മലയോരത്ത് കരയിടിച്ചിൽ രൂക്ഷം; ഏറ്റവും കൂടുതൽ പ്രശ്നം തടിക്കടവ് പുഴയിൽ
Mail This Article
ചപ്പാരപ്പടവ്∙ മഴ തീവ്രമായതോടെ മലയോരത്ത് കരയിടിച്ചിൽ രൂക്ഷമായി. കുപ്പം പുഴയുടെ ഭാഗമായ തടിക്കടവ് പുഴയിലാണ് കരയിടിച്ചിൽ ഏറ്റവും കൂടുതൽ. ആലക്കോട്, കരുവഞ്ചാൽ പുഴ തടിക്കടവ് പുഴയുമായി ചേരുന്ന ഓടക്കടവ് ഭാഗത്താണ് വൻതോതിൽ കരയിടിയുന്നത്. നേരത്തെ ഇതിനു സമീപത്ത് കരയിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് പുഴയോരത്ത് സംരക്ഷണഭിത്തി നിർമിച്ചിരുന്നു.കമ്പിപ്പാലം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് കരിങ്കല്ലു കൊണ്ട് നിർമിച്ച സംരക്ഷണഭിത്തിയുള്ളത്.
ആ ഭാഗം സുരക്ഷിതമായപ്പോഴാണ് അതിനു സമീപത്തായി കരയിടിച്ചിൽ തുടങ്ങിയത്. 2018 ലെ പ്രളയത്തിനു ശേഷമുള്ള ഓരോ വർഷവും കരയിടിച്ചിൽ വർധിച്ചുവരികയാണ്. ഇപ്പോൾ കൃഷിയിടങ്ങളിലേക്കും കരയിടിച്ചിൽ വ്യാപിച്ചു. നേരത്തെ ഇവിടെയുണ്ടായിരുന്ന ഒട്ടേറെ റബറും കമുകും നശിച്ചിരുന്നു. ഇവിടെയും സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീടിനു സമീപം മണ്ണിടിഞ്ഞു
തളിപ്പറമ്പ്∙ മഴയിൽ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവ് നണിച്ചേരിയിൽ രുഗ്മിണിയുടെ വീടിനു പിറകിൽ മണ്ണിടിഞ്ഞു. വീട്ടിലുള്ളവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ റവന്യു അധികൃതർ നിർദേശം നൽകി. തളിയിൽ കണ്ടൻ പവിത്രന്റെ വീടിനും കിണറിന്റെയും സമീപം മണ്ണിടിഞ്ഞു.
വീട് അപകടാവസ്ഥയിലായിട്ടുണ്ട്. ഇന്നലെ രാവിലെ പിൻവാങ്ങിയ മഴ വൈകിട്ടോടെ വീണ്ടും ശക്തമായതോടെ ജനങ്ങൾ ആശങ്കയിലാണ്.തളിപ്പറമ്പ് താലൂക്കിൽ ചെങ്ങളായി യുപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപ് തുടരുന്നുണ്ട്.11 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതേ സമയം പറശ്ശിനിക്കടവ് പുഴയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.