വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരമുണ്ടാക്കും: മന്ത്രിയുടെ ഉറപ്പ്

Mail This Article
ചെറുപുഴ∙ മലയോര ജനത നേരിടുന്ന വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നു കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ ഭാരവാഹികൾക്ക് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പ് നൽകി. .കഴിഞ്ഞ ദിവസം മന്ത്രി ശശീന്ദ്രൻ തലശ്ശേരി ബിഷപ് ഹൗസ് സന്ദർശിച്ചിരുന്ന സമയത്ത് വന്യജീവി ആക്രമണത്തിനു എതിരെ നടപടി ആവശ്യപ്പെട്ടു എകെസിസി ഭാരവാഹികൾ നൽകിയ നിവേദനത്തിനു മറുപടിയാണു മന്ത്രി ഉറപ്പ് നൽകിയത്. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ പാംപ്ലാനിയും എകെസിസി നേതാക്കളും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ഇക്കാര്യം ചർച്ച ചെയ്യാനായി അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കും.
ഇതിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. മാർ ജോസഫ് പാംപ്ലാനിയ്ക്ക് പുറമേ എകെസിസി അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ.ഫിലിപ്പ് കവിയിൽ, അതിരൂപതാ വൈസ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം,ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ആന്റോ തെരുവുകുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു മന്ത്രിയെ സന്ദർശിച്ചത്.