ADVERTISEMENT

ഇരിട്ടി∙ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിന്റെ ആശ്വാസത്തിൽ മലയോരം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയിൽ മുൻകരുതൽ എന്ന നിലയിൽ ഇരിട്ടി ബ്ലോക്ക് പരിധിയിൽ 59 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാംപ് കൂടി തുറന്നു. നേരത്തേ ആറളം പഞ്ചായത്തിലെ മാങ്ങോട് നിർമല എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നിരുന്നു.കരിക്കോട്ടക്കരി ക്യാംപിൽ എടപ്പുഴ മേഖലയിൽ നിന്നുള്ള 19 കുടുംബങ്ങളിലെ 36 സ്ത്രീകളും 38 പുരുഷന്മാരും 9 കുട്ടികളുമാണുള്ളത്.

മാങ്ങോട് നിർമല എൽപി സ്കൂൾ ക്യാംപിൽ 40 കുടുംബങ്ങളിലെ 48 സ്ത്രീകളും 62 പുരുഷന്മാരും 15 കുട്ടികളും. ബുധനാഴ്ച ചതിരൂർ 110 നഗറിലെ 11 ആദിവാസി കുടുംബങ്ങൾക്ക് വേണ്ടിയാണു ക്യാംപ് തുടങ്ങിയതെങ്കിലും പിന്നീട് 29 കുടുംബങ്ങളെ കൂടി ക്യാംപിലേക്ക് മാറ്റി. കരിക്കോട്ടക്കരിയിൽ അയ്യൻകുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഭക്ഷണം, താമസ സൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

കരിക്കോട്ടക്കരി, മാങ്ങോട് ക്യാംപുകളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, സ്ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, അംഗങ്ങളായ സജി മച്ചിത്താന്നി, എൽസമ്മ ചേന്നംകുളം, ലിസി ജോസഫ്, ജോസഫ് വട്ടുകുളം, മിനി വിശ്വനാഥൻ, സിബി വാഴക്കാല, ഷൈനി വർഗീസ്, സെലീന ബിജോയി, ബിജോയ് പ്ലാത്തോട്ടം,

ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, വൈസ് പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷൻ ഇ.സി.രാജു, അംഗം ജോർജ് ആലാംപള്ളി, ഐടിഡിപി ഉദ്യോഗസ്ഥർ, ഡപ്യൂട്ടി തഹസിൽദാർ ടി.വി.ഷൈജ, സുധീഷ്, സനീഷ്, വിഷ്ണു, ബിജു ജോൺ, കരിക്കോട്ടക്കരി വില്ലേജ് ഓഫിസർ രാജു.കെ.പരമേശ്വരൻ, മനോജ്.എം.കണ്ടതിൽ, കെ.ടി.ജോസ്, എൻ.പി.ജോസഫ്, കെ.വി.സക്കീർ ഹുസൈൻ, കെ.ശ്രീധരൻ, പി.പി.അശോകൻ, കെ.ജെ.സജീവൻ എന്നിവർ സന്ദർശിച്ചു.

കൂടുതൽ മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് മാടത്തിൽ പള്ളിക്കു പിറകുവശത്തെ കുഞ്ഞിപ്പറമ്പത്ത് സുഹറയുടെ കുടുംബത്തെ  പായം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു. കല്ലുമുട്ടിയിൽ കിഴക്കേ കുഴിപ്പള്ളി ജിതിഷിന്റെ കുടുംബവും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് വീട് വിട്ടു ബന്ധു വീട്ടിലേക്കു താമസം മാറ്റി. വീടിനു പിറകുവശത്തെ കുന്ന് ഇടിഞ്ഞ് വീടിന്റെ ചുമരിനു മുകളിലേക്ക് പതിക്കുകയായിരുന്നു.

വീർപ്പാട് - ആറളം റോഡിൽ കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സന്നദ്ധ പ്രവർത്തകർ മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ഉമ്മിക്കുഴിയിൽ, അബ്ദുൽ നാസർ, ആറളം വില്ലേജ് ഓഫിസർ ജോൺ, ചെടിക്കുളം പള്ളി വികാരി ഫാ. പോൾ കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

∙ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു. കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് പി.എ.നസീർ, മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, ജോർജ് ആലാംപള്ളി, റെയ്ഹാനത്ത് സുബി, ജെയ്സൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.

∙ കരിക്കോട്ടക്കരി, മാങ്ങോട് ദുരിതാശ്വാസ ക്യാംപുകളിൽ സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.ജോസ്, ജില്ലാ നിർവാഹക സമിതി അംഗം വി.ഷാജി, പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, കെ.ആർ.ലിജുമോൻ, കെ.പി.ബാബു, എൻ.പി.ജോസഫ്, പി.ഡി.ജോസ്, കെ.ബി.ഉത്തമൻ എന്നിവർ സന്ദർശിച്ചു.

∙ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ വെളിയമ്പ്ര, പെരിയത്തിൽ, കളറോഡ്, 19 –ാം മൈൽ പ്രദേശങ്ങളിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി, നിയോജകമണ്ഡലം പ്രസിഡന്റ് എം.എം.മജീദ്, ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, ഇരിട്ടി നഗരസഭാ കൗൺസിലർമാരായ പി.കെ.ബൽക്കീസ്, സമീർ പുന്നാട്, വി.പി.അബ്ദുൽ റഷീദ്, പി.ബഷീർ, എം.കെ.നജ്മുന്നിസ, സാജിദ ചൂര്യോട്, വി.ശശി, എം.ഇബ്രാഹിം, ഇ.കെ.അബ്ദുറഹിമാൻ എന്നിവർ സന്ദർശിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂരിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പരിപ്പുതോട് തോടിന് നാട്ടുകാരുടെ പാലം 
കീഴ്പ്പള്ളി പരിപ്പുതോട് തോടിനു കുറുകെ നാട്ടുകാർ താൽക്കാലിക പാലം നിർമിച്ചു. പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കടന്നുപോകാൻ നിർമിച്ച താൽക്കാലിക പാലം കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ തകർന്നിരുന്നു. ഇതോടെ വിയറ്റ്നാം, കംപോഡിയ പ്രദേശങ്ങളെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. തെങ്ങുകൾ കൊണ്ടുവന്നാണു താൽക്കാലിക പാലം 
പണിതിട്ടുള്ളത്.

കിണർ ഇടിഞ്ഞുതാഴ്ന്നു
കുയിലൂർ ചീരങ്ങോട്ട് നിർമലയുടെ വീടിന്റെ  കിണർ ഇടിഞ്ഞു താഴ്ന്നു.  കീഴൂർ വിയുപി സ്കൂൾ റിട്ട. അധ്യാപിക എം.കെ. ജാനകിയുടെ എടക്കാനം എടയിൽക്കുന്നിൽ നിർമിക്കുന്ന വീടിന്റെ പിറകുവശത്തുള്ള കൂറ്റൻ മതിൽ പിന്നിലെ കുന്ന് ഇടിഞ്ഞതിനെ തുടർന്ന് തകർന്നു. വീടിനോടു ചേർന്ന കിണറിന് മുകളിലേക്കു മതിൽ വീണതോടെ കിണറും ഇടിഞ്ഞു താഴ്ന്നു. നിർമാണത്തിലിരിക്കുന്ന വീടും അപകടാവസ്ഥയിലായി.

വീട് തകർന്നു
ഉരുവച്ചാൽ ∙ കനത്ത മഴയെ തുടർന്നു നീർവേലിയിൽ പരപ്പിൽ സാവിത്രിയുടെ വീട് തകർന്നു. പ്രദേശം വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് വീട്ടുകാർ വീട് മാറി പോയതിനാൽ ആളപായമില്ല. മെരുവമ്പായി പുഴ കരകവിഞ്ഞ് ഒഴുകി നീർവേലി പ്രദേശം ആകെ വെള്ളത്തിൽ മുങ്ങി വൻ നാശനഷ്ടം ഉണ്ടായി. ഇന്നലെ രാവിലെയോടെ വെള്ളം താഴ്ന്ന് വാഹന ഗതാഗതം സാധാരണ നിലയിലായി. റോഡ് നിറയെ ചെളിമണ്ണും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടിയവ നാട്ടുകാരും  ഫയർ ഫോഴ്സും ചേർന്ന് ശുചീകരണം നടത്തി.

പലചരക്ക് കടകൾ ഉൾപ്പെടെ വ്യാപാര വ്യാപര സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവ നശിച്ചു. വീട്ടുപകരണങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി. ഫ്രിജ്, വാഷിങ് മെഷീൻ, ഇൻവെർട്ടർ തുടങ്ങിയവ നശിച്ചു. വീടുകളിലെ അത്യാവശ്യ സാധനങ്ങൾ മുഴുവനായും നശിച്ചു. വീടുകളിൽ മണ്ണും മാലിന്യങ്ങളും മഴവെള്ളത്തിൽ ഒഴുകി എത്തി.

സന്നദ്ധ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും ശുചീകരണം നടത്തി. 60 വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. നീർവേലി മേഖലയിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടില്ല. ചില സ്ഥലങ്ങളിൽ വൈദ്യതി ലൈനുകൾ തകർന്ന്  വെള്ളത്തിൽ കിടക്കുകയാണ്. കെഎസ്ഇബി ജീവനക്കാർ ലൈനിലെ തകരാർ പരിഹരിക്കുകയാണ്. 

വെള്ളം കയറി 5 കുടുംബം ഒറ്റപ്പെട്ടു
ചാലോട് ∙ തോട്ടിൽ നിന്ന് വെള്ളം കയറി കീഴല്ലൂർ പഞ്ചായത്തിലെ വളയാൽ മാപ്പളയാർ കുന്നിന് താഴെ വെള്ളം കയറിയതിനെ തുടർന്ന് 5 കുടുംബം ഒറ്റപ്പെട്ടു. ഒരു വീട് പൂർണമായും തകർന്നു. ആളുകളെ പഞ്ചായത്തിന്റെ പുനരധിവാസ മേഖലയിലേക്ക് മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഒരാൾ പൊക്കത്തിൽ വീടുകളിൽ വെള്ളം കയറി. വളയിൽ വളപ്പ് കുമാരന്റെ വീടാണ് തകർന്ന് വീണത്. പ്രധാനപ്പെട്ട രേഖകൾ അടക്കം വിലപിടിപ്പുള്ള പല സാധനങ്ങളും വീടിനുള്ളിലായിരുന്നു. സമീപത്തെ പ്രജീഷിന്റെ വീടിന് വിള്ളൽ വീഴുകയും ചെയ്തു. 

ചാലോട്∙ കീഴല്ലൂർ ചെക്ക് ഡാമും തോടും കര കവിഞ്ഞ് വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരിൽ ചിലർ തിരികെ വീടുകളിലേക്ക് മടങ്ങി. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലുള്ള വീടുകളാണ് ശുചീകരിച്ചത്. വൃത്തിയാക്കാൻ ആവശ്യമായ സാധനങ്ങൾ പഞ്ചായത്ത് നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വീടുകളും ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു. വെള്ളം ഇറങ്ങാത്ത വീടുകളിലെ ആളുകൾ ക്യാംപിൽ തുടരും. കീഴല്ലൂർ അണക്കെട്ട് കര കവിഞ്ഞൊഴുകി പ്രദേശത്തെ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com