ADVERTISEMENT

കണ്ണൂർ ∙ ജില്ലയിൽ സൈബർ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു. റൂറൽ പൊലീസ് ജില്ലയിൽ ഈ വർഷം റജിസ്റ്റർ ചെയ്തത് ചെറുതും വലുതുമായ 300 ഓൺലൈൻ തട്ടിപ്പുകേസുകൾ.  സിറ്റി പൊലീസ് ജില്ലയിൽ ആറു മാസത്തിനിടെ 70 കേസുകളും റജിസ്റ്റർ ചെയ്തു.  ഇക്കാലയളവിൽ ജില്ലയിൽനിന്ന് 21.47 കോടി രൂപ നഷ്ടപ്പെട്ടതായാണു പൊലീസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 

13.97 കോടി രൂപ സിറ്റിയിലും 7.5 കോടി രൂപ റൂറലിലും നഷ്ടമായി. ഇതിൽ 20 ലക്ഷത്തോളം രൂപ തിരിച്ചു പിടിച്ചു. 1.5 കോടി രൂപ വരെ നഷ്ടമായവരുണ്ട്. സിറ്റി പൊലീസ് പരിധിയിൽ ഈ വർഷം റജിസ്റ്റർ ചെയ്ത 70 സൈബർ തട്ടിപ്പ് കേസുകളിൽ 7 കേസുകളിൽ പ്രതികൾ പിടിയിലായി.  മുംബൈ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് സൈബർ തട്ടിപ്പിന് പിന്നിൽ ഏറെയുമെന്നാണ് പൊലീസ് കണ്ടെത്തൽ. 

കെണിയിൽ കുടുങ്ങി വിദ്യാസമ്പന്നർ 
∙സൈബർ തട്ടിപ്പിൽ ഇരയാകുന്നതിൽ ഏറെയും വിദ്യാസമ്പന്നരാണെന്നു പൊലീസ് പറയുന്നു. ഡോക്ടർമാരും എൻജിനീയർമാരും ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും സൈബർ തട്ടിപ്പ് സംഘങ്ങളുടെ ഇരയാകുന്നതായാണ് റിപ്പോർട്ട്. തട്ടിപ്പിന് ഇരയായാൽ മാനഹാനി ഭയന്ന് പരാതി നൽകാൻ തയാറാകുന്നില്ല.  വീട്ടമ്മമാരും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ കഴിയുന്നവരും തട്ടിപ്പ് സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളികളാണ്.

മിലിറ്ററിയുടെ പേരിലും തട്ടിപ്പ് നടത്തുന്നുണ്ട്. പൊലീസ് യൂണിഫോം ധരിച്ച് വിഡിയോ കോളിൽ എത്തി വെർച്വൽ അറസ്റ്റ് എന്നു പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്. സാമ്പത്തിക നഷ്ടം മാത്രമല്ല, തട്ടിപ്പിന് ഇരയാകുന്നവർക്കു സൈബർ തട്ടിപ്പ് സംഘത്തിൽ നിന്ന് ഭീഷണിയുമുണ്ട്. 

നിക്ഷേപത്തട്ടിപ്പ്  സമൂഹ മാധ്യമങ്ങളിലൂടെ
∙സാമ്പത്തിക ലാഭം ഉറപ്പുനൽകി നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകൾ കൂടുതലും നടക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ. വളരെ പെട്ടെന്ന് വൻതുക നേടാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം, വാട്സാപ് ഗ്രൂപ്പുകളിൽ ചേരാൻ പ്രേരിപ്പിക്കും. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പറയുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻ ഷോട്ടുകളും പങ്കുവയ്ക്കും.

എന്നാൽ, ആ ഗ്രൂപ്പിൽ തട്ടിപ്പിന് ഇരയാകുന്ന ആൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണ് എന്നതാണ് സത്യം. വ്യാജ വെബ്‌‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടും. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കു പോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും.

പിന്നീട് നിക്ഷേപിച്ചതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻ ഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻ ഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസ്സിലാകുക. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കും. 

ഉറപ്പിച്ചു പറയുക NO
∙ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം. അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ഏതെങ്കിലും തരത്തിലുള്ള ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്ത‌ാൽ പൂർണമായും നിരസിക്കുക. പണം നഷ്ടപ്പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂറിൽതന്നെ പരാതി നൽകിയാൽ അന്വേഷണത്തിന് ഏറെ സഹായകമാകും. വിവരം നൽകാൻ വിളിക്കുക: 1930  പരാതി റജിസ്റ്റർ ചെയ്യാൻ: www.cybercrime.gov.in

ജില്ലയിൽ സൈബർ തട്ടിപ്പ് കേസ് വർധിച്ചു വരികയാണ്. സൈബർ തട്ടിപ്പിന് ഇരയായാൽ നിർബന്ധമായും പരാതി നൽകണം. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് സൈബർ തട്ടിപ്പ് കേസ്. പെട്ടെന്ന് പ്രതികളിൽ എത്താനാകില്ല. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com