ADVERTISEMENT

ഇരിട്ടി∙ 7 മാസമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാച്ചർമാരുടെ ഏക സംഘടനയായ ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിനു മുന്നിൽ സൂചനാ പണിമുടക്ക് നടത്തിയത് ഇന്നലെയാണ്. ശമ്പളം ഇനിയും ലഭിച്ചില്ലെങ്കിൽ വാച്ചർമാർ 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങും.26 തൊഴിൽ ദിനങ്ങൾ വാച്ചർമാർക്ക് നൽകണമെന്നാണു നിർദേശമെങ്കിലും അതു പാലിക്കപ്പെടുന്നില്ല. ഇതു ശമ്പളത്തിൽ ഗണ്യമായ കുറവു വരുത്തുന്നുണ്ട്. ‌

കേന്ദ്ര–സംസ്ഥാന വിഹിതങ്ങളായി 30 ഓളം ഹെഡുകളിൽ നിന്നാണ് വാച്ചർമാർക്കു വേതനം നൽകാനുള്ള തുക വനം വകുപ്പിനു ലഭിക്കുന്നത്. കേന്ദ്ര ഫണ്ടുകളായ എംആർഎംഎ (മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണം), ജിഐഎം (ഹരിത ഭാരത ദൗത്യം), സിഎഎംപിഎ (പരിഹാര വനവൽക്കരണ പദ്ധതി), പിഇ (ആനപരിപാലന പദ്ധതി) എന്നിവയടക്കമുള്ള വിവിധ ഫണ്ടുകൾ മുടങ്ങിക്കിടക്കുകയാണ്.എഫ്പി (വനം സംരക്ഷണം), എൻഡബ്ല്യുഎഫ്പി (വനവിഭവങ്ങളുടെ പരിപാലനം), ആർഡിഎഫ് (നാശോന്മുഖ വനങ്ങളുടെ പുന:സ്ഥാപനം) എന്നീ ഹെഡ്ഡുകളിൽ ഉള്ള ഫണ്ടുകൾ മാത്രമാണു ലഭിച്ചത്. ഇതനുസരിച്ചാണ് ചിലർക്ക് 1 മാസത്തെ വേതനം ഇടയ്ക്കു നൽകിയത്. 

ബൂട്ട്, ടോർച്ച്,യൂണിഫോം ഇല്ല
വനം വാച്ചർമാർക്ക് ജോലി മേഖലയിൽ ആവശ്യമായ ടോർച്ച്, ബൂട്ട്, യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവയും ലഭിക്കുന്നില്ല. ഇൻഷുറൻസ് ആനുകൂല്യങ്ങളുമില്ല. ഇവയെല്ലാം അനുവദിക്കാമെന്ന് യൂണിയനുമായി അധികൃതർ ഒരു വർഷം മുൻപ് കരാർ ഉണ്ടാക്കിയിട്ടുള്ളതാണെങ്കിലും നടപ്പാക്കിയിട്ടില്ല. 2 വർഷം മുൻപ് വരെ ഈ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നതാണ്. 

ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ സോളർ വൈദ്യുതി വേലി നന്നാക്കുന്ന വനം വാച്ചർമാർ
ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ സോളർ വൈദ്യുതി വേലി നന്നാക്കുന്ന വനം വാച്ചർമാർ

വിഷപ്പാമ്പുകളെ പിടിക്കാനെത്തുന്ന ഫൈസലിനും ശമ്പളമില്ല
വനം വകുപ്പ് വാച്ചറായ ഫൈസൽ വിളക്കോട് പാമ്പ് പിടുത്തക്കാരൻ എന്ന പേരിൽ പ്രശസ്തനാണ്. രാപകൽ വ്യത്യാസമില്ലാതെ ആരു വിളിച്ചാലും പാഞ്ഞെത്തുന്ന ഈ യുവാവ് കൊടുംവിഷമുള്ള രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകളെ പിടികൂടിയാണു നാട്ടുകാർക്ക് ആശ്വാസമാകുന്നത്. എന്നാൽ, 6 മാസമായി കടം വാങ്ങിയും മറ്റുമാണ് തന്റെ ഇരുചക്ര വാഹനത്തിന് ഫൈസൽ പെട്രോൾ അടിക്കുന്നതും മറ്റുള്ളവരെ സഹായിക്കാനെത്തുന്നതും. മാർക്ക് പ്രവർത്തകൻ കൂടിയായ ഫൈസൽ വിളക്കോടും സംഘവും ചേർന്ന് ഇതുവരെ പിടികൂടിയത് 2200 വിഷപ്പാമ്പുകളെയാണ്.

ഇതിൽ 55 എണ്ണം രാജവെമ്പാലകളാണ്. രണ്ടര വർഷമായി വനം വകുപ്പുമായി ചേർന്നു പ്രവർത്തിക്കുന്ന ഫൈസലും സംഘവും മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി വിളിപ്പുറത്തുണ്ട്.  ശമ്പളം മുടങ്ങിയ കഴിഞ്ഞ 6 മാസത്തിനിടെ തന്നെ 30 രാജവെമ്പാലകൾ ഉൾപ്പെടെ 600 ഓളം പാമ്പുകളെ ഫൈസൽ പിടികൂടി. പല തവണ അപകടകരമായ സാഹചര്യങ്ങളും ഫൈസലിന് നേരിടേണ്ടി വന്നിട്ടുണ്ട്. പാമ്പുകളെ പിടികൂടി ഉൾവനത്തിൽ തുറന്നുവിടുകയാണു ചെയ്യുന്നത്.

വാച്ചർമാർ ആറളം, കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് വനം മേഖലകളിൽ
ജില്ലയിൽ കണ്ണൂർ വനം ഡിവിഷനിൽ കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് റേഞ്ചുകളിലായി 62 വാച്ചർമാരും ആറളം വന്യജീവി സങ്കേതം പരിധിയിൽ 35 വാച്ചർമാരുമാണു ജോലി ചെയ്യുന്നത്.  കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആറളം ഫാമിൽ ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്നവർ കൂടിയാണ് വാച്ചർമാർ. ഡ്രൈവർ ജോലി മുതൽ വനം വകുപ്പിലെ ഓഫിസ് പ്രവർത്തനങ്ങളിൽ സഹായിക്കാൻ വരെ വാച്ചർമാരെ ഉപയോഗപ്പെടുത്തുന്നുണ്ട്. നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുക, നായാട്ട് തടയുക, കാട്ടുതീ തടയുക, വനം കയ്യേറ്റം തടയുക, വനം കൊള്ള നടക്കാതെ നോക്കുക എന്നിവയെല്ലാം വാച്ചർമാരുടെ ജോലിയുടെ ഭാഗമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com