പട്ടാപ്പകൽ നഗരത്തിൽ മാലക്കവർച്ച: വീട്ടിൽ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമറകളും കവർന്നു

Mail This Article
തലശ്ശേരി∙ നഗരത്തിൽ കവർച്ച വ്യാപകമാവുന്നു. തിരുവങ്ങാട് ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന വയോധികയുടെ സ്വർണമാല പട്ടാപ്പകൽ കവർന്നു. രണ്ടാം ഗേറ്റിൽ സ്വകാര്യ ആശുപത്രിയിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടിയുടെ സ്വർണമാലയും അപഹരിച്ചു. കായ്യത്ത് ഗുഡ്സ്ഷെഡ് റോഡിൽ ഡോക്ടറുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന ഏഴ് സിസിടിവി ക്യാമറകൾ മോഷണം പോയി.
റോഡിൽ
∙ ഇന്നലെ രാവിലെ 8.30ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപത്തുവച്ചാണ് പുല്ലമ്പിൽ റോഡിലെ ജാനകിയുടെ ഒരു പവന്റെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നുകളഞ്ഞത്. വയോധികയുടെ കരച്ചിൽ കേട്ട് പരിസരത്തുള്ളവർ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
ആശുപത്രിയിൽ
∙ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്വകാര്യ ആശുപത്രിയിൽവച്ച് കുഞ്ഞിന്റെ ഒരു പവന്റെ മാല നഷ്ടമായത്. ചെറുപ്പറമ്പിലെ സുമയ്യയുടെ മകളുടെ മാലയാണു മോഷ്ടിച്ചത്. ഒരു സ്ത്രീ കുഞ്ഞിന്റെ അടുത്തു വന്നിരുന്ന് കുട്ടിയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിക്കുന്ന ദൃശ്യം ആശുപത്രിയിലെ സിസിടിവി പതിഞ്ഞിട്ടുണ്ട്. പൊലീസ് കേസ് എടുത്ത് അന്വേഷിക്കുന്നു.
വീട്ടിൽ
∙ശിശുരോഗ വിദഗ്ധൻ ഡോ. അബ്ദുൽസലാമിന്റെ ഗുഡ്സ്ഷെഡ് റോഡിലെ വീട്ടുപരിസരത്ത് സ്ഥാപിച്ച ഏഴു സിസിടിവി ക്യാമറകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് ക്യാമറകൾ നഷ്ടമായത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസിൽ പരാതി നൽകി. മാസങ്ങളായി നഗരവും പരിസരങ്ങളും മോഷ്ടാക്കളുടെ പിടിയിലാണ്. ഏതാനും കേസുകളിൽ പ്രതികളെ കണ്ടെത്താനായെങ്കിലും മോഷണവും പിടിച്ചുപറിയും നാൾക്കുനാൾ വർധിക്കുകയാണ്.
ആൾത്താമസമില്ലാത്ത വീട്ടിൽ കവർച്ചശ്രമം
പിലാത്തറ∙ ആൾത്താമസമില്ലാത്ത വീട്ടിൽ കവർച്ചശ്രമം. മോഷ്ടാക്കൾ വീടിന്റെ വാതിൽ തകർത്തു. മണ്ടൂർ കോക്കാട് ബസ് സ്റ്റോപ്പിന് സമീപത്തെ ഇട്ടമ്മൽ ത്വാഹയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നത്. വീടിന്റെ മുൻവശത്തും അകത്തെ മുറികളുടെയും 5 വാതിലുകൾ മോഷ്ടാക്കൾ കുത്തിപ്പൊളിച്ചെങ്കിലും വീട്ടിൽ വില പിടിച്ചതു സൂക്ഷിക്കാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടില്ല. മുറികളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങളെല്ലാം വാരി വലിച്ചിട്ട് നിലയിലാണ്. ത്വാഹയും കുടുംബവും തിങ്കളാഴ്ച അബുദാബിയിലേക്ക് പോയിരുന്നു. രാവിലെ ബന്ധുക്കളാണ് മോഷണശ്രമം നടന്നതായി കണ്ടത്. വാതിലുകൾ തകർത്തതിൽ മാത്രം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. പരിയാരം പൊലീസ് കേസെടുത്ത്.