പ്രസന്ന, പി.പി.ഐശ്വര്യ, സിവിൽ എക്സൈസ് ഓഫിസർ കെ.ബിനീഷ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.