ADVERTISEMENT

കൂത്തുപറമ്പ് ∙ കനത്ത മഴയിൽ വേങ്ങാട്, കൂത്തുപറമ്പ്, കോട്ടയം, പാട്യം പ്രദേശങ്ങളിലെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിലായി. പുഴകളും തോടുകളും കരകവിഞ്ഞ് പല ഭാഗങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴ ജന ജീവിതത്തെ സാരമായി ബാധിച്ചു. വേങ്ങാട് പഞ്ചായത്തിൽ അഞ്ചരക്കണ്ടി പുഴയുടെ ഭാഗമായുള്ള മമ്പറം, ഓടക്കാട്, വേങ്ങാട് അങ്ങാടി, കല്ലായി, ചാമ്പാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഈ പ്രദേശങ്ങളിലെ വയലുകളെല്ലാം വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവും ഉണ്ടായി.

കൊടുവള്ളിയിൽ റെസ്റ്റ്‌ ഹൗസിനു സമീപം പി.പി.അഷ്‌റഫിന്റെ 
വീട്ടിലേക്ക് കുന്നിടിഞ്ഞ നിലയിൽ.
കൊടുവള്ളിയിൽ റെസ്റ്റ്‌ ഹൗസിനു സമീപം പി.പി.അഷ്‌റഫിന്റെ വീട്ടിലേക്ക് കുന്നിടിഞ്ഞ നിലയിൽ.

മമ്പറം പുഴയിൽ ബോട്ടുജെട്ടി വെള്ളത്തിൽ മുങ്ങി. മമ്പറം ടൗണിൽ പാലത്തിനടിയിലേക്ക് വെള്ളം ഇരച്ച് കയറിയതിനാൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഓടക്കടവിലും ചാമ്പാടും വെള്ളമുയർന്നതിനാൽ മമ്പറം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു.ഓടക്കാട് ടൗണിൽ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചു കയറി. വേങ്ങാട് അങ്ങാടിയിലും സീഡ് ഫാമിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളിലും വെള്ളം കയറി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കല്ലായി പ്രദേശത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ 6 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

ചിറ്റാരിപ്പറമ്പ് കോട്ടയിൽ ശാരീഷിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
ചിറ്റാരിപ്പറമ്പ് കോട്ടയിൽ ശാരീഷിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

പാട്യം പഞ്ചായത്തിൽ മുതിയങ്ങ, ചീരാറ്റ, കൂറ്റേരിപൊയിൽ മേഖലയിലാണ് കനത്ത വെള്ളക്കെട്ടും പ്രയാസങ്ങളും ഉണ്ടായത്. കാർഷിക മേഖലയാകെ വെള്ളക്കെട്ടിൽ മുങ്ങി. വ്യാപക കൃഷി നാശവുമുണ്ട്. ചെറുവാഞ്ചേരി റൂട്ടിൽ വാഹന ഗതാഗതം മുടങ്ങി. ബസുകൾ ഓടിയില്ല. മരപ്പാലം, ചീരാറ്റ, കൂറ്റേരിപ്പൊയിൽ, കളരി താഴെ തുടങ്ങിയ ഭാഗങ്ങളിൽ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. കൂറ്റേരിപൊയിൽ മുതിയങ്ങ എൽപി സ്കൂൾ കെട്ടിടം വെള്ളത്തിൽ മുങ്ങി. പരിസരത്തെ 2 വീടുകളിൽ വെള്ളം ഉയർന്നെങ്കിലും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നില്ല.

കൂറ്റേരിപ്പൊയിൽ ജ്ഞാനപ്രകാശിനി വായനശാലയ്ക്ക് എതിർവശത്തെ ചായക്കടയും സ്റ്റേഷനറി കടയും ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു വെള്ളം കയറി. ചെറുവാഞ്ചേരി മഠത്തിൽ പുഴ കര കവിഞ്ഞൊഴുകി പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയി. ഇതുവഴി ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. കൂത്തുപറമ്പ് നഗരസഭയിൽ ആമ്പിലാട്, തൃക്കണ്ണാപുരം പാടശേഖരങ്ങളിലെ കൃഷി വെള്ളത്തിലായി. നരവൂർ തോട് കരകവിഞ്ഞ് നരവൂരിലെ വയൽ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. നഗരത്തിൽ മാർക്കറ്റിന് സമീപം 3 കടകളിൽ വെള്ളം കയറി.

