അകംതുരുത്ത് ദ്വീപിലെ ടൂറിസം സാധ്യത പഠിക്കാൻ പഞ്ചായത്ത്– നബാർഡ് സംഘം
Mail This Article
ഇരിട്ടി∙ പഴശ്ശി സംഭരണി ജലാശയത്തിനുള്ളിൽ വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകളുമായി ഇതിനകം ശ്രദ്ധയാകർഷിച്ച അകംതുരുത്ത് ദ്വീപിൽ ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ പായം പഞ്ചായത്ത് ശ്രമം തുടങ്ങി. സമഗ്ര രൂപരേഖ തയാറാക്കുന്നതിനായി പഞ്ചായത്ത്, നബാർഡ്, ജീവൻ ജ്യോതി പ്രതിനിധികൾ ദ്വീപ് സന്ദർശിച്ചു. രാജ്യാന്തര ടൂറിസം പദ്ധതികൾ നടപ്പാക്കാൻ പറ്റുന്ന വിധം 4 വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അകംതുരുത്ത് ദ്വീപ് ഉൾപ്പെടെ മേഖലയുടെ ടൂറിസം സാധ്യതകൾ കഴിഞ്ഞ ജൂൺ 14 ന് മെട്രോ മനോരമയിൽ ‘കൺനിറയെ ഇരിട്ടി’ എന്ന പേരിൽ കവർ സ്റ്റോറിയായി അവതരിപ്പിച്ചിരുന്നു.
സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന വിധം വിവിധ സംവിധാനങ്ങൾ ഒരുക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ചങ്ങാടമോ തൂക്കുപാലമോ നിർമിച്ചു ദ്വീപിന് ചുറ്റും ജൈവ വേലി നിർമിക്കുന്ന സംവിധാമാണു ആദ്യം നടപ്പിലാക്കുക. ദ്വീപിലെ പച്ചപ്പ് അതേപോലെ നിലനിർത്തി ഏറുമാടങ്ങളും പെറ്റ് സ്റ്റേഷനുകളും കുട്ടികൾക്ക് മുതിർന്നവർക്കും ഉൾപ്പെടെ ഉല്ലസിക്കുവാനുള്ള മറ്റു സൗകര്യങ്ങളും ഒരുക്കും. നബാർഡിന്റെയും ജീവൻ ജ്യോതിയുടെയും സഹായത്തോടെയാണു ടൂറിസം രൂപ രേഖ തയാറാക്കുന്നത്.
പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, സ്ഥിരം സമിതി അധ്യക്ഷ വി.പ്രമീള, അംഗം ബിജു കോങ്ങാടൻ, സെക്രട്ടറി ഇൻ ചാർജ് കെ.ജി.സന്തോഷ്, ജീവൻ ജ്യോതി കൽപ്പറ്റ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.പത്രോസ്, ഡവലപ്മെന്റ് കൺസൽറ്റന്റ് പി.എം.നന്ദകുമാർ, ബാംബൂ കൺസൽറ്റന്റ് ബാബുരാജ്, നബാർഡ് ഡിജിഎം ജിഷിമോൻ,ജീവൻ ജ്യോതി പ്രോഗ്രാം ഡയറക്ടർ മനു.ടി.ഫ്രാൻസിസ്, പ്രൊജക്ട് കോഓർഡിനേറ്റർ ഷൈബിൻ ജയിംസ് എന്നിവരാണ് അകംതുരുത്ത് ദ്വീപ് സന്ദർശിച്ചത്. പായം പഞ്ചായത്ത് ഓഫിസിൽ ചേർന്ന അവലോകന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ, പഞ്ചായത്ത് അംഗം അനിൽ.എം.കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
കുറുവ ദ്വീപിനെക്കാൾ സാധ്യത
പഴശ്ശി ജലസംഭരണി ജലാശയത്തിൽ ചുറ്റപ്പെട്ട അകംതുരുത്ത് ദ്വീപ് ഹരിത വിസ്മയം തീർക്കുന്ന പ്രദേശമായാണു അറിയപ്പെടുന്നത്. രാജ്യാന്തര ടൂറിസം വില്ലേജ് ആയി വികസിപ്പിക്കണമെന്നു കാൽ നൂറ്റാണ്ട് മുൻപ് തന്നെ ശുപാർശ ഉള്ളതാണ്. അപൂർവ ഇനം പക്ഷികളുടെയും വിവിധ വവ്വാലുകളുടെയും താവളം ആണ്. 16 ഏക്കറിൽ നിറയെ ഹരിതക്കാഴ്ചകളാണ്. വയനാട് കുറുവ ദ്വീപിനെക്കാൾ സാധ്യത ഉള്ള പ്രദേശമാണെന്നു ടൂറിസം രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നലെ എത്തിയ സംഘവും അകംതുരുത്തിന്റെ വിപുല സാധ്യതകൾ അംഗീകരിക്കുന്നു.