കൂടുതൽ ട്രെയിനിനായുള്ള കണ്ണൂരിന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ

Mail This Article
കണ്ണൂർ ∙ ദിവസേന കണ്ണൂർ വഴി കടന്നുപോകുന്നത് 55 ട്രെയിനുകൾ. എന്നിട്ടും, യാത്രാ ആവശ്യങ്ങളുടെ 25 ശതമാനം പോലും പരിഹരിക്കാൻ ഈ സർവീസ് കൊണ്ട് സാധിക്കുന്നില്ലെന്നാണ് ട്രെയിൻ യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. അൺറിസർവ്ഡ് യാത്രക്കാർ കൂടുതൽ കേരളത്തിൽ യാത്ര ചെയ്യുന്നത് കണ്ണൂർ – തിരൂർ റൂട്ടിലാണെന്നാണ് റെയിൽവേയുടെ പഠനം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കണ്ണൂരിൽനിന്ന് ഷൊർണൂർ ഭാഗത്തേക്കും മംഗളൂരു ഭാഗത്തേക്കും തുടരുന്ന യാത്രാ ദുരിതം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.
കോഴിക്കോട് ഭാഗത്തേക്ക് രാവിലെ 9.35ന്റെ ഏറനാട് എക്‌സ്പ്രസ് കഴിഞ്ഞാൽ പിന്നെ 2 മണിക്കൂർ കഴിഞ്ഞ് 11.55നുള്ള കോയമ്പത്തൂർ പാസഞ്ചർ മാത്രമാണുള്ളത്. ചില ദിവസങ്ങളിൽ മാത്രമാണ് ഇടയിലുള്ള സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഉള്ളത്. രാവിലെ 11.55ന്റെ ട്രെയിൻ കഴിഞ്ഞാൽ ഉച്ചയ്ക്ക് ഒന്നിനുള്ള കോയമ്പത്തൂർ ഇന്റർസിറ്റി, പിന്നെ 2.50ന്റെ ഇന്റർസിറ്റി തുടങ്ങിയ ട്രെയിനുകളാണുള്ളത്. രണ്ടും മൂന്നും മണിക്കൂർ ഇടവിട്ടാണ് പകൽ സമയത്ത് പോലും ട്രെയിനുള്ളത്. രാത്രി 8.55ന്റെ മലബാർ എക്സ്പ്രസ് പോയാൽ പിന്നെ പുലർച്ചെ 1.45നുള്ള വെസ്റ്റ് കോസ്റ്റ് മാത്രമാണ്. കാസർകോട് ഭാഗത്തേക്ക് ഇതിലും രൂക്ഷമാണ് പ്രശ്‌നം.
രാവിലെ 9.15ന്റെ മെയിൽ പോയാൽ 10.45ന്റെ ഇന്റർസിറ്റിയും 2.15നുള്ള ഏറനാടുമാണുള്ളത്. വൈകിട്ട് 6.40ന് നേത്രാവതി പോയാൽ പിന്നെയുള്ള ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 2.40നുള്ള വെസ്റ്റ് കോസ്റ്റ് മാത്രമാണ്. ആലപ്പുഴയിൽ നിന്ന് കണ്ണൂർ വരെ സർവീസുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 11.30ന് കണ്ണൂർ എത്തിയിരുന്നത് ഇപ്പോൾ 12.30 ആക്കി ഈ ട്രെയിൻ തലശ്ശേരിയിൽ എത്തുന്ന സമയം 10.34 ആണ്. 20 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 മിനിറ്റ് മതി എന്നിരിക്കെ 2 മണിക്കൂർ സമയം വച്ചത് വന്ദേഭാരത് പോലുള്ള ട്രെയിൻ കടന്നു പോകുന്നതിന് വേണ്ടി മാത്രമാണ്.
നടപടി തേടി ജില്ലാ പഞ്ചായത്ത്
കണ്ണൂർ∙ മലബാറിലെ ട്രെയിൻ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം. ജില്ലയിലെ എംപിമാരോടും റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജരോടും ഇക്കാര്യത്തിൽ ഇടപെടാൻ ജില്ലാ പഞ്ചായത്ത് യോഗം അഭ്യർഥിച്ചു.
മൂന്നാം പാത: സ്വാഗതം ചെയ്ത് ചേംബർ
കണ്ണൂർ∙ കേരളത്തിന്റെ വളർച്ചയ്ക്കു വേഗം കൂട്ടാൻ ഉതകുന്ന മൂന്നാം റെയിൽപാതയുടെ പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമിടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തെ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്തു. ഉത്തരമലബാറിൽ യാത്രക്കാരുടെ ബാഹുല്യം കാരണം ബോഗികൾ തികയാതെ വരികയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ടെന്നു പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, ഓണററി സെക്രട്ടറി സി.അനിൽ കുമാർ എന്നിവർ ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ ആവശ്യങ്ങൾ
∙ഹ്രസ്വദൂരത്തേക്ക് കൂടുതൽ പാസഞ്ചർ ട്രെയിൻ അനുവദിക്കണം. മെമു ട്രെയിൻ അനുവദിക്കണം.
∙ ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ, അൺ റിസർവ്ഡ് കോച്ച് അനുവദിക്കണം.
∙കണ്ണൂരിൽ നിന്നുള്ള ജനശതാബ്ദി എക്‌സ്പ്രസ് ആഴ്ചയിൽ ഒരു ദിവസം ഒഴിവാക്കുന്നത് ട്രെയിൻ അറ്റകുറ്റ പ്രവൃത്തിക്കുള്ള പിറ്റ് ലൈൻ ഇല്ല എന്ന കാരണത്താലാണ്. കണ്ണൂരിന് പിറ്റ് ലൈൻ ഉടൻ വേണം.