കണ്ണൂരിനെ ഒളിംപിക്സോളമെത്തിച്ച പ്രതിഭ; ചരിത്രമാണ് ഈ പ്രതിമ
Mail This Article
കണ്ണൂർ ∙ കണ്ണൂർ മുനിസിപ്പൽ ജവാഹർ സ്റ്റേഡിയത്തിനു മുൻപിലെ ഡോ. സി.കെ.ലക്ഷ്മണന്റെ പ്രതിമ ഒരു ചരിത്രമാണ്. മലയാളത്തെയും ഒളിംപിക്സിനെയും കൂട്ടിയിണക്കിയ ചരിത്രം ഒരു കണ്ണൂരുകാരനിലൂടെ പിറന്നതിന്റെ ഓർമയാണ് ഈ പ്രതിമ. 1924 ജൂലൈ 8ന് പാരിസിലെ കൊളംബസ് സ്റ്റേഡിയത്തിൽ ഒളിംപിക്സിൽ ബ്രിട്ടിഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് 110 മീറ്റർ ഹർഡിൽസിൽ ട്രാക്കിലിറങ്ങിയ ലക്ഷ്മണന്റെ സ്മരണയ്ക്കായാണ് പ്രതിമ നിർമിച്ചത്. 2008 ഓഗസ്റ്റ് 8ന് ഒളിംപ്യൻ ഒ.ചന്ദ്രശേഖരനാണ് ലക്ഷ്മണന്റെ പ്രതിമ അനാഛാദനം ചെയ്തത്. ബ്രഷ്മാൻ ശ്രീജിത്താണ് പ്രതിമ നിർമിച്ചത്.
‘കണ്ണൂർ ഫുട്ബോൾ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്ററിലെ എൻ.ടി.കരുണനും കെ.കുഞ്ഞിരാമനുമാണ് പ്രതിമ നിർമിക്കണമെന്ന ആവശ്യവുമായി സമീപിച്ചത്. 3 മാസമാണു നിർമാണത്തിനെടുത്തത്. ലക്ഷ്ണമനെക്കുറിച്ചു മനസ്സിലാക്കാൻ ഫോട്ടോ മാത്രമാണുണ്ടായിരുന്നത്. നിർമാണച്ചെലവു മാത്രമേ വാങ്ങിയുള്ളൂ. അനാഛാദനത്തിന് അദ്ദേഹത്തിന്റെ മകൾ ശ്രീലത ഖത്രിയും എത്തി. പ്രതിമ നന്നായിട്ടുണ്ടെന്നു പറഞ്ഞ് അഭിനന്ദിച്ചു’’ – ശ്രീജിത്ത് പറയുന്നു.
‘രണ്ടു ഫോട്ടോ തന്നു, ജീവചരിത്രവും പറഞ്ഞു. ഒരു തലമുറതന്നെ മറന്നുപോയ ചരിത്രപുരുഷന്റെ അർധകായപ്രതിമ സ്ഥാപിക്കാൻ എന്നെ ഏൽപിച്ചതിലെ സന്തോഷവും അമ്പരപ്പും. പിന്നെ ചരിത്രത്തിന്റെ പിന്നാലെയായിരുന്നു ഞാൻ..’ – കണ്ണൂർ മുനിസിപ്പൽ ജവാഹർ സ്റ്റേഡിയത്തിനു മുന്നിലുള്ള, ആദ്യ മലയാളി ഒളിംപ്യൻ സി.കെ.ലക്ഷ്മണന്റെ പ്രതിമ നോക്കി സന്തോഷത്തോടെ ശിൽപി ശ്രീജിത്ത് പറഞ്ഞു.
1898 ഏപ്രിൽ 5ന് പയ്യാമ്പലം ചെറുവാരി കൊറ്റ്യത്തുവീട്ടിൽ ചോയി ബട്‌ലറുടെയും കല്യാണിയമ്മയുടെയും 9 മക്കളിൽ ആറാമനായാണു ലക്ഷ്മണന്റെ ജനനം. കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ പഠനശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്നു. മദ്രാസിലെ മെഡിക്കൽ വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേക്കു പോയി. പിന്നീട് സൈന്യത്തിൽ ഡോക്ടറായ അദ്ദേഹം, ദേശീയ അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടിക്കൊണ്ടാണ് പാരിസിലേക്കു കുതിച്ചത്. 1972 ഒക്ടോബർ 3നു ഡൽഹിയിലായിരുന്നു മരണം.