ഗതാഗത ക്രമീകരണം പാളി; ചാല ബൈപാസിൽ ഗതാഗതക്കുരുക്ക്
Mail This Article
ചാല∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ബൈപാസിലെ ചാല അമ്പലം സ്റ്റോപ്പിൽ വരുത്തിയ ഗതാഗത ക്രമീകരണത്തിനുശേഷം ചാല ബൈപാസിൽ വൻ ഗതാഗതക്കുരുക്ക്. കൂത്തുപറമ്പ്, നടാൽ ബൈപാസ്, കണ്ണൂർ എന്നീ ഭാഗങ്ങളിലേക്കു വാഹനങ്ങളുടെ നീണ്ടനിര പതിവ് കാഴ്ചയാണ്. ചാല അമ്പലം സ്റ്റോപ്പിൽ നിർമിച്ച അടിപ്പാത വഴി വളഞ്ഞാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. അടിപ്പാത വഴിയുള്ള റോഡിന് വീതി നന്നേ കുറവാണ്.
കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഈ അടിപ്പാതയിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ബസുകൾ നിർത്തുമ്പോൾ പിന്നിൽ വാഹനങ്ങളുടെ വൻ നിര രൂപപ്പെടുന്നുണ്ട്. ഇന്നലെ ചാലക്കുന്ന് കയറ്റത്തിൽ ലോറി നിന്നതുകാരണം ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി.
അടിപ്പാതയുടെ അടിയിലെ വീതി കുറഞ്ഞ റോഡിൽ ബസുകൾ നിർത്തുന്നത് ഒഴിവാക്കി സ്ഥലത്ത് നേരത്തേയുണ്ടായിരുന്ന കണ്ണൂർ ഭാഗത്തേക്കുള്ള ബസ് ഷെൽറ്റർ ഭാഗത്ത് നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്താൽ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ശമനമുണ്ടാക്കാമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. ഇക്കാര്യം പൊലീസ് പരിഗണിക്കണമെന്നാണ് ആവശ്യം.