കനത്ത മഴയിൽ കടയുടെ പിൻവശത്തുകൂടെ ഒഴുകിയെത്തിയ വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്ക് കേറുകയായിരുന്നു. ഹരിശ്രീ ലോട്ടറി സ്റ്റാളിലും ക്ലീൻ ക്യാപ്പിറ്റൽ ഷോപ്പിലും സമീപത്തെ മൊബൈൽ ഷോപ്പിലുമാണു നാശനഷ്ടം ഉണ്ടായത്. പഴയനിരത്ത് തിരുവഞ്ചേരി കാവിനു പിൻവശത്ത് കനാൽ റോഡിന്റെ ഒരു വശം കനാലിലേക്ക് ഇടിഞ്ഞുതാഴ്ന്നു. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ കയർ കെട്ടി അപായ സൂചന നൽകി. കോട്ടയം പഞ്ചായത്തിൽ എരുവട്ടി തോട് കരകവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങൾ വെള്ളക്കെട്ടിലായി. കാനത്തുംചിറ വയലിലും കൃഷികൾ വെള്ളത്തിൽ മുങ്ങി.

പാനൂർ ∙ കനത്ത മഴയിൽ പരക്കെ നാശം. വിലങ്ങാട്ടെ ഉരുൾപൊട്ടൽ കിഴക്കൻ മേഖലയിൽ വലിയ നാശനഷ്ടത്തിനിടയാക്കി. കടവത്തൂർ, പൊയിലൂർ, പെരിങ്ങത്തൂർ, പാറാട് പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. കൊളവല്ലൂർ, പൊയിലൂർ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നരിക്കോട് മല സാംസ്കാരിക കേന്ദ്രത്തിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. ജനപ്രതിനിധികൾ ക്യാംപ് സന്ദർശിച്ചു. 2 ചാക്ക് അരിയും ആവശ്യമായ പലവ്യഞ്ജനങ്ങളും കെ.പി.മോഹനൻ എംഎൽഎ ക്യാംപിലേക്ക് എത്തിച്ചുകൊടുത്തു. 13 കുടുംബങ്ങളെ ക്യാംപിലേക്കു മാറ്റി. രാവിലെ ചെറുവാഞ്ചേരിക്ക് പുറപ്പെട്ട ബസ് കുന്നോത്തുപറമ്പിൽ വെള്ളക്കെട്ടിൽ കുടുങ്ങി.

കായലോട്ട്താഴെ പുഴ കരകവിഞ്ഞതിനെത്തുടർന്ന് കുടുങ്ങിപ്പോയ കുടുംബങ്ങളെ അഗ്നിരക്ഷാസേനയും പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നു മാറ്റി. കടവത്തൂർ ടൗണിൽ വെള്ളം കയറിയതിനെത്തുടർന്ന് ടൗണിൽ നാട്ടുകാർ തോണിയിറക്കി. വെള്ളം കയറിയതിനെത്തുടർന്ന് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം നേരിട്ടതായി വ്യാപാരികൾ പറഞ്ഞു. പെരിങ്ങത്തൂർ ബോട്ടുജെട്ടി വെള്ളത്തിനടിയിലായി. സിപിഎം നേതാവ് അജിത്ത് കുമാറിന്റെ പൊയിലൂരിലെ വീട്ടിൽ വെള്ളം കയറി.

കൈവേലിക്കൽ എംഇഎസ് സ്കൂളിനു സമീപം കുന്നത്ത് ആയിഷയുടെ വീട്ടുമതിൽ തകർന്നു. വീടിനു കേടുപറ്റി. പാത്തിപ്പാലം ആയുർവേദ ആശുപത്രിക്ക് സമീപം കുന്നത്ത് മീത്തൽ പവിത്രന്റെ വീട്ടുമതിലും ഇടിഞ്ഞു. ഈസ്റ്റ് വള്ള്യായിൽ കെ.പി.ബാബുവിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. കുട്ടികളുൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച വാഹനം ചമ്പാട് മനയത്ത് വയലിൽ കുടുങ്ങി. വാഹനത്തിനകത്ത് വെള്ളം കയറുന്നതു കണ്ട് പേടിച്ച കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി വാഹനം തള്ളി കരയ്ക്കെത്തിച്ചു. ചമ്പാടും പരിസര പ്രദേശങ്ങളിലും വെള്ളം കയറി.

തലശ്ശേരി ∙ ഇടമുറിയാതെ പെയ്യുന്ന മഴയിൽ നഗരത്തിലും പരിസരങ്ങളിലും നാശനഷ്ടം നേരിട്ടു. ഇന്നലെ പുലർച്ചെ കൊടുവള്ളി റസ്റ്റ് ഹൗസിന് സമീപത്തും ചക്യത്ത്മുക്കിലും കുന്നിടിഞ്ഞു. റസ്റ്റ് ഹൗസിന് സമീപം പി.പി.അഷ്റഫിന്റെ വീട്ടു മുറ്റത്തേക്കാണ് മുകളിലെ കുന്നിടിഞ്ഞത്. ചക്യത്തുമുക്കി‍ൽ ഫിഷർമെൻ കോളനിക്ക് സമീപത്തെ കുന്നിടിഞ്ഞു സമീപത്തെ വീടുകൾക്ക് അപകടഭീഷണിയായി ചാഞ്ഞുനിന്ന 2 തെങ്ങുകൾ പിന്നീട് മുറിച്ചുമാറ്റി. ഇന്നലെ പുലർച്ചെയാണു സംഭവം. കോടതിക്ക് സമീപം പി.കുഞ്ഞിരാമൻ‌ വക്കീൽ റോഡിൽ വലിയ മരം കടപുഴകി റോഡിന് കുറുകെ വീണു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലാണ് മരച്ചില്ലകൾ പതിച്ചത്. രാവിലെ മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 10 മണിയോടെ അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു നീക്കി. ചിറക്കര അയ്യലത്ത് സ്കൂളിനു സമീപം വീട്ടുമതിൽ തകർന്നു.

കതിരൂർ ∙ മഴ ശക്തമായതോടെ പഞ്ചായത്തിലെ സൈക്ലോൺ ഷെൽട്ടറിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. കുട്ടികളും കിടപ്പുരോഗിയും വയോജനങ്ങളും ഉൾപ്പെടെ 17 പേർ ക്യാംപിലുണ്ട്. കതിരൂർ പഞ്ചായത്ത് പരിധിയിലെ ചാടാല പുഴയുടെ തീരങ്ങളിൽ വെള്ളം കയറിയതോടെയാണ് തെങ്ങുംവളപ്പിലെ 6 കുടുംബങ്ങളെ സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിയത്. ചാടാലപ്പുഴ കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

പൊന്ന്യംപാലം റേഷൻ ഷോപ്പ് റോഡ്, മാക്കുനി റോഡ്, മനയത്ത് വയൽ, കുന്നോത്ത് മുക്ക് പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. കടകളിലും വെള്ളം കയറി. വെള്ളം കയറാൻ സാധ്യതയുള്ള ഭാഗങ്ങളിൽ നിന്ന് വയോധികരെയും കിടപ്പുരോഗികളെയും ബന്ധുവീടുകളിലേക്കു മാറ്റി. രാത്രിയോടെ മാക്കുനി, ചമ്പാട് ടൗൺ വെള്ളത്തിനടിയിലായി. ഇരുചക്രവാഹനങ്ങൾ മുങ്ങുന്ന തരത്തിലാണു വെള്ളമുയർന്നത്. ഗതാഗതം നിലച്ചു.

ന്യൂമാഹി ∙ പെരിങ്ങാടി പള്ളിപ്രം എൽപി സ്കൂളിനു സമീപത്തെ ഉത്തക്കണ്ടിയിൽ പാർഥൻ–ഗോപി സഹോദരന്മാരുടെ വീട് ഇന്നലെ പുലർച്ചെ 4.15നു തകർന്നുവീണു. ഓട് വീഴുന്ന ശബ്ദം കേട്ട സഹോദരന്മാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സ്പീക്കർ എ.എൻ.ഷംസീറും റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്ഥലം സന്ദർശിച്ചു.

വാഴമലയിൽ ഉരുൾപൊട്ടി
പാനൂർ ∙ വാഴമലയിൽ ഉരുൾപൊട്ടി. ചെറിയ രീതിയിൽ ആയതിനാൽ ആളപായം ഉണ്ടായിട്ടില്ല. ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ വാഴമലയ്ക്ക് സമീപം നരിക്കോട് മലയിൽനിന്ന് 14 കുടുംബങ്ങളെയും നരിക്കോട് മലയിലെ താഴ്ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 6 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. നരിക്കോട് മല സാംസ്കാരിക നിലയത്തിൽ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. ഇവിടേക്കാണ് മാറ്റിപ്പാർപ്പിച്ചത്. പാത്തിക്കൽ–വാഴമല റോഡിൽ വിവിധ ഭാഗങ്ങളിൽ റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയാണ്.

പൊയിലൂർ കുഴിക്കലിൽ നിന്നും പാത്തിക്കൽ വാഴമല ഭാഗത്തേക്ക് പോകുന്ന റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വടക്കേ പൊയിലൂർ വട്ടത്ത് ബാലന്റെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. ബാലനെയും കുടുംബത്തെയും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. പാറയുള്ളപറമ്പിന് സമീപം കല്ലറപ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പാറയുള്ളപറമ്പ്-മടപ്പുര റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ വയലുകളിൽ വെള്ളം കുത്തിയൊഴുകുന്ന സ്ഥിതിയാണ്. പൊയിലൂർ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം സൂപ്പിയുടെ പറമ്പിന് ചുറ്റും കെട്ടിയ മതിൽ പൂർണമായും തകർന്നു. പാറയുളളപറമ്പത്ത് കാണിയംവെള്ളി രാജുവിന്റെ വീട്ടുമതിൽ തകർന്നു. കോത്രച്ചാലിലെ ഒറ്റപ്പിലാവുള്ളതിൽ നാണു, അമ്പലങ്കോട്ട് നാണു, കോത്രച്ചാലിൽ കുഞ്ഞിരാമൻ, പാറായി പ്രിയ എന്നിവരുടെ വീടുകൾ വെളളക്കെട്ടിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com