ADVERTISEMENT

കണ്ണൂർ ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓട്ടോ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സ്റ്റേഷനിൽ ‌പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് റെയിൽവേ, നമ്പർ അടങ്ങിയ സ്റ്റിക്കർ പതിപ്പിക്കുന്നത് 8 ന് ആരംഭിക്കും. 3 മാസം പാർക് ചെയ്യാൻ ഒരു വാഹനത്തിൽ നിന്ന് 855 രൂപയും ഈടാക്കും. ഓട്ടോറിക്ഷയുടെ നമ്പറും ഡ്രൈവറെ കുറിച്ചുള്ള വിശദാംശങ്ങളും റെയിൽവേ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും.

120 ഓട്ടോറിക്ഷകൾക്ക് ആദ്യ ഘട്ടത്തിലും തുടർന്ന് 50 ഓട്ടോറിക്ഷകൾക്ക് അടുത്ത ദിവസവും സ്റ്റിക്കർ നൽകും. റെയിൽവേ സ്റ്റേഷന്റെ മുൻവശത്താണ് പാർക്ക് ചെയ്യുക. ഓട്ടോറിക്ഷകൾക്ക് അവരുടെ സൗകര്യം അനുസരിച്ച് ഏതു സമയവും പാർക് ചെയ്യാം. പാർക് ചെയ്യുന്ന സ്ഥലങ്ങളിൽ  സിസി ടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി റെയിൽവേ –പൊലീസ്– ആർടിഒയും അടക്കമുള്ളവരുടെ യോഗം ചേർന്നിരുന്നു.

യാത്രക്കാരുടെ സൗകര്യാർഥമാണ് പെർമിഷൻ ഫോർ കാർട് ലൈസൻസി സംവിധാനം ഏർപ്പാടാക്കുന്നതെന്നു കമേഴ്സ്യൽ ഡപ്യൂട്ടി മാനേജർ സി.സി.അഹമ്മദ് നിസാറും ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ എം.രാജീവനും പറഞ്ഞു. ഏത് സമയത്തും യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാൽ അവരെ വീടുകളിലേക്ക് കൊണ്ടു പോകുന്ന വാഹനം എളുപ്പത്തിൽ തിരിച്ചറിയാനാണ് സ്റ്റിക്കർ പതിപ്പിക്കുന്നത്.

യാത്രക്കാരുടെ സാധന സാമഗ്രികൾ മറന്നു പോവുക, യാത്രയ്ക്കിടെ കവർച്ചയ്ക്കോ മോഷണത്തിനോ അക്രമത്തിനോ ഇരയാവുക തുടങ്ങിയവ സംഭവിച്ചാൽ യാത്രക്കാരൻ സഞ്ചരിച്ച ഓട്ടോറിക്ഷ തിരിച്ചറിയാൻ സ്റ്റിക്കർ ഉപയോഗപ്പെടും. മാത്രമല്ല യാത്രക്കാർക്ക് ഓട്ടോറിക്ഷകളുടെ നമ്പർ ഓർക്കുന്നതിനേക്കാൾ എളുപ്പമാണ് ഒന്നോ രണ്ടോ മൂന്നോ അക്ക നമ്പർ എന്ന് അഭിപ്രായവുമുണ്ട്. ജില്ലയിൽ പെർമിഷൻ ഫോർ കാർട് ലൈസൻസി ഏർപ്പാടാക്കുന്ന ആദ്യ റെയിൽവേ സ്റ്റേഷനാണ് കണ്ണൂർ.

സേവനം, സൗകര്യം 
റെയിൽവേ സ്റ്റേഷനു മുന്നിലുള്ള ഓട്ടോ പാർക്കിങ് കേന്ദ്രത്തിൽ ഈ ഓട്ടോറികൾക്കു മാത്രമേ പാർക്ക് ചെയ്തു യാത്രക്കാരെ കയറ്റാനാകൂ.  യാത്രക്കാരിൽ നിന്ന് പരാതിയുണ്ടായാൽ പിന്നീട് ഡ്രൈവർമാർ റെയിൽവേയുടെ സേവനത്തിൽ നിന്ന് പുറത്താക്കപ്പെടും. കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന പൊലീസ് സാക്ഷ്യപത്രം ഉള്ളവർ മാത്രമേ പദ്ധതിയിലേക്കുള്ള ഡ്രൈവർമാരായി നിയോഗിക്കപ്പെടൂ. പദ്ധതി ആരംഭിച്ചാൽ പുറത്ത് നിന്നുള്ള ഓട്ടോറിക്ഷകൾക്ക് റെയിൽവേ സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തി യാത്രക്കാരെ ഇറക്കുകയല്ലാതെ കോംപൗണ്ടിൽ നിന്ന് പുതുതായി യാത്രക്കാരെ എടുക്കാനാകില്ല.    

പ്രീ പെയ്ഡിന് പകരം റെയിൽവേ ഓട്ടോ
രാത്രി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒട്ടേറെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നുണ്ട്. ആരാണ് ഡ്രൈവർമാർ എന്ന് അറിയാറുമില്ല. പലപ്പോഴും ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ ചാർജിന്റെ പേരിൽ തർക്കവും ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരം ആകാൻ പദ്ധതി നടപ്പാക്കുന്നതിലൂടെ സാധിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. നേരത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കോർപറേഷൻ പ്രീ പെയ്ഡ് ഓട്ടോ സർവീസ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പദ്ധതി നിലച്ചു. യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന പ്രീ പെയ്ഡ് നിലച്ച സാഹചര്യം കൂടി പരിഗണിച്ചാണ് റെയിൽവേ ഓട്ടോ സർവീസ് പദ്ധതി ആരംഭിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com