ADVERTISEMENT

ഇരിട്ടി∙ ആറളം ഫാമിൽ റബർ മരങ്ങളുടെ തൊലിയും ‘തീറ്റയാക്കി’ കാട്ടാനക്കൂട്ടം. ടാപ്പിങ് തുടങ്ങിയ ആയിരത്തോളം തൈ മരങ്ങൾ ഇതിനകം നശിപ്പിച്ചു. ഏകദേശം 10 വർഷം പ്രായമായതും 30 വർഷത്തോളം വരുമാനം ലഭിക്കേണ്ടതുമായ മരങ്ങളാണു നശിക്കുന്നത്. ഫാമിനുള്ളിൽ സോളർ തൂക്കുവേലി ഇല്ലാത്ത മേഖലയിൽ ബ്ലോക്ക് 6 ലാണ് കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷം. കാട്ടാനക്കൂട്ടം സാധാരണയായി റബർ മരം തീറ്റ ആവശ്യത്തിനായി നശിപ്പിക്കാറില്ല. വനം വകുപ്പിന്റെ നിരീക്ഷണവും ഇപ്രകാരം തന്നെയാണ്. ആറളം ഫാമിൽ അടുത്ത കാലത്തായി ഈ സ്ഥിതി മാറി. റബർ മരത്തിൽ കൊമ്പു കൊണ്ട് കുത്തിയും കടിച്ചും തൊലി പൊളിച്ചു തിന്നുകയാണ്. അടിവശത്തു നിന്നും മുകളിലോട്ടെന്ന നിലയിലാണ് തൊലി പൊളിക്കുന്നത്.

തൊലി പോകുന്നതോടെ ഉൽപാദനം നടത്താനാകാതെ പാഴ്‌മരത്തിന് തുല്യമാകും. ഉണങ്ങി നശിക്കുകയും ചെയ്യും.കഴിഞ്ഞ 3 വർഷത്തിനിടെ ഫാമിൽ 40 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായാണു കണക്ക്. ഫാമിൽ നേരത്തേ ഉണ്ടായിരുന്നതിൽ കായ്ഫലം ഉള്ള മൂന്നിലൊന്നു തെങ്ങുകളും (5000 ലധികം എണ്ണം) നശിപ്പിച്ചു. കമുകും കൊക്കോയും കുരുമുളകും എല്ലാം ഫാമിൽ ഇല്ലാതായി. കശുമാവും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. അന്നൊന്നും റബറിനെ തൊട്ടിരുന്നില്ല. ഫാമിന്റെ മറ്റു ബ്ലോക്കുകളിലെ കൃഷിയിടങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു തൂക്കു വേലി സ്ഥാപിച്ചതിനാൽ ആനകൾക്കു പ്രധാന ഭക്ഷണ മാർഗം ഉള്ള മേഖലകളിലേക്കു പ്രവേശിക്കാൻ കഴിയാതായതോടു കൂടിയാണ് റബർ മരങ്ങളുടെ തൊലിയും ഭക്ഷണമാക്കാൻ കാരമെന്നും  പറയുന്നു. ‌

രക്ഷ സോളർ തൂക്കുവേലി
ആറളം ഫാം – വന്യജീവി സങ്കേതം അതിർത്തിയിൽ ആന മതിൽ നിർമാണം നടക്കുന്നുണ്ട്. മതിൽ പൂർത്തിയായാൽ ആന ശല്യം ഒഴിവാകും. മതിൽ പണിക്കു കാലതാമസം വരുന്നതിനാൽ കോട്ടപ്പാറ – താളിപ്പാറ മേഖലയിൽ താൽക്കാലികമായി സോളർ തൂക്കുവേലി നിർമിച്ചാൽ മാത്രമേ നിലവിലെ ഭീഷണി ഒഴിവാകുകയുള്ളൂ.  3.5 കിലോമീറ്ററിൽ വേലി പണിയാൻ വനം വകുപ്പ് 14.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഈ പണി അടിയന്തരമായി നടത്തണമെന്നാണു ആവശ്യം.

ആനകളുടെ ആരോഗ്യത്തെബാധിക്കുമെന്നും ആശങ്ക
റബർ മരങ്ങളുടെ തൊലി ഭക്ഷണം ആക്കുന്നതു വഴി ആനകൾക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും തൊലിയിൽ റബർ പാൽ കൂടി ഉള്ളതിനാൽ ദഹനപ്രക്രിയയെ ബാധിച്ചേക്കുമെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ വനം വകുപ്പ് പഠനം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

റബർ മരം കൂടി തീർത്താൽഫാം പൂട്ടേണ്ടി വരും
മറ്റു വിളകൾ എല്ലാം കഴിഞ്ഞ 10 വർഷത്തെ കാട്ടാന ശല്യം മൂലം നശിച്ച ഫാമിൽ അവശേഷിക്കുന്ന ഏക വരുമാനം റബർ മാത്രമാണ്. ഇതും കൂടി നശിച്ചാൽ ഫാം അടച്ചു പൂട്ടേണ്ടി വരും. ഫാമിൽ 304 ഹെക്ടർ ആണ് റബർ പ്ലാന്റേഷൻ ഉള്ളത്. ഇതിൽ 200 ഹെക്ടർ മാത്രമാണ് ചെറുതും ഉൽപാദനവും ഉള്ള റബർ മരങ്ങൾ ഉള്ളത്.

3 വർഷം മുൻപ് ഉൽപാദനം തുടങ്ങിയ 18000 ത്തോളം മരങ്ങൾ ഉള്ള തോട്ടത്തിലാണു ആനക്കൂട്ടം തൊലി തിന്നു നശിപ്പിക്കുന്നത്. 10 വർഷം മാത്രം പ്രായം ആയ ഈ മരങ്ങളിൽ നിന്നു 30 വർഷം വരെ ഇനിയും ഉൽപാദനം ലഭിക്കേണ്ടതാണ്. റീപ്ലാന്റേഷനായി 100 ഹെക്ടറോളം സ്ഥലത്ത് മുറിച്ചു മാറ്റിയ സ്ഥലത്തു പുതിയ തൈകൾ നടാനും ആന ശല്യം മൂലം സാധിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com