രാജഗിരി-ജോസ്ഗിരി റോഡരികിലെ മൺകൂന ഇടിയുന്നു; കുന്നോളമുണ്ട് ആശങ്ക

Mail This Article
ചെറുപുഴ ∙ രാജഗിരി-ജോസ്ഗിരി റോഡിനു സമീപം പ്രവർത്തിക്കുന്ന ക്വാറിയുടെ അരികിലെ മൺകൂന കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞതോടെ നാട്ടുകാർ ആശങ്കയിൽ. നാട്ടുകാരുടെ പരാതിയെത്തുടർന്നു പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, സ്ഥിരസമിതി അധ്യക്ഷരായ ഷാന്റി കലാധരൻ, എം.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മരാമത്ത് റോഡരികിൽ മല പോലെ കൂട്ടിയിട്ട മണ്ണ് താഴേക്കു പതിച്ചാൽ വൻ ദുരന്തത്തിനു കാരണമാകുമെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനു സമീപത്തു തന്നെ മറ്റൊരു ക്വാറിയുമുണ്ട്. കാലവർഷം ആരംഭിച്ചതോടെ ഇതിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഒരു ക്വാറിയുടെ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഉഗ്രസ്ഫോടനങ്ങൾമൂലം ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു. സ്ഥലങ്ങൾ കോൺഗ്രസ് നേതാക്കളുടെ സംഘം സന്ദർശിച്ചു. തകർന്ന റോഡും ഓവുചാലും പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. മരാമത്ത് വകുപ്പിന്റെ അനുമതി പോലും വാങ്ങാതെ ഇന്നലെ ക്വാറിയുമായി ബന്ധപ്പെട്ടവർ റോഡ് അറ്റകുറ്റപ്പണി നടത്തിയത് ഉന്നത സ്വാധീനം ഉപയോഗിച്ചാണെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ജനങ്ങളെ വെല്ലുവിളിച്ചു ക്വാറിയുടെ പ്രവർത്തനം അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് നേതാക്കളായ മനോജ് വടക്കേൽ, സ്കറിയ നടുവിലെക്കൂറ്റ്, പി.സുരേന്ദ്രൻ, ജായിസ് കണ്ടത്തിൽ, ജയിംസ് രാമന്തറ, സെബാസ്റ്റ്യൻ കണ്ടത്തിൽ, ബാബു കണക്കൊമ്പിൽ, മൈക്കിൾ കൂമ്പുക്കൽ, ബെന്നി കാനക്കാട്ട്, ജിജോ പുത്തൻപുര എന്നിവർ പറഞ്ഞു.