പാലുകാച്ചി ഒറ്റപ്ലാവിൽ വീണ്ടും കാട്ടാനക്കലി: ആനമതിൽ നിർമിക്കണം എന്ന ആവശ്യം ശക്തം

Mail This Article
കൊട്ടിയൂർ ∙ പാലുകാച്ചി ഒറ്റപ്ലാവിൽ കാട്ടാന വീണ്ടുമെത്തി കൃഷി നശിപ്പിച്ചു. ഇത്തവണയും മാളിയേക്കൽ ജോയിയുടെ കൃഷിയിടത്തിലാണ് കാട്ടാന എത്തിയത്. കൃഷിയിടത്തിനു ചുറ്റും ഉണ്ടായിരുന്ന വേലി തകർത്ത് കയറിയ കാട്ടാന കശുമാവ്, തെങ്ങ്, കശുമാവ്, റബർ, തുടങ്ങിയ കൃഷികൾ എല്ലാം നശിപ്പിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകവും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു വന്ന് പരിശോധന നടത്തിയിരുന്നു.
കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചി, ഒറ്റപ്ലാവ് മേഖലകളിൽ ഏതാനും മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. പാലുകാച്ചിയോട് ചേർന്നുള്ള കേളകം പഞ്ചായത്തിലെ ശാന്തിഗിരി, രാമച്ചി പ്രദേശങ്ങളിലേക്കും കാട്ടാനകൾ എത്താറുണ്ട്. ജോയിയുടെ കൃഷിയിടത്തിൽ ജൂൺ മാസത്തിലും കാട്ടാന എത്തിയിരുന്നു. കാട്ടാനശല്യം നിരന്തരമായി ഉണ്ടാകുന്നതിനാൽ വൈദ്യുതി തൂക്കുവേലി സ്ഥാപിക്കാൻ 2 ദിവസം മുൻപുചേർന്ന വനം വകുപ്പ്, പഞ്ചായത്തു ഭരണസമിതി ചർച്ചയിൽ തീരുമാനമായിരുന്നു.
പക്ഷേ, മഴക്കാലമായതിനാൽ പണികൾ ആരംഭിക്കുക എളുപ്പമല്ല. കേളകം പഞ്ചായത്തിലെ കരിയംകാപ്പ് വരെ ആനമതിൽ നിർമിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായി കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം വരെ കൂടി ആനമതിൽ നിർമിക്കണം എന്ന ആവശ്യം ശക്തമാണ്. സണ്ണി ജോസഫ് എംഎൽഎ വിവിധ വകുപ്പ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കണ്ട് വിഷയം അവതരിപ്പിക്കുകയും നിരവധി തവണ നിയമസഭയ്ക്ക് ഉള്ളിൽ ആവശ്യം ഉന്നയിക്കുകയും ചെയ്തതാണ്.
കാട്ടാനശല്യം: അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം
ശ്രീകണ്ഠപുരം ∙ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന കാട്ടാനശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കണ്ണൂർ നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.എസ്.ദീപയ്ക്ക് നിർദേശം നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. ഇത് സംബന്ധിച്ച് സജീവ് ജോസഫ് എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നടപടി സ്വീകരിച്ചത്.
ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലകളിൽ ഇറങ്ങുകയും റോഡുകളിലടക്കം തമ്പടിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ മുഴുവൻ സമയവും ഈ മേഖലകളിൽ വിന്യസിക്കുന്നതിനും കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.