മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ സംഭവം: ആറളം, അയ്യൻകുന്ന് മേഖലകളിൽ വീണ്ടും പരിശോധന നടത്തി

Mail This Article
ഇരിട്ടി∙ തലപ്പുഴ കമ്പമലയ്ക്കു സമീപം മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ വനാതിർത്തികളോടു ചേർന്നുള്ള മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ തണ്ടർബോൾട്ടിന്റെയും ലോക്കൽ പൊലീസിന്റെയും ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെയും നേതൃത്വത്തിൽ 2 –ാം ഘട്ട പരിശോധന നടത്തി. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനായിരുന്നു പരിശോധന നടത്തിയത്.
നേരത്തെ മാവോയിസ്റ്റുകൾ എത്തിയിട്ടുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. സംശയ സാഹചര്യങ്ങൾ കണ്ടെത്താനായില്ല. തണ്ടർബോൾട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന ഉരുപ്പുംകുറ്റി ഞെട്ടിത്തോടും മുൻപ് മാവോയിസ്റ്റുകൾ എത്തിയ വീടുകളും പരിസരങ്ങളും പരിശോധിച്ചു.
മാവോയിസ്റ്റുകളുടെ സ്ഥിരം സഞ്ചാരപാതയിൽ തണ്ടർബോൾട്ട് – സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് സേനാംഗങ്ങളെയോ ഇവർക്ക് വിവരം കൈമാറുന്ന പ്രദേശവാസികളെയോ, വനപാലകരെയോ ലക്ഷ്യമിട്ടു സ്ഫോടക വസ്തുക്കളും മറ്റും ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയുന്നതിനു വേണ്ടി കൂടിയായിരുന്നു പരിശോധന. കരിക്കോട്ടക്കരി, ആറളം സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും പങ്കെടുത്തു.