ADVERTISEMENT

മുംബൈ ∙  കനത്ത മഴയെ തുടർന്ന് ഗോവയിലെ തുരങ്കത്തിൽ വെളളവും ചെളിയും നിറഞ്ഞു മുടങ്ങിയ ട്രെയിൻ ഗതാഗതം ഇന്നലെ രാത്രി എട്ടരയോടെ പുനഃസ്ഥാപിച്ചു. കേരളത്തിലേക്കും തിരിച്ചുമുള്ള ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് വെള്ളവും ചെളിയും നീക്കി ട്രെയിനുകൾ കടത്തിവിട്ടെങ്കിലും വീണ്ടും മഴ കനത്തതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്.

യാത്ര മുടങ്ങിയ ശ്രേയ നമ്പ്യാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ. അച്ഛൻ രാമകൃഷ്ണൻ സമീപം. ചിത്രം:മനോരമ
യാത്ര മുടങ്ങിയ ശ്രേയ നമ്പ്യാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ. അച്ഛൻ രാമകൃഷ്ണൻ സമീപം. ചിത്രം:മനോരമ

പാതയിൽ കുടുങ്ങിയ കേരളത്തിലേക്കുള്ള ട്രെയിനുകൾ പൻവേലിൽ തിരിച്ചെത്തിച്ച് പുണെ–ഗുണ്ടയ്ക്കൽ–ഇൗറോഡ്–പാലക്കാട്–ഷൊർണൂർ വഴി തിരിച്ചുവിട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനു യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങി. 


റദ്ദാക്കിയ ട്രെയിനുകൾ: ‌‌കുർള എൽടിടി- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), കുർള എൽടിടി- മംഗളൂരു സെൻട്രൽ എക്സ്പ്രസ് (12619). 
വഴി തിരിച്ചുവിട്ടവ: ചൊവ്വാഴ്ച പുറപ്പെട്ട കുർള എൽടിടി- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), കുർള എൽടിടി - കൊച്ചുവേളി എക്സ്പ്രസ് (22113), നിസാമുദ്ദീൻ - തിരുവനന്തപുരം എക്സ്പ്രസ് (12432), ഭാവ്നഗർ - കൊച്ചുവേളി എക്സ്പ്രസ് (19260), കുർള എൽടിടി - എറണാകുളം തുരന്തോ എക്സ്പ്രസ് (12223), എറണാകുളം–നിസാമുദ്ദീൻ എക്സ്പ്രസ് (12283). ഇന്നലെ പുറപ്പെട്ട എറണാകുളം–നിസാമുദ്ദീൻ എക്സ്പ്രസ് (22655), തിരുവനന്തപുരം–പൻവേൽ നേത്രാവതി എക്സ്പ്രസ് (16346) ട്രെയിനുകൾ ഷൊർണൂർ–ഇൗറോഡ്–ഗുണ്ടയ്ക്കൽ–സോലാപുർ–പുണെ–പൻവേൽ വഴി തിരിച്ചുവിട്ടു. ചൊവ്വാഴ്ച പുറപ്പെട്ട എറണാകുളം –പുണെ എക്സ്പ്രസ് (22149), തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431), എറണാകുളം–നിസാമുദീൻ മംഗള എക്സ്പ്രസ് (12617, മംഗളൂരു–മുംബൈ സിഎസ്എംടി എക്സ്പ്രസ് (12134) ട്രെയിനുകൾ മഡ്ഗാവ്–ലോണ്ഡ–മീറജ് വഴി തിരിച്ചുവിട്ടു. കൊച്ചുവേളി–അമൃത്സർ എക്സ്പ്രസ് (12483), എറണാകുളം–നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) പാലക്കാട്–ഇൗറോഡ്–സോലാപുർ–പുണെ–പൻവേൽ വഴി തിരിച്ചുവിട്ടു. ചൊവ്വാഴ്ച പുറപ്പെട്ട തിരുവനന്തപുരം–കുർള നേത്രാവതി എക്സ്പ്രസ് (16346) മംഗളൂരുവിൽ നിന്ന് തിരികെ ഷൊർണൂരിൽ എത്തിച്ച് ഇൗറോഡ്–സോലാപുർ–പുണെ–പൻവേൽ വഴി തിരിച്ചുവിട്ടു

യാത്രക്കാർ വലഞ്ഞു
കണ്ണൂർ∙ ഗോവ പെർണേമിലെ തുരങ്കത്തിൽ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം മുടങ്ങിയതോടെ കണ്ണൂരിലെ യാത്രക്കാരും വലഞ്ഞു.  പലരും റെയിൽവേ സ്റ്റേഷനി‍ൽ എത്തിയതിനു ശേഷമാണ് ട്രെയിൻ റദ്ദായതും വഴി തിരിച്ചുവിട്ടതുമെല്ലാം അറിഞ്ഞത്. ചണ്ഡിഗഡ് യൂണിവേഴ്സിറ്റി മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ശ്രേയ നമ്പ്യാർ അവധിക്കാലത്തു പിതാവിനെക്കാണാൻ കേരളത്തിൽ എത്തിയതാണ്. കണ്ണപുരത്തെ ഒരു സ്വകാര്യ കമ്പനിയിലാണു അച്ഛൻ രാമകൃഷ്ണന്റെ ജോലി. 

മൂന്നാം വർഷ ക്ലാസുകൾ ജൂലൈ 16നു തുടങ്ങാനിരിക്കെയാണു തിരിച്ചുപോകാൻ ശ്രേയ അമൃത്​സർ–കൊച്ചുവേളി വീക്ക്​ലി ട്രെയ്നിൽ സീറ്റ് ബുക് ചെയ്തത്. പക്ഷേ, കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം മുടങ്ങിയതോടെ ശ്രേയയുടെ യാത്രയും മുടങ്ങി. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് ട്രെയിൻ വഴി തിരിച്ചുവിട്ടുവെന്ന വിവരം ശ്രേയയും രാമകൃഷ്ണനും അറിയുന്നത്. പക്ഷേ, അപ്പോഴേക്കും ഇരുവരും സ്റ്റേഷനിലെത്തിയിരുന്നു. 

ദൂരയാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായത്. പല ടിക്കറ്റുകളും റിസർവേഷനുള്ളവയാണ്. ടിക്കറ്റ് കാൻസൽ ചെയ്താൽ പണം തിരികെക്കിട്ടുമെന്നല്ലാതെ അവരുടെ യാത്ര ഇനിയെങ്ങനെ സാധ്യമാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണം. ആവശ്യമെങ്കിൽ മറ്റു സ്റ്റേഷനുകളിലേക്ക് അവരെ എത്തിക്കാനുള്ള സഹായം നൽകണം.

‘വീക്ക്​ലി ട്രെയിൻ ആയതിനാൽ ഇനി അ‍ടുത്ത ആഴ്ച വരെ കാത്താലേ ട്രെയിൻ കിട്ടുള്ളൂ. അതിൽത്തന്നെ തത്കാൽ ടിക്കറ്റിനു ശ്രമിക്കേണ്ടി വരും. അതും കിട്ടുമെന്ന് ഉറപ്പില്ല. ക്ലാസുകളാകട്ടെ 16നു തുടങ്ങുകയും ചെയ്യും’, ശ്രേയ പറഞ്ഞു.  ഇതേ ട്രെയിനിൽ തന്നെയാണു ഡൽഹിയിലേക്കു പോകാൻ അതിഥിത്തൊഴിലാളികളായ ജംഷദും കൂടെയുള്ള 12 പേരും ടിക്കറ്റ് എടുത്തിരുന്നത്. വടകരയിലാണ് എല്ലാവരും ജോലി ചെയ്യുന്നത്. കുറച്ചുനാളത്തെ അവധിയിൽ വീട്ടിലേക്കു പോകാമെന്ന പ്രതീക്ഷയോടെ മാസങ്ങൾക്കു മുൻപേ തന്നെ ഇവരെല്ലാം ടിക്കറ്റ് ബുക് ചെയ്തിരുന്നു.

പക്ഷേ, അപ്രതീക്ഷിതമായി ട്രെയിൻ വഴി തിരിച്ചുവിട്ടതോടെ അവരുടെ യാത്രയും തടസ്സപ്പെട്ടു. ‘എല്ലാ ടിക്കറ്റിനും റിസർവേഷനുണ്ടായിരുന്നു. കുറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലീവും ടിക്കറ്റുമെല്ലാം ശരിയായത്. പക്ഷേ, യാത്ര മുടങ്ങി. എന്താണു ചെയ്യേണ്ടതെന്ന് അറിയില്ല’, ജംഷദ്  പറഞ്ഞു.ജില്ലയിൽ നിന്നുള്ള യാത്രക്കാർ ഏറെയും ആശ്രയിക്കുന്ന ട്രെയിനുകളും വഴി തിരിച്ചുവിട്ടവയിൽ ഉൾപ്പെട്ടിട്ടുണ്ട് ഗതാഗതം മുടങ്ങിയതോടെ ഇവരും ദുരിതത്തിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com