ആനമതിൽ പണി ചർച്ച ചെയ്ത് തീരുമാനിക്കും; അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് നിർദേശം

Mail This Article
ഇരിട്ടി ∙ ആറളം ഫാം – ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ പണിയുന്ന ആനമതിൽ പൂർണമായും ഉപകാരപ്പെടണമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നു നിർദേശം. ആറളം ഫാം ഓഫിസിൽ ആനമതിൽ പണി അവലോകനം ചെയ്യുന്നതിനായി സബ് കലക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അലൈൻമെന്റ് മാറ്റം ചർച്ചയായത്. ചൂരൽ കാടുകളും കരിങ്കൽ പാറകളും നിറഞ്ഞ ചെങ്കുത്തായ പ്രദേശമായതിനാൽ പരിപ്പുതോട് മുതൽ താളിപ്പാറ, കോട്ടപ്പാറ വരെ 2 കിലോമീറ്ററോളം ദൂരം വരുന്ന ഭാഗത്ത് വനാതിർത്തിയിൽ പണിയാൻ നിർദേശിച്ച ആനമതിൽ ടിആർഡിഎം സ്ഥലത്തേക്ക് മാറ്റി പണിയണമെന്നാണു നിർദേശം ഉയർന്നത്.
ടിആർഡിഎമ്മിന്റെ കൈവശം ഉള്ള 250 ഏക്കറോളം സ്ഥലം ഇപ്രകാരം അലൈൻമെന്റ് മാറ്റം വരുത്തുമ്പോൾ നഷ്ടപ്പെടും. ഈ സ്ഥലം വനം വകുപ്പിന് കൈമാറി ഫാമിനുള്ളിൽ 8 ബിറ്റുകളിലായി ഉള്ള വനം ഭൂമി ടിആർഡിഎമ്മിനു പകരമായി കൈമാറണമെന്നും ആയിരുന്നു ശുപാർശ. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉൾപ്പെടെ ഉള്ളവർ അലൈൻമെന്റ് മാറ്റത്തെ അനുകൂലിച്ചപ്പോൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭയും ടിആർഡിഎം ആറളം ഫാം സൈറ്റ് മാനേജർ സി.ഷൈജുവും വിയോജിപ്പ് പ്രകടിപ്പിച്ചു.
വനത്തിലേക്കു കയറ്റി വിടുന്ന ആനകൾ തിരിച്ചു വരുന്നതിന്റെ സാഹചര്യം പ്രതിരോധിക്കാൻ പുനരധിവാസ മേഖലയിലെ പരിപ്പുതോട് മുതൽ 10–ാം ബ്ലോക്കിലെ ആർആർടി ഓഫിസുവരെ തുക്കുവേലി നിർമിക്കും. ഫാമിലും പുനരധിവാസ മേഖലയിലും ആയി അവശേഷിച്ച ആനകളെയും ഘട്ടംഘട്ടമായി തുരത്തി കാടുകയറ്റും.സബ് കലക്ടറുടെ നേതൃത്വത്തിൽ അലൈൻമെന്റ് മാറ്റം പറഞ്ഞ പ്രദേശം സന്ദർശിച്ചു. ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിധീഷ് കുമാർ, ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫിസർ വിനോദ്, മരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലജീഷ് കുമാർ, കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, മണത്തണ ഫോറസ്റ്റർ സി.കെ.മഹേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അലൈൻമെന്റ് മാറ്റം; കാരണങ്ങൾ
മേഖലയിൽ നിലവിൽ പതിനഞ്ചോളം കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രതിസന്ധികൾ മൂലം ഇവർക്ക് വേണ്ട ഗതാഗത, ജലസേചന സൗകര്യങ്ങൾ നാളിതുവരെയായിട്ടും ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ചെങ്കുത്തായ പാറക്കെട്ട് ആയതിനാൽ മരങ്ങൾ മുറിച്ചുമാറ്റിയാൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിനും പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകും. ഭാവിയിൽ റോഡ് അടക്കമുള്ള വികസനങ്ങൾ കൊണ്ടുവരുന്നതിനു വകുപ്പിന് വലിയ തുക മുടക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.മതിൽ പണിയാൻ സാധിക്കാത്തതിനാൽ ഈ അതിരിൽ ഒരു കിലോമീറ്റർ ദൂരം റെയിൽവേലിയാണു പണിയാൻ പദ്ധതി ഉള്ളത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ആറളം ഫാമിലെ ആനമതിൽ കോട്ടപ്പാറയിൽ നിന്ന് ചെങ്കുത്തായ പ്രദേശങ്ങളും പാറക്കെട്ടുകളും എല്ലാം ഒഴിവാക്കി പുതിയ അലൈൻമെന്റ് എന്ന ആശയമാണ് യോഗത്തിൽ അജൻഡയായി ചർച്ച ചെയ്തത്.