നാലു ഭാഗവും വെള്ളം; ഒറ്റപ്പെട്ട് കൊവ്വപ്രം: ഇവിടെ താമസിക്കുന്നത് 60 കുടുംബങ്ങൾ
Mail This Article
ശ്രീകണ്ഠപുരം∙ ചെങ്ങളായി ടൗണിനോട് ചേർന്ന പ്രദേശമായ കൊവ്വപ്രം എല്ലാ മഴക്കാലത്തും ഒറ്റപ്പെടുന്നു. അറുപതിനടുത്ത് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴ പെയ്ത് പുഴയിൽ വെള്ളം കയറിയാൽ തുരുത്ത് പോലുള്ള ഈ പ്രദേശത്തിന് ചുറ്റും വെള്ളമെത്തും. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുക മാത്രമാണ് പിന്നെ പരിഹാരം. ഇക്കുറിയും ചെങ്ങളായി വയലിൽ വെള്ളം കയറിയപ്പോൾ ഇവർക്ക് വീടുകൾ വിട്ടു പോകേണ്ടി വന്നു. ഭൂരിഭാഗവും മാറിയത് ബന്ധു വീടുകളിലേക്കാണ്.
അപൂർവം ചിലർ ചെങ്ങളായി എംഎൽപി സ്കൂളിലെ ക്യാംപിലേക്ക് പോയി. പ്രദേശത്തിന് ചുറ്റും വെള്ളമായത് കൊണ്ട് പോയവർ കഴിഞ്ഞ ദിവസവും തിരിച്ചെത്തിയിട്ടില്ല. ഇനി വെള്ളം ഇറങ്ങിയാലേ വീടുകളിലേക്ക് എത്താൻ കഴിയൂ. ചെങ്ങളായി തവറൂൽ റോഡിൽ നിന്ന് കൊവ്വപ്രത്തേക്ക് റോഡുണ്ട്. ഈ റോഡ് വയലിന് സമാനമായി പണിതതാണ്.ടാർ ചെയ്തിട്ടുണ്ട്.
വയലിൽ വെള്ളം കയറിയാൽ റോഡ് മുങ്ങും എന്നതാണ് ഇവിടുത്തെ വലിയ പ്രശ്നം. ഈ റോഡ് നിലവിലെ ചെങ്ങളായി തവറൂൽ റോഡിന് സമാന്തരമായി ഉയർത്തിയാൽ ഈ പ്രദേശം ഇതു പോലെ ഒറ്റപ്പെടില്ല. ചെങ്ങളായി പഞ്ചായത്താണ് ഇതിനായി ഫണ്ട് നൽകേണ്ടത്. കൊവ്വപ്രത്തേക്കുള്ള റോഡിന്റെ മധ്യഭാഗം ഉയർത്തിയാൽ വലിയ പ്രളയം ഇല്ലാത്ത സമയത്ത് പ്രദേശത്തുകാർക്ക് വീടിന് പുറത്തിറങ്ങി ചെങ്ങളായി ടൗണിൽ എത്താൻ കഴിയും.