സർവകലാശാല തിരഞ്ഞെടുപ്പിനിടെ സംഘർഷം

Mail This Article
കണ്ണൂർ∙ സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ, യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. വോട്ട് ചെയ്യാനെത്തിയ എംഎസ്എഫ് പ്രവർത്തകയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എം.ഫാത്തിമയുടെ വോട്ട് കള്ളവോട്ടാണെന്നു പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ, എംഎസ്എഫ് പ്രവർത്തക കൂടിയായ ഫാത്തിമയെ തടഞ്ഞത്. ഫാത്തിമയുടെ തിരിച്ചറിയൽ കാർഡ് ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. യുഡിഎസ്എഫ് പ്രവർത്തകർ ഇതു ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തുംതള്ളുമായി. പൊലീസ് ബലംപ്രയോഗിച്ചാണ് ഇരുകൂട്ടരെയും ശാന്തമാക്കിയത്.

കള്ളവോട്ട് ആരോപണത്തെത്തുടർന്ന് ഫാത്തിമയെ വോട്ട് ചെയ്യാൻ ആദ്യം അനുവദിച്ചില്ല. തുടർന്ന്, റിട്ടേണിങ് ഓഫിസർ നേരിട്ട് കാഞ്ഞങ്ങാട് റഹ്മാനിയ ഓർഫനേജ് കോളജിലേക്കു ഫോൺ വിളിക്കുകയും ഫാത്തിമയുടെ രേഖകളും ഫോട്ടോയും വാങ്ങുകയും ചെയ്തു. വോട്ടുണ്ടെന്ന് ഉറപ്പിച്ചിട്ടും ഏറെ നേരം കാത്തുനിന്നതിനുശേഷം, പൊലീസ് കാവലിലാണ് ഫാത്തിമയ്ക്കു വോട്ട് രേഖപ്പെടുത്താനായത്. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനു തലയ്ക്കു പരുക്കേറ്റിട്ടുണ്ടെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ ശ്രമം: മുഹമ്മദ് ഷമ്മാസ്
സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐയുടെ ഭാഗത്തുനിന്നുണ്ടായത് ആസൂത്രിത നീക്കമാണെന്നും റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ എസ്എഫ്ഐക്കു വേണ്ടി നടത്തിയതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.
‘യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സംഘർഷം ഉണ്ടാക്കാനും എസ്എഫ്ഐ ബോധപൂർവം നടത്തിയ ആരോപണമാണ് കള്ളവോട്ട്. വിദ്യാർഥിയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. മാനസികമായി തകർക്കാൻ ശ്രമിച്ചു. പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ കോളജിലെ അധ്യാപകരെ ഉൾപ്പെടെ വിഡിയോ കോൾ ചെയ്ത് വോട്ടറാണെന്ന് ഉറപ്പു വരുത്തിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനു പിന്നിൽ ഡിഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ്’– പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ
രാവിലെ 9.30നാണ് യൂണിയൻ തിരഞ്ഞെടുപ്പ് തുടങ്ങിയത്. എംഎസ്എഫ് പ്രവർത്തകർ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് സുരക്ഷ ഏർപ്പെടുത്താൻ പൊലീസിനു നിർദേശമുണ്ടായിരുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപേ പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കള്ളവോട്ട് ആരോപണത്തെത്തുടർന്ന് എസ്എഫ്ഐ–യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. സംഘർഷത്തെത്തുടർന്ന് 12.30ന് അവസാനിക്കേണ്ട വോട്ടെടുപ്പ് അൽപം വൈകിയാണ് അവസാനിച്ചത്.