ADVERTISEMENT

കണ്ണൂർ∙ ആരോഗ്യംവിട്ടൊരു കളി കണ്ണൂരിനില്ല. ആശുപത്രികളിലെ ശുചിത്വത്തിനായാലും മാലിന്യ പരിപാലനത്തിനായാലും രോഗീപരിചരണം പോലെ പ്രാധാന്യം നൽകുന്നുണ്ട് സർക്കാർ ആശുപത്രികൾ. അതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ 8 കായകൽപ് അവാർഡുകൾ ജില്ലയെ തേടിയെത്തിയത്. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പഴയങ്ങാടി താലൂക്ക് ആശുപത്രി, പൊറോറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, കതിരൂർ കുടുംബാരോഗ്യ കേന്ദ്രം, പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം, വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, മുള്ളൂൽ ജനകീയ ആരോഗ്യകേന്ദ്രം, വേങ്ങാട് ജനകീയ ആരോഗ്യകേന്ദ്രം എന്നിവയ്ക്കാണു പുരസ്കാരം ലഭിച്ചത്. 

സർക്കാർ ആശുപത്രിയിലും ഫിസിയോതെറപ്പി 
കതിരൂർ∙ മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇല്ലാത്ത ഫിസിയോതെറപ്പി, ഡെന്റൽ ഒപി എന്നിവ കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രത്യേകതയാണ്. ആധുനിക ലാബ് സംവിധാനവും വൈകുന്നേരം വരെയുള്ള ഒപിയും കേന്ദ്രത്തിലുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും ആഴ്ചയിൽ ഒരുദിവസം പ്രത്യേക പരിശോധനയും പുറമേ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭിക്കും.1972 ൽ ആണ് കതിരൂരിൽ ആരോഗ്യകേന്ദ്രം സ്ഥാപിതമായത്. കേന്ദ്രത്തിനു കീഴിൽ ചുണ്ടങ്ങാപ്പൊയിൽ, പുല്യോട്, മലാൽ കുണ്ടുചിറ എന്നീ സബ്സെന്ററുകളും 30 ആശാ വർക്കർമാരും 24 ഹരിതകർമസേനാംഗങ്ങളുമുണ്ട്. ബോട്ടിൽ ബൂത്തുകളും റീ കംപോസ്റ്റിങ് യൂണിറ്റുകളും മാലിന്യ സംസ്കരണത്തിനുണ്ട്.സ്ഥാപന പരിപാലനത്തോടൊപ്പം വാർഡുതല സാനിറ്ററി കമ്മിറ്റിയുടെ പ്രവർത്തനവും ശ്രദ്ധേയമായി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, രോഗികളുമായുള്ള ഇടപെ‌ടലുകൾ, രോഗീപരിചരണം എന്നിവയിലും നേട്ടം കൈവരിച്ചു.  

അതിഥിത്തൊഴിലാളികൾക്ക് പ്രത്യേകം വാർഡ് 
പഴയങ്ങാടി∙ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക വാർഡ് ഒരുക്കിയിട്ടുള്ള സംസ്ഥാനത്തെ ഏക സർക്കാർ ആശുപത്രി പഴയങ്ങാടി താലൂക്കാശുപത്രിയാണ്. പിഎം കെയർ ഫണ്ടിൽ ഉൾപ്പെടുത്തി 97 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഈ വാർഡിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും 20 കിടക്കകളുണ്ട്. ഇതോടൊപ്പം നഴ്സിങ് റൂം, ഡോക്ടേഴ്സ് റൂം, ഫാർമസി സ്റ്റോർ, ഭിന്നശേഷി വിഭാഗത്തിനുൾപ്പെടെ ശുചിമുറി സൗകര്യവും ഉണ്ട്.  9 കോടി രൂപ ചെലവിൽ നിർമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ദിവസേന അഞ്ഞൂറിലധികം പേർ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. 12 ഡോക്ടർമാരുണ്ട്.

പഴയങ്ങാടി താലൂക്കാശുപത്രി
പഴയങ്ങാടി താലൂക്കാശുപത്രി

വീട്ടിൽനിന്ന് ബുക് ചെയ്യാം ഡോക്ടറെ
പറശ്ശിനിക്കടവ്∙ ഒരു ഫോൺകോളിനപ്പുറത്തുണ്ട് മാങ്ങാട്ടുപറമ്പ് ഇ.കെ.നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി. 04972780280 നമ്പറിൽ ബുക് ചെയ്ത് ആശുപത്രിയിലെത്തിയാൽ ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ് ഒഴിവാക്കാം. വീടുകളിൽനിന്ന് ടോക്കൺ ബുക്ക് ചെയ്യാനുള്ള ഇ ഹെൽത്ത് സംവിധാനമുള്ള അപൂർവം സർക്കാർ ആശുപത്രിയാണിത്.സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലന കേന്ദ്രമായ ഇവിടെ മികച്ച സേവനങ്ങളാണ് ജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഒന്നുവരെ പ്രവർത്തിക്കുന്ന ഗൈനക്കോളജി വിഭാഗത്തിൽ 6 ഡോക്ടർമാരും 4 കുട്ടികളുടെ ഡോക്ടർമാരും ഉണ്ട്.

കാഷ്വൽറ്റിയിൽ 24 മണിക്കൂറുമായി 5 ഡോക്ടർമാരുണ്ടാകും. 24 മണിക്കൂർ മെഡിക്കൽ ലബോറട്ടറി, രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഫാർമസി എന്നിവയുമുണ്ട്.2009 ഫെബ്രുവരിയിൽ 25 കിടക്കകളോടെ പ്രവർത്തനം ആരംഭിച്ച ഇവിടെ ഇപ്പോൾ 100 കിടക്കകളുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവമുറി, പീഡിയാട്രിക് ഐസിയു, ന്യൂബോൺ കെയർ യൂണിറ്റ്, വന്ധ്യതാ നിവാരണ ചികിത്സാ യൂണിറ്റ് തുടങ്ങിയ വിവിധ വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.ജീവൻലാൽ പറഞ്ഞു.  

ആശങ്ക വേണ്ട; ഇവിടെ വൈകിട്ടും ഡോക്ടറുണ്ട്
വേങ്ങാട്∙ ഉച്ചവരെ മാത്രം ഡോക്ടർമാർ ഉണ്ടായിരുന്ന വണ്ണാന്റെമെട്ടയിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി കൂടി നടപ്പാക്കിയതോടെ വേങ്ങാട്ടുള്ളവർക്ക് ഏറെ ആശ്വാസം. വൈകിട്ട് 6വരെ ഡോക്ടറുടെയും ഫാർമസിയുടെയും മറ്റും സേവനം ലഭിക്കും.1.15 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ കെട്ടിട നിർമാണത്തിനുള്ള പ്രവൃത്തി ഇവിടെ ആരംഭിച്ചു കഴിഞ്ഞു.ഈ വർഷം ഫാർമസിയുടെ വികസനത്തിനായി 2 ലക്ഷം രൂപ സർക്കാർ പദ്ധതിയിൽ ലഭ്യമാക്കി.എൻഎച്ച്എം ഫണ്ട് വഴിയും  ജനങ്ങൾക്ക് സൗകര്യപ്രദമായി മരുന്ന് വാങ്ങാനുള്ള സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ലാബ് സൗകര്യം ഒരുക്കി നാലഞ്ച് മാസം മുൻപാണ് വി.ശിവദാസൻ എംപി ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

വേങ്ങാട് കുടുംബാരോഗ്യ കേന്ദ്രം
വേങ്ങാട് കുടുംബാരോഗ്യ കേന്ദ്രം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com