അതിഥിത്തൊഴിലാളിയെ വിളിച്ചു വരുത്തി ഹോട്ടൽ ഉടമയും സംഘവും മർദിച്ചതായി പരാതി: 3 പേർ അറസ്റ്റിൽ
Mail This Article
പാനൂർ ∙ ജോലി മതിയാക്കി ഹോട്ടൽ വിട്ടു പോയി മറ്റൊരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന അതിഥി തൊഴിലാളിയെ ഹോട്ടലുടമയും സംഘവും ക്രൂരമായി മർദിച്ചതായി പരാതി. നേപ്പാളിലെ ഘൂമി സ്വദേശി ബി.മോഹനനെ (34)യാണ് മർദിച്ച് അവശനാക്കിയത്. സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാക്കൂൽ പീടികയിലെ ഇക്കാസ് ഹോട്ടൽ ഉടമ പാനൂർ ചൈതന്യയിലെ ചൈതന്യ കുമാർ (37), ഞാറക്കോണം ആമിന മൻസിലിൽ ബുഹാരി (41), മൊകേരി വായ വളപ്പിൽ അഭിനവ് (26) എന്നിവരെ പാനൂർ പൊലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു.മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.
ഇക്കാസ് ഹോട്ടലിലെ തൊഴിലാളിയായിരുന്നു മോഹനൻ. ഒരാഴ്ച മുൻപാണ് ജോലി അവസാനിപ്പിച്ച് ഹോട്ടൽ വിട്ടത്. മറ്റൊരു ഹോട്ടലിൽ ജോലി ചെയ്യാൻ തുടങ്ങി. അതിനു ശേഷം ഇക്കാസ് ഹോട്ടലിലെ മറ്റു രണ്ടു പേരെ കൂടി കൊണ്ടു പോയെന്നാണ് ആരോപണം. കഴിഞ്ഞ 4ന് ഹോട്ടലുടമ മോഹനനെ വിളിച്ചു വരുത്തി ഒരു മുറിയിൽ താമസിപ്പിച്ച് അക്രമിച്ചതായാണ് പരാതി. ആറംഗ സംഘം മർദിച്ചെന്നാണ് ആരോപണം. അവശ നിലയിലായ മോഹനനെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിച്ചു.അടുത്ത വണ്ടിയിൽ ഉടൻ സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി സംഘം സ്ഥലം വിട്ടു. നിൽക്കാൻ പോലും കഴിയാതെ റോഡിൽ കിടക്കുന്ന മോഹനനെ കണ്ടവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പൊലീസിൽ വിവരം അറിയിച്ചു.പൊലീസ് മൊഴിയെടുത്തപ്പോഴാണ് ക്രൂരമായ അക്രമത്തിന്റെ ചുരുളഴിഞ്ഞത്. എസ്ഐ രാംജിത്ത്, സിപിഒ മാരായ ശ്രീജിത്ത്, രതീഷ്, അനൂപ്, ഷിജിൻ എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണം നടത്തിയത്.