അവസാന ബസ് രാത്രി വഴിയിൽ കുടുങ്ങി; പകരം ബസ് വന്നത് 2 മണിക്കൂർ കഴിഞ്ഞ്

Mail This Article
ചെറുപുഴ∙ പയ്യന്നൂർ ഭാഗത്തേക്കുള്ള അവസാന ബസ് പാതിവഴിയിൽ കേടായതോടെ യാത്രക്കാർ പെരുവഴിയിലായി. ചെറുപുഴയിൽ നിന്നു രാത്രി 7.30 ന് പയ്യന്നൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണു മച്ചിയിൽ കയറ്റത്തിൽ കേടായത്. ബുധനാഴ്ച രാത്രിയിലാണു സംഭവം. ഇതോടെ പയ്യന്നൂർ ഭാഗത്തേക്ക് പോകാൻ ടിക്കറ്റെടുത്ത യാത്രക്കാർ 2 മണിക്കൂറോളം വഴിയിൽ കുടുങ്ങി.
ഈ ബസിനു പിന്നാലെ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ഏറെ നാളുകളായി സർവീസ് നിർത്തുന്നില്ല. ജീവനക്കാർ പയ്യന്നൂർ ഡിപ്പോയിൽ ബന്ധപ്പെട്ടപ്പോൾ, യാത്രക്കാർക്ക് പണം തിരികെ നൽകാനായിരുന്നു നിർദ്ദേശം.എന്നാൽ യാത്രക്കാർ പണം തിരികെ വാങ്ങാൻ തയ്യാറായില്ല. ഇതേത്തുടർന്നാണു പയ്യന്നൂർ ഡിപ്പോയിൽ നിന്നു പകരം ബസ് അയയ്ക്കാൻ തയാറായത്.
ഒടുവിൽ 2 മണിക്കൂറിനു ശേഷം മറ്റൊരു ബസ് എത്തിയാണു യാത്രക്കാരെ പയ്യന്നൂരിലേക്ക് കൊണ്ടുപോയത്.ഇതിനിടെ കനത്ത മഴയിൽ വഴിയിൽ കുടുങ്ങിയ യാത്രക്കാരിൽ ചിലർ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി അവരുടെ വാഹനങ്ങളിൽ പയ്യന്നൂരിലേക്ക് പോയി. ഒടുവിൽ പ്രായമായവർ ഉൾപ്പെടെ 7 യാത്രക്കാരുമായി പകരം വന്ന ബസ് പയ്യന്നൂരിലേക്ക് പുറപ്പെട്ടു.ബാക്കി യാത്രക്കാരെല്ലാം ഇതിനകം മറ്റു വാഹനങ്ങളിൽ പോയി. രാത്രി സർവീസ് നിർത്തിയ സ്വകാര്യ ബസിനു പകരം പയ്യന്നൂരിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